സെവിലിലെ ഇസിദോർ
From Wikipedia, the free encyclopedia
പൊതുവർഷം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂന്നു ദശാബ്ദക്കാലം സ്പെയിനിലെ സെവിൽ രൂപതയുടെ മെത്രാൻ പദവിയിലിരുന്ന സഭാപിതാവും പണ്ഡിതനുമായിരുന്നു സെവിലിലെ ഇസിദോർ (ജനനം: പൊതുവർഷം 560-നടുത്ത്; മരണം 4 ഏപ്രിൽ 636). പുരാതനകാലത്തെ വിജ്ഞാനകോശങ്ങളിൽ ഒന്നായ "നിരുക്തങ്ങൾ" (എറ്റിമോളജികൾ) എന്ന ബൃഹദ്സമാഹാരത്തിന്റെ സ്രഷ്ടാവായ അദ്ദേഹം, "പൗരാണികലോകത്തിലെ അവസാനത്തെ പണ്ഡിതൻ" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്ന ഹിസ്പാനിയയിലെ പിൽക്കാലചരിത്രങ്ങളൊക്കെ ആശ്രയിച്ചത് അദ്ദേഹത്തിന്റെ രചനകളെയാണ്.
- ഇസിദോർ എന്ന മറ്റൊരു വിശുദ്ധനെക്കുറിച്ചറിയാൻ, ദയവായി കർഷകനായ വിശുദ്ധ ഇസിദോർ കാണുക.
സെവിലിലെ വിശുദ്ധ ഇസിദോർ | |
---|---|
മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ | |
ജനനം | 560-നടുത്ത് കാർത്താജീന, സ്പെയിൻ |
മരണം | 4 ഏപ്രിൽ 636 സെവിൽ, സ്പെയിൻ |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ പൗരസ്ത്യ ഓർത്തഡോക്സ് സഭ |
നാമകരണം | 1598, റോം by ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | 4 ഏപ്രിൽ |
പ്രതീകം/ചിഹ്നം | തേനീച്ചകളാൽ ചുറ്റപ്പെട്ട് പേനയുംകൈയ്യിലേന്തി മെത്രാന്റെ വേഷത്തിൽ; തേനീച്ചക്കൂടിനു സമീപം നിൽക്കുന്ന മെത്രാൻ; പാദത്തിനു സമീപം ഒരു രാജകുമാരനൊപ്പം വൃദ്ധമെത്രാനായി; പേനയും പുസ്തകവുമായി മെത്രാന്റെയോ പുരോഹിതന്റെയോ വേഷത്തിൽ; വിശുദ്ധ ലിയാണ്ടറിനൊപ്പം; അദ്ദേഹത്തിന്റെ എറ്റിമോളജികൾ എന്ന വിജ്ഞാനകോശത്തിനൊപ്പം |
മദ്ധ്യസ്ഥം | ഇന്റർനെറ്റ്, കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ, കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, വിദ്യാർത്ഥികൾ |
പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്ന്, റോമിന്റെ തണലിൽ വളർന്ന പുരാതനസംസ്കാരത്തിന്റെ ശിഥിലീകരണത്തിനിടെയായിരുന്നു ഇസിദോറിന്റെ ജീവിതം. ആ യുഗപ്പകർച്ചയിൽ, ഉപരിവർഗ്ഗത്തിന്റെ അക്രമവാസനയുടേയും നിരക്ഷരതയുടേയും മദ്ധ്യത്തിൽ, സ്പെയിനിലെ ഭരണം കയ്യടിക്കിയിരുന്ന വിസിഗോത്തുകളെ, ക്രിസ്തീയതയുടെ ആരിയൻ ധാരയിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നതിൽ ഇസിദോർ മുഖ്യപങ്കു വഹിച്ചു. ഈ യത്നത്തിൽ, സെവിലിലെ രൂപതാധികാരിയുടെ പദവിയിൽ തന്റ് മുൻഗാമിയായിരുന്ന സഹോദരൻ ലിയാണ്ടറെ ആദ്യം സഹായിച്ചിരുന്ന ഇസിദോർ, സഹോദരന്റെ മരണശേഷം ആ യത്നം സ്വന്തം നിലയിൽ തുടർന്നു.
ഹിസ്പാനിയയിൽ വിസിഗോത്തു രാജാവായിരുന്ന സിസേബത്തിന്റെ സമീപവൃത്തങ്ങളിൽ, ഇസിദോറിനു വലിയ സ്വാധീനം ഉണ്ടായിരുന്നു. സഹോദരൻ ലിയാണ്ടറിനെപ്പോലെ ഇസിദോറും, ടോളെഡോയിലേയും സെവിലിലേയും സഭാസമ്മേളനങ്ങളിൽ നിർണ്ണായകമായ പങ്കു വഹിച്ചു.[2] ഈ സമ്മേളനങ്ങളിൽ രൂപപ്പെട്ട വിസിഗോത്തുകളുടെ നിയമസംഹിത, ജനപ്രാധിനിധ്യഭരണത്തിലേക്കുള്ള മുന്നേറ്റത്തിൽ നാഴികക്കല്ലായി എണ്ണപ്പെടുന്നു.