From Wikipedia, the free encyclopedia
ഹെറാൾഡ് ദ്വീപ് (Russian: Остров Геральд, Ostrov Gerald)) റാങ്കൽ ദ്വീപിലെ വാരിംഗ് പോയിന്റിന് ഏകദേശം 70 കിലോമീറ്റർ (43 മൈൽ) കിഴക്കായി ചുക്ചി കടലിലെ ഒരു ഒറ്റപ്പെട്ട റഷ്യൻ ദ്വീപാണ്. കിഴുക്കാംതൂക്കായ പാറക്കൂട്ടങ്ങൾ ഉയർന്നുകിടക്കുന്നതിനാൽ കപ്പലിലൂടെയോ വിമാനത്തിലൂടെയോ ദീപിലേയ്ക്കുള്ള പ്രവേശനം അസാദ്ധ്യമാണ്. കടൽത്തീരത്ത് പ്രവേശിക്കാൻ കഴിയുന്ന ഒരേയൊരു ഭാഗമെന്നു പറയാവുന്നത് കിഴുക്കാംതൂക്കായ പാറക്കൂട്ടങ്ങൾ ഇളകി തകർന്ന് പാറകളുടെയും ചരലിന്റെയും ഒരു കൂമ്പാരങ്ങളായി കാണപ്പെടുന്ന വടക്കുപടിഞ്ഞാറൻ പോയിന്റാണ്. ആകെ 11.3 ചതുരശ്ര കിലോമീറ്റർ (4.36 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇതിന്റെ സമുദ്രനിരപ്പിന് മുകളിലുള്ള പരമാവധി ഉയരം 364 മീറ്ററായി (1,194 അടി) കണക്കാക്കിയിരിക്കുന്നു.
ഭരണപരമായി ഹെറാൾഡ് ദ്വീപ് റഷ്യൻ ഫെഡറേഷനിലെ ചുക്കോട്ട്ക ഓട്ടോണമസ് ഒക്രുഗിലുൾപ്പെട്ടിരിക്കുന്നു. റാങ്കൽ ദ്വീപിനൊപ്പം 1976 മുതൽ റഷ്യൻ ദേശീയോദ്യാനമായ റാങ്കൽ ദ്വീപ് വൈൽഡ്ലൈഫ് പ്രിസർവിന്റെ ഭാഗമാണിത്. ഹെറാൾഡ് ദ്വീപിലെ കേപ് ദിമിട്രേവ, ഈ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ കിഴക്കേയറ്റം അടയാളപ്പെടുത്തുന്നു. 1849 ൽ ഈ ദ്വീപ് കണ്ടെത്തിയ ഒരു സർവ്വേ കപ്പലായ HMS ഹെറാൾഡിന്റെ പേരിലാണ് ദ്വീപ് അറിയപ്പെടുന്നത്.
ഹെറാൾഡ് ദ്വീപിന്റെ കണ്ടെത്തലിലും പര്യവേഷണത്തിലും നിരവധി രാജ്യങ്ങളുടെ സഹകരണമുണ്ടായിട്ടുണ്ട്. സർ ജോൺ ഫ്രാങ്ക്ലിന്റെ അപ്രത്യക്ഷമായ ഒരു പര്യവേഷണത്തെ തിരഞ്ഞിരുന്ന സർവേ കപ്പലിന്റെ ക്യാപ്റ്റൻ സർ ഹെൻറി കെല്ലറ്റ് 1849 ൽ ആദ്യമായി ദ്വീപ് കണ്ടെത്തി. കെല്ലറ്റ് ഹെറാൾഡ് ദ്വീപിൽ കാലുകുത്തുകയും ദ്വീപിന് താൻ സഞ്ചരിച്ച കപ്പലിൻറെ പേര് നൽകുകയും ചെയ്തു. കുറച്ചു ദൂരത്തിലായി റാങ്കൽ ദ്വീപിനേയും അദ്ദേഹം നിരീക്ഷിച്ചു.
ഹെറാൾഡ് ദ്വീപിലെ അടുത്ത സന്ദർശകർ 1855 ൽ ലെഫ്റ്റനന്റ് ജോൺ റോജേഴ്സിന്റെ നേതൃത്വത്തിൽ USS വിൻസെന്നെസ് എന്ന കപ്പലിലെത്തിയ സംഘമായിരുന്നു. കടൽ മഞ്ഞുകട്ടകൾ മൂടിക്കിടന്നതിനാൽ അപ്രാപ്യമായിരുന്ന റാങ്കൽ ദ്വീപിലേയ്ക്കു പ്രവേശിക്കുവാനുള്ള ഒരു ശ്രമം നടത്തപ്പെട്ടു. ഹതഭാഗ്യരായ ജോർജ്ജ് ഡബ്ല്യു. ഡെലോങ്ങിന്റെ ആർട്ടിക് പര്യവേഷണ സംഘം റാങ്കൽ ദ്വീപിലെത്തി ഉത്തരധ്രുവത്തിനടുത്തേയ്ക്കുള്ള ജലപാത തുറക്കുമെന്ന പ്രതീക്ഷയിൽ 1879 ൽ USS ജീന്നെറ്റ് എന്ന കപ്പലിൽ ഹെറാൾഡ് ദ്വീപിനടുത്തുള്ള കടലിലെ മഞ്ഞു പാളികളിൽ പ്രവേശിച്ചു. ലാൻഡിംഗ് നടത്താനാവാതിരുന്ന കപ്പൽ ഒടുവിൽ തകർച്ചയെ അഭിമുഖീകരിക്കുന്നതുവരെ മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിക്കിടന്നു. 1881 ൽ, കാൽവിൻ എൽ. ഹൂപ്പറിനു കീഴിലുള്ള യുഎസ് റവന്യൂ കട്ടറായ കോർവിൻ USS ജീന്നെറ്റിലെ നാവികർ അവശേഷിപ്പിച്ചിരിക്കാവുന്ന അടയാള സന്ദേശങ്ങൾക്കും മറ്റ് സൂചനകൾക്കുമായി ഹെറാൾഡ് ദ്വീപിൽ തിരഞ്ഞു. സംഘത്തിലെ ജോൺ മുയിറിന്റെ പർവതാരോഹണ വൈദഗ്ധ്യത്തിന്റെ സഹായത്തോടെ അവർക്ക് ദ്വീപിന്റെ മുകളിൽ എത്തുന്നതിനും സമഗ്രമായ ഒരു തിരച്ചിൽ നടത്താനും ഭൂമിശാസ്ത്രപരവും ജീവശാസ്ത്രപരവുമായ നിരീക്ഷണങ്ങളോടൊപ്പം മാതൃകകൾ ശേഖരിക്കാനും കഴിഞ്ഞു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.