From Wikipedia, the free encyclopedia
ഷാഹി ഖില, മദ്ധ്യപ്രദേശിലെ ബർഹാൻപൂർ ജില്ലയിൽ താപ്തി നദിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന, രാജപ്രൗഢിയുള്ള ഒരു കൊട്ടാരമായിരുന്നു. കൊട്ടാരത്തിന്റെ നാശോന്മുഖമായ അവശിഷ്ടങ്ങൾ മാത്രമാണ് ഇക്കാലത്തു നിലനിൽക്കുന്നത്. എന്നിരുന്നാലും, ഇപ്പോഴും നിലനിൽക്കുന്ന നഷ്ടാവശിഷ്ടങ്ങൾ കൊത്തുപണിയുടേയും ശില്പകലയുടേയും അതുല്യ മാതൃകകളാണ്.
ഷാഹി ഖിലയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതുപ്രകാരം ഇതു യഥാർത്ഥത്തിൽ ഫറൂഖി ഭരണാധികാരികളാൽ നിർമ്മിക്കപ്പെട്ടതും ബർഹാൻപൂരിലെ ഗവർണറായിരുന്ന കാലത്ത് ഷാജഹാൻ താമസിച്ചിരുന്നതുമായ കൊട്ടാരമായിരുന്നു. ഇവിടെയുണ്ടായിരുന്ന കോട്ട ഷാജഹാനു വളരെ പ്രിയങ്കരനായിരുന്നതിനാൽ അദ്ദേഹം സിംഹാസനാരൂഢനായ ആദ്യത്തെ മൂന്നുവർഷങ്ങൾ രാജസദസ്സ് കൂടിയിരുന്നത് ഇവിടെയായിരുന്നു. ഗണ്യമായ സമയം ഈ നഗരത്തിൽ ചിലവഴിച്ച ഷാജഹാൻ ഷാഹി ഖിലയുടെ പുനർനിർമ്മിതിക്കും കൂട്ടിച്ചേർക്കലുകൾക്കും തന്റേയായ സഹായം നൽകുകയും ചെയ്തു. ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ് എന്നിവ ഇക്കാലത്ത് ഖിലയുടെ മട്ടുപ്പാവിൽ നിർമ്മിക്കപ്പെട്ടു.
പഴയകാലത്തിന്റെ കീർത്തി അയവിറക്കിക്കൊണ്ട് ഇപ്പോഴും നിലനിൽക്കുന്ന അതിമനോഹരമായ കൊത്തുപണികളുള്ള കൊട്ടാരത്തിന്റെ ഏതാനും ഭാഗങ്ങളൊഴികെ, ബുർഹാൻപൂരിലെ ഷാഹി ഖിലയുടെ ഭൂരിഭാഗവും ഇപ്പോൾ നാശോന്മുഖമാണ്. ഷാഹി ഖിലയ്ക്കു നാട്ടുകരുടെയിടയിൽ അറിയപ്പെടുന്ന പേര് “ഭൂൽഭുലായ” എന്നാണ്. (ഇതിനർത്ഥം ദുർഘടമാർഗ്ഗം എന്നാണ്) കാരണം, ഷാഹി ഖിലയുടെ നിർമ്മാണ ശൈലി നിഗൂഢമായതും വളരെ ആശയക്കുഴപ്പമുളവാക്കുന്നതുമാണ്.
കൊട്ടാരത്തിലെ ഒരു പ്രധാന ആകർഷണം ഹാമാം അഥവാ രാജകീയ കുളിമുറിയാണ്. ഷാജഹാൻറെ പ്രിയതമയായിരുന്ന ബേഗം മുംതാസ് മഹലിനു വേണ്ടി പ്രത്യേകം നിർമ്മിക്കപ്പെട്ടതാണ് ഇത്. ഖുസ്, കുങ്കുമം, റോസാദലങ്ങൾ എന്നിവയുടെ സൌരഭ്യുള്ള ജലത്തിൽ ഒരു ആഡംബരപരമായ കുളി ആസ്വദിക്കുവാൻ അതിനാൽ മുംതാസിനു സാധിച്ചു. മുഗൾ കാലഘട്ടത്തിലാണ് ഹമാം ഖാന നിർമ്മിക്കപ്പെട്ടത്. അക്ബറിന്റെയും ജഹാംഗീറിന്റെയും വിഖ്യാതനായ മന്ത്രിയായിരുന്ന ഖാൻ ഖാന മിർസ അബ്ദുൾ റഹീം ഖാനയുടെ ഒരു ലിഖിതം ഈ കുളിമുറിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. താഴികക്കുടങ്ങളോടുകൂടിയ മേൽക്കൂരയാണുള്ളത്. പെയിന്റിംഗുകളാൽ അതിമനോഹരമായി കുളിമുറി അലങ്കരിച്ചിരിക്കുന്നു. ഇക്കാലത്തുപോലും ഈ സങ്കീർണ്ണമായ ചിത്രങ്ങൾ കുളിമുറിയുടെ സീലിങിൽ നിലനിൽക്കുന്നു. താജ്മഹലിന്റെ നിർമ്മാണത്തിനു പ്രചോദനമായി കരുതപ്പെടുന്ന ഒരു സ്മാരകത്തിന്റെ ചിത്രീകരണവും ഇത്തരം പെയിന്റിംഗുകളിലൊന്നിൽ ഉൾപ്പെടുന്നു. അതിശയകരമായ മറ്റൊരു വസ്തുത, യഥാർത്ഥത്തിൽ താജ്മഹൽ ബർഹാൻപൂരിലാണു നിർമ്മിക്കുവാനുദ്ദേശിച്ചിരുന്നതെന്നതാണ്. ഇതിനുവേണ്ടി നിശ്ചയിച്ചിരുന്ന സ്ഥലം ഇപ്പോഴും താപ്തി നദിക്കരയിൽ ഒഴിഞ്ഞുകിടക്കുന്നു. മുംതാസ് മഹൽ തന്റെ പതിനാലാമാത്തെ കുട്ടിക്കു ജന്മം നൽകവേ ബർഹാന്പൂരിൽവച്ചാണ് മരണമടഞ്ഞത്.[1] ആദ്യം ഇവിടെ അടക്കം ചെയ്യപ്പെട്ട അവരുടെ മൃതശരീരം ആറുമാസത്തിനുശേഷം നീക്കം ചെയ്യപ്പെട്ടു. അഹുഖാന എന്നറിയപ്പെടുന്ന യഥാർത്ഥ കുഴിമാടം ഇപ്പോൾ ജീർണ്ണാവസ്ഥയിലാണ്.[2][3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.