![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/15c_green_mosque.jpg/640px-15c_green_mosque.jpg&w=640&q=50)
ബൽഖ്
അഫ്ഗാനനിലെ ബൽഖിന് അടുത്തുള്ള പട്ടണം / From Wikipedia, the free encyclopedia
വടക്കൻ അഫ്ഗാനിസ്താനിലെ വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഒരു പുരാതനനഗരമാണ് ബൽഖ് (പേർഷ്യൻ: بلخ - ബൽഖ്, പുരാതന പേർഷ്യൻ: 𐎲𐎾𐎧; പുരാതന ഗ്രീക്ക്: Baktra). നഗരങ്ങളുടെ അമ്മ എന്നാണ് ഈ നഗരം അറിയപ്പെടുന്നത്.[1] ബാക്ട്ര എന്നും അറിയപ്പെട്ടിരുന്ന ഇത് പുരാതന ബാക്ട്രിയയിലേയും, മദ്ധ്യകാലത്തെ ഖുറാസാനിലേയും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. പണ്ട് ചൈനയിൽ നിന്നും പടിഞ്ഞാറോട്ടുള്ള പട്ടുപാതയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു ബൽഖ്.[1]
ബൽഖ് بلخ | |
---|---|
![]() ബൽഖിലെ പച്ച മസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് സബ്സിന്റെ അവശിഷ്ടം. | |
രാജ്യം | ![]() |
പ്രവിശ്യ | ബൽഖ് പ്രവിശ്യ |
ജില്ല | ബൽഖ് ജില്ല |
ഉയരം | 1,198 അടി (365 മീ) |
സമയമേഖല | + 4.30 |
അഫ്ഗാനിസ്ഥാനിലെ ബൽഖ് എന്ന പേരിൽത്തന്നെയുള്ള പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഇത് ഇന്ന് താരതമ്യേന ചെറിയ ഒരു പട്ടണമാണ്. പ്രവിശ്യയുടെ ആസ്ഥാനമായ മസാർ-ഇ ഷറീഫിന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബൽഖ്, അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയായ അമു ദര്യ നദിക്ക് 74 കിലോമീറ്റർ തെക്കുമാറിയാണ് നിലകൊള്ളുന്നത്.
ആദ്യകാല ഇറാനിയൻ ജനങ്ങളായിരിക്കണം ഈ നഗരം സ്ഥാപിച്ചത്. പിൽക്കാലത്ത് മദ്ധ്യേഷ്യയിൽ നിന്നും വന്ന വിവിധ ജനവിഭാഗങ്ങൾ ഇവിടെ അധിവസിച്ചു. തുർക്കിക് ഭാഷകൾ സംസാരിക്കുന്ന ഉസ്ബെക്കുകളാണ് ബൽഖിലെ ഇന്നത്തെ താമസക്കാർ. മസാർ-ഇ ശരീഫിൽ നിന്നും തുടങ്ങുന്ന ഒരു പാത, ബൽഖിലൂടെ കടന്ന് മുർഘാബ് നദിയേയും മുറിച്ച് കടന്ന് പടിഞ്ഞാറ് ഹരി നദീതടം വരെ എത്തുന്നുണ്ട്.[1]