വില്യം ബ്ലെയ്ക്ക്
From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാതാവും ആയിരുന്നു വില്യം ബ്ലെയ്ക്ക് (28 നവംബർ 1757 – 12 ഓഗസ്റ്റ് 1827). ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലെയ്ക്ക്, കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിൻറെ പ്രവചനസ്വഭാവമുള്ള കവിതകൾക്ക് അവയുടെ ഗരിമയ്ക്കൊത്തവിധം അനുവാചകരുണ്ടായില്ല എന്ന് നോർഥ്രോപ് ഫ്രൈ എന്ന സാഹിത്യവിമർശകൻ അഭിപ്രായപ്പെടുകയുണ്ടായി.[1] ബ്ലെയ്ക്കിന്റെ ദൃശ്യകലയെ വിലയിരുത്തിയ ഒരു ആധുനികവിമർശകൻ "ബ്രിട്ടണിൽ എക്കാലത്തും ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ കലാകരൻ" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] ജീവിതകാലത്ത് ലണ്ടണിൽ നിന്ന് ഒരുദിവസത്തെ വഴിയാത്രയിലേറെ അകലെ ഒരുവട്ടം മാത്രം സഞ്ചരിച്ചിട്ടുള്ള ബ്ലെയ്ക്ക്,[3] വൈവിദ്ധ്യവും പ്രതീകാത്മകതയുടെ സമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ അനേകം സൃഷ്ടികളുടെ കർത്താവായി.
വില്യം ബ്ലെയ്ക്ക് | |
---|---|
തൊഴിൽ | കവി, ചിത്രകാരൻ, പ്രിന്റ് നിർമ്മാതാവ് |
Genre | വെളിപാടിന്റെ കവിത |
സാഹിത്യ പ്രസ്ഥാനം | കാല്പനികത്വം |
ശ്രദ്ധേയമായ രചന(കൾ) | നിഷ്കളങ്കതയുടെയും അനുഭവത്തിന്റേയും കവിതകൾ, സ്വർഗ്ഗ-നരകങ്ങളുടെ വിവാഹം, നാലു സോവമാർ, യെരുശലേം, മിൽട്ടൺ |
അസാധരണമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് സമകാലീനർ ഭ്രാന്തനെന്നു മുദ്രകുത്തിയ ബ്ലെയ്ക്കിനെ പിൽക്കാലനിരൂപകർ അതുല്യമായ സർഗ്ഗശക്തിയുടേയും അദ്ദേഹത്തിന്റെ കലയുടെ അന്തർധാരയായ നിഗൂഢദാർശനികതയുടേയും പേരിൽ വിലമതിച്ചു. ബ്ലെയ്ക്കിന്റെ കവിതകളും ചിത്രങ്ങളും കാല്പനികപ്രസ്ഥാനത്തേയും പൂർവകാല്പനികതയേയും പുണർന്നുനിൽക്കുന്നു.[4]ബൈബിളിനെ ബഹുമാനിച്ചിരുന്നെങ്കിലും ആംഗ്ലിക്കൻ സഭയോട് ശത്രുതപുലർത്തിയ ബ്ലെയ്ക്കിനെ, ഫ്രഞ്ച് വിപ്ലവത്തിന്റേയും അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റേയും ആശയങ്ങളും ആകാംക്ഷകളും [5], ജേക്കബ് ബേമ, ഇമ്മാനുവേൽ സ്വീഡൻബർഗ്ഗ് തുടങ്ങിയ ചിന്തകന്മാരും[6] സ്വാധീനിച്ചിരുന്നു.
എന്നാൽ മുൻപ്രസ്ഥാനങ്ങളും മുൻഗാമികളും സ്വാധീനിച്ചിരിക്കാമെങ്കിലും, ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ അതുല്യതമൂലം അദ്ദേഹത്തെ ഏതെങ്കിലും പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നവനായി കണക്കാക്കുക ബുദ്ധിമുട്ടാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ പണ്ഡിതൻ വില്യം റോസെറ്റി ബ്ലെയ്ക്കിനെ വിശേഷിപ്പിച്ചത് "ഉജ്ജ്വല തേജസ്,[7] മുൻഗാമികളുടെ വിലക്കുകൾക്ക് വഴങ്ങാത്തവൻ, സമകാലീനർക്ക് സമനല്ലാത്തവൻ, എളുപ്പം കണ്ടെത്താവുന്ന പിന്മുറക്കാർ ഇല്ലാത്തവൻ" എന്നൊക്കെയാണ്.[8]