From Wikipedia, the free encyclopedia
ക്യൂബൻ വിപ്ലവത്തിന്റെ ഭാഗമായി ക്യൂബയിലെ നഗരമായ സാന്റാ ക്ലാര പിടിച്ചടക്കാൻ ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള വിമതസേന നടത്തിയ സൈനിക മുന്നേറ്റമാണ് സാന്റാ ക്ലാരാ യുദ്ധം. ബാറ്റിസ്റ്റയുടെ സൈന്യത്തെ പരാജയപ്പെടുത്തി 26ജൂലൈ മൂവ്മെന്റ് എന്ന വിമതസേന സാന്റാ ക്ലാരാ നഗരം പിടിച്ചടക്കി. ക്യൂബയിൽ ബാറ്റിസ്റ്റ ഭരണത്തിന്റെ അന്ത്യം കുറിച്ച വിപ്ലവപരമ്പരയുടെ കലാശം കൂടിയായിരുന്നു സാന്റാ ക്ലാരാ യുദ്ധം.[1] സൈനിക മൂന്നേറ്റം തുടങ്ങി 12 മണിക്കൂറിനുള്ളിൽ വിമതസേന സാന്റാ ക്ലാര കീഴടക്കിയെന്ന് 26ജൂലൈ മൂവ്മെന്റ് നേതാവ് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു.
സാന്റാ ക്ലാരാ യുദ്ധം | |||||||
---|---|---|---|---|---|---|---|
ക്യൂബൻ വിപ്ലവത്തിന്റെ ഭാഗം | |||||||
ചെ ഗുവേര, സാന്റാ ക്ലാര യുദ്ധത്തിനുശേഷം , ജനുവരി 1, 1959 | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
26ജൂലൈ മൂവ്മെന്റ് | ബാറ്റിസ്റ്റ സർക്കാർ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ചെ ഗുവേര റോളണ്ട ക്യുബേല റോബർട്ടോ റോഡ്രിഗ്സ് † ന്യൂനസ് ജിമെനസ് | കേണൽ ജോവാക്വിൻ കാസില്ലാസ് † പോലീസ് മേധാവി കോർണെലിയോ റോജസ് † കേണൽ ഫെർണാണ്ടസ് സ്യൂറോ കേണൽ കാൻഡിഡോ ഹെർണാണ്ടസ് | ||||||
ശക്തി | |||||||
340 ഗറില്ലാപോരാളികൾ | 3,900 പട്ടാളക്കാർ 10 യുദ്ധടാങ്കുൾ B-26 ബോംബർ വിമാനങ്ങൾ 1 യുദ്ധക്കോപ്പുകൾ നിറച്ച തീവണ്ടി | ||||||
നാശനഷ്ടങ്ങൾ | |||||||
കൃത്യമായ കണക്കുകളില്ല, റോബർട്ടോ റോഡ്രിഗ്സ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. | 2,900 പേർ തടവിലാക്കപ്പെട്ടു, കേണൽ ജോവാക്വിൻ കാസില്ലാസിനേയും പോലീസ് മേധാവി കോർണെലിയോ റോജസിനേയും വിമതസേന വധിച്ചു |
28 ഡിസംബർ 1958 നാണ് ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള ഒരു സൈന്യം സാന്റാ ക്ലാര കീഴടക്കുക എന്ന ലക്ഷ്യവുമായി പുറപ്പെട്ടത്.[2] ബാറ്റിസ്റ്റയുടെ ഭരണത്തിൽ നിരാശരായിരുന്ന കർഷകരും, തൊഴിലാളികളുമുൾപ്പടെ വലിയ ജനക്കൂട്ടമാണ് ഓരോ സ്ഥലത്തും ഈ വിമതസേനയെ എതിരേൽക്കാൻ തടിച്ചു കൂടിയത്. സാന്റാ ക്ലാരയിലേക്കുള്ള യാത്രയിൽ ചിലയിടത്ത് ബാറ്റിസ്റ്റയുടെ സൈന്യം ഇവരെ എതിരിട്ടെങ്കിലും, അവരെയെല്ലാം പരാജയപ്പെടുത്തി വിമതസേന സാന്റാ ക്ലാരയിലേക്ക എന്ന ലക്ഷ്യത്തിലേടുക്കുകയായിരുന്നു. അതിരാവിലെ തന്നെ 26ജൂലൈ മൂവ്മെന്റ് ചെ ഗുവേരയുടെ നേതൃത്വത്തിൽ നഗരപ്രാന്തത്തിലെത്തി.
നഗരത്തിലെ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് തന്റെ സേനയെ ചെ ഗുവേര രണ്ടായി വിഭജിച്ചു. സർക്കാർ സേനയോട് എതിരിടുക എന്നതായിരുന്നു ആദ്യത്തെ സംഘത്തിന്റെ ചുമതലയെങ്കിൽ, സൈന്യത്തിന് ആയുധങ്ങളും മറ്റു യുദ്ധോപകരണങ്ങളുമായി വരുന്ന തീവണ്ടി പിടിച്ചെടുക്കുക എന്നതായിരുന്നു രണ്ടാമത്തെ സംഘത്തിന്റെ ലക്ഷ്യം. കേവലം 18 വയസ്സുമാത്രം പ്രായമുള്ള റോബർട്ടോ റോഡ്രിഗ്സ് എന്ന ചെറുപ്പക്കാരനായിരുന്നു അത്മഹത്യാ സേന എന്ന് ചെ ഗുവേര വിശേഷിപ്പിച്ച രണ്ടാമത്തെ സംഘത്തെ നയിച്ചത്.[3]
ചെ ഗുവേര തയ്യാറാക്കിയ പദ്ധതി പോലെ തന്നെ, ഈ ചെറുപ്പക്കാരുടെ സംഘം ട്രെയിൻ അട്ടിമറി പദ്ധതി വിജയകരമായി പൂർത്തിയാക്കി. ട്രെയിനിൽ പട്ടാളക്കാരുണ്ടായിരുന്നുവെങ്കിലും യാതൊരു എതിർപ്പും കൂടാതെ തന്നെ അവർ വിമതരോട് സഹകരിക്കുകയായിരുന്നു. ബാറ്റിസ്റ്റയുടെ സേനക്കു വേണ്ടി കൊണ്ടു വന്നിരുന്ന വിമാനവേധ തോക്കുകളും, യന്ത്രവത്കൃത തോക്കുകളും മറ്റു വെടിക്കോപ്പുകളുമായിരുന്നു ട്രെയിനിൽ. അതിശയിപ്പിക്കുന്ന ഒരു മുന്നേറ്റം എന്നായിരുന്നു ഈ സംഭവത്തെ ചെ ഗുവേര വിശേഷിപ്പിച്ചത്.[4] ട്രെയിൻ പിടിച്ചെടുത്തതോടെ മറ്റു പലയിടത്തും വിമതസേനക്കു നേരെ യുദ്ധം ചെയ്തുകൊണ്ടിരുന്ന സേനാംഗങ്ങൾ ഓരോരുത്തരായി വിമതർക്കു കീഴടങ്ങാൻ തുടങ്ങി. റോബർട്ടോ റോഡ്രിഗ്സ് യുദ്ധത്തിൽ കൊല്ലപ്പെട്ടു.[5]
1959 ലെ പുതുവർഷദിനത്തിൽ ചെ ഗുവേരയും കൂട്ടരും സാന്താക്ലാരയിലെ സുപ്രധാന മേഖലകളിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. സാന്റാ ക്ലാരയിലെ തന്ത്രപ്രധാനമായ സൈനികതാവളത്തിൽ ആയിരത്തോളം സൈനികർ ശേഷിക്കുന്നുണ്ടായിരുന്നു. ഇവർ ഒരു പ്രത്യാക്രമണത്തിനു മുതിർന്നേക്കുമോ എന്നു ചെ ഗുവേര ഭയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ തന്റെ സേനയോട് ഈ സൈനികതാവളം കീഴടക്കാൻ ചെ ഗുവേര ഉത്തരവിട്ടു.[6] ഈ സമയത്ത ബാറ്റിസ്റ്റ കയ്യിൽ കിട്ടാവുന്ന പണവും കൊണ്ട് തന്റെ ബന്ധുമിത്രാദികളോടൊപ്പം ക്യൂബ വിട്ടിരുന്നു. ബാറ്റിസ്റ്റയുടെ പലായനം അറിഞ്ഞ സേനാ തലവൻ ഒത്തുതീർപ്പ് ഉടമ്പടികൾക്കായി ചെ ഗുവേരയെ സമീപിച്ചു. എന്നാൽ നിരുപാധികമായ ഒരു കീഴടങ്ങലാണ് ചെ ഗുവേര നിർദ്ദേശിച്ചത്. ഏതുവിധേനേയും ബാരക്സ് കീഴടക്കാൻ തയ്യാറായാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് ചെ ഗുവേര അവരെ അറിയിച്ചു, ഒരു ചോരപ്പുഴ ഉണ്ടാകുകയാണെങ്കിൽ അതിനുത്തരവാദികൾ നിങ്ങൾ മാത്രമായിരിക്കുമെന്നും ചെ ഗുവേര ഒത്തു തീർപ്പിനായി വന്ന പട്ടാള ഉദ്യോഗസ്ഥനെ അറിയിച്ചു.[7] ചെ ഗുവേരയെ അമ്പരപ്പിച്ചുകൊണ്ട് സൈനികരെല്ലാം തങ്ങളുടെ ആയുധങ്ങൾ തറയിൽ വലിച്ചെറിഞ്ഞുകൊണ്ട് ഒന്നൊന്നായി വന്ന് വിമതസേനക്കു മുന്നിൽ കീഴടങ്ങി. സാന്താ ക്ലാര തങ്ങളുടെ കൈപ്പിടിയിലായി എന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു.
ബാറ്റിസ്റ്റയുടെ പതനം ഏതാണ്ട് തീർച്ചയായപ്പോൾ, പുതിയ ബന്ധങ്ങൾക്കായി അമേരിക്ക ക്യൂബയിലെ അന്നത്തെ പട്ടാള മേധാവിയായിരുന്ന ജനറൽ കാന്റിലോയെ സമീപിച്ചു. കാരണം, ഫിദൽ അധികാരത്തിലെത്തുന്നതിനെ അമേരിക്ക ഭയപ്പെട്ടിരുന്നു. തങ്ങളുടെ താൽപര്യങ്ങൾ ക്യൂബയിൽ നടപ്പാക്കാൻ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അമേരിക്കക്കറിയാമായിരുന്നു. അമേരിക്കയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാന്റില്ലോ ഫിദലിനെ സമീപിച്ച് ഒരു വെടിനിർത്തലിനായി നിർബന്ധിച്ചു.[8] മൂന്നു നിർദ്ദേശങ്ങളാണ് കാന്റില്ലോക്ക് മുന്നിൽ ഫിദൽ വെച്ചത്. ഹവാനയിൽ ഇനിയൊരു സൈനികനും പാടില്ല, ബാറ്റിസ്റ്റയെ രക്ഷപ്പെടാനായി ആരും സഹായിക്കാൻ പാടില്ല, അമേരിക്കൻ എംബസ്സിയുമായി യാതൊരു ബന്ധവും പാടില്ല എന്നിവയായിരുന്നു ഈ മൂന്നു ആവശ്യങ്ങൾ ഇതെല്ലാം അംഗീകരിച്ച കാന്റില്ലോ ഇതേസമയം തന്നെ ബാറ്റിസ്റ്റയേയും സമീപിച്ചു, പരാജയശേഷം വിപ്ലവകാരികളുടെ തീരുമാനമെന്തായിരിക്കുമെന്ന് കാന്റില്ലോ ബാറ്റിസ്റ്റയേയും അറിയിച്ചു. യുദ്ധത്തിൽ പരാജയപ്പെടുകയാണെങ്കിൽ അത് തന്റെ ജീവനു തന്നെ ഭീഷണിയായേക്കാമെന്നറിയാവുന്ന ബാറ്റിസ്റ്റ രാജി വെക്കാൻ സന്നദ്ധനനായി. തുടർന്ന് 1958 ഡിസംബർ 31 ന് കയ്യിൽ കിട്ടിയ പണവുമായി ബാറ്റിസ്റ്റ രാജ്യം വിട്ടു.[9] ബാറ്റിസ്റ്റ രാജ്യംവിട്ടു എന്നറിഞ്ഞിട്ടും കാസ്ട്രോ വെടിനിർത്തലിനു തയ്യാറായില്ല. മറിച്ച് കൂടുതൽ ആവേശത്തോടെ മുന്നോട്ടുപോകാനാണ് തന്റെ സൈന്യത്തിന് അദ്ദേഹം നിർദ്ദേശം നൽകിയത്. കാന്റില്ലോ ക്യൂബയുടെ തലവനായി. അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു. കൂടാതെ മറ്റു മന്ത്രിസഭാംഗങ്ങളേയും തിരഞ്ഞെടുത്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.