ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. (ഇംഗ്ലീഷിൽ :ROSE, തമിഴിൽ റോജാ ரோசா സംസ്കൃതത്തിൽ പാടലം पाटलम्).ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്. പനിനീർ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങൾക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു. ഊട്ടിയിലെ റോസ് ഗാർഡനിൽ 5000-ത്തോളം വർഗ്ഗങ്ങളിലുള്ള റോസാച്ചെടികൾ ഉണ്ട്. ഏകദേശം 25,000 പരം ഇനങ്ങളിലുള്ള പനിനീർച്ചെടികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ട്[1] . നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ് പനിനീർ[1]. ഇംഗ്ലണ്ട്, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത് [2]
റോസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | Rosoideae |
Genus: | Rosa L. |
Species | |
Between 100 and 150, see list |
ഇനങ്ങൾ
ഹൈബ്രിഡ് | സുഗന്ധത്തിലും വലിപ്പത്തിലും മികച്ച ഇനങ്ങളായ ജവാഹർ, പൂർണ്ണിമ, ,ഷോഗേൾ, സുപ്രീയ, ബ്ലാക്ക് ബ്യൂട്ടി, ബ്ലൂമൂൺ എന്നിവയിൽ പൂക്കൾ ഒറ്റയായിട്ടാണ് ഉണ്ടാകുന്നത്. |
ഫ്ലോറിബൻഡ | വലിപ്പം കൂടുതലായ ഈ വിഭാഗത്തിലെ ചെടികളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. കൂടാതെ സുഗന്ധവും കുറവാണ്. ഫ്രഞ്ച് ലേസ്, ബ്രൈഡൽ പിങ്ക്, മേഴ്സിഡസ്, ഏഞ്ചൽ ഫേസ്, ഫന്റാസിയ, ഗിതാർ എന്നിവയാണ് പ്രധാന ഇനങ്ങൾ. |
പോളിയാന്ത | ധാരാളം പൂക്കൾ ഉണ്ടാകുന്ന ഈ ചെടികൾക്ക് ഉയരം കുറവാണ്. എക്കോ, നർത്തകി, രശ്മി ഐഡിയൻ, ഡാർക്ക് ബ്യൂട്ടി എന്നിവയാണ് പ്രധാന ഇനങ്ങൾ |
മിനിയേച്ചേഴ്സ് | തണ്ടുകൾ, പൂക്കൾ, ഇലകൾ എന്നിവ ചെറുതായുള്ള ഈ ഇനത്തിലെ ചെടികൾ ഒരടിയിൽ കൂടുതൽ പൊക്കത്തിൽ വളരാറില്ല. ചന്ദ്രിക, സിൻഡ്രല്ല, സമ്മർബട്ടർ, റ്റീപാർട്ടി, ടോപ്പ് സീക്രട്ട് യല്ലോ ഡോൾ എന്നിവയാണ് ഈ ഇനത്തിലെ പ്രധാന ചെടികൾ |
ക്ലൈംബേഴ്സ് | പടർന്നു പിടിക്കുന്ന ഇനത്തിലെ ചെടികൾ ആണിവ. ക്ലൈംബിംഗ് പീസ്, കോക്ക് ടെയിൽ, ക്ലൈംബിംഗ് പാരഡൈസ് എന്നിവയാണ് പ്രധാന ചെടികൾ |
കൃഷിരീതികൾ
പലയിനം പനിനീർച്ചെടികളിലും കായ് ഉണ്ടാകാറുണ്ടെങ്കിലും നടീൽ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയിൽ നിന്നും മുറിച്ച തണ്ടുകളാണ്. തറയിൽ നേരിട്ട് നട്ടുവളർത്തുകയോ ചെടിച്ചട്ടികളിൽ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നല്ലതുപോലെ വളരും. കൂടാതെ നീർ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഒക്ടോബർ മാസം മുതൽ ഡിസംബർ മാസം വരെ ചെടികൾ നടുന്നതിന് അനുയോജ്യമായ സമയമാണ്[1].
തറയിലുള്ള കൃഷി
ചെറിയ ചട്ടികളിലോ പോളിത്തീൻ കവറിലോ നട്ട് കിളിർപ്പിച്ച തൈകളാണ് ഇങ്ങനെ നടുന്നതിന് അനുയോജ്യം. 60 സെന്റീമീറ്റർ മുതൽ 80 സെന്റീമീറ്റർ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ ചെടികൾ നടാവുന്നതാണ്. കുഴികളിൽ മേൽമണ്ണും 4കിലോ മുതൽ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേർത്ത് കൂട്ടിയോജിപ്പിച്ച് കുഴികൾ നിറയ്ക്കുക. തൈകൾ വേരുകൾ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളിൽ നടുക[1]. ബഡ് ചെയ്ത് കിളിർപ്പിച്ച തൈകൾ മുകുളം മണ്ണിനു മുകളിൽ വരത്തക്കവണ്ണമാണ് നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.
ചട്ടിയിലുള്ള കൃഷി
35 സെന്റീ മീറ്റർ ഉയരവും 30 സെന്റീ മീറ്റർ വ്യാസവുമുള്ള ചട്ടികളാണ് ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. അധിക ജലം പുറത്തുകളയുന്നതിലേക്കായി ചട്ടികളിൽ രണ്ടോ മൂന്നോ ദ്വാരങ്ങൾ അത്യാവശ്യമാണ്. മൂന്നുഭാഗം വളക്കൂറുള്ള മേൽമണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേർത്താണ് ചട്ടികളിലേയ്ക്കുള്ള മിശ്രിതം നിറയ്ക്കുന്നത്. ഈ മിശ്രിതത്തിൽ ചെടികൾ നടാം. നട്ടുകഴിഞ്ഞാൽ നനയ്ക്കേണ്ടത് അത്യാവശ്യമാണ്. ചട്ടിയിൽ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം കൂടുമ്പോൾ മാറ്റുന്നത് ചെടിയുടെ വളർച്ചക്കും വേരോട്ടത്തിനും നല്ലതാണ്[1].
വളപ്രയോഗം
കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ് ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതൽ 5 കിലോഗ്രാം വരെ അളവിൽ ചാണകമോ കമ്പോസ്റ്റോ നൽകേണ്ടതാണ്. ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോൾ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികൾക്ക് നൽകേണ്ടതാണ്. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതൽ 7 ദിവസം വരെ 5ലിറ്റർ പച്ചവെള്ളത്തിൽ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റർ എന്ന് തോതിൽ വെള്ളത്തിൽ നേർപ്പിച്ച് നൽകേണ്ടതാണ്. ഇത്തരം വളപ്രയോഗങ്ങൾ കഴിഞ്ഞാൽ ചെടികൾ നന്നായി നനച്ചുകൊടുക്കേണ്ടതുമാണ്[1].
കീട-രോഗശല്യം
വളരെ പെട്ടെന്ന് കീടരോഗബാധയേൽക്കുന്ന ഒരു ചെടിയാണിത്. ചില പ്രധാന രോഗങ്ങൾ, നിയന്ത്രണം എന്നിവയെക്കുറിച്ച്.
- ചൂർണ്ണ പൂപ്പൽ രോഗം- ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്. ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു[1]. രോഗം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതാണ്. സൾഫെക്സ്, കെരാത്തേൻഎന്നീ രാസകീടനാശിനികൾ 1.5 ഗ്രാം മുതൽ 5 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യേണ്ടത് നന്നായിരിക്കും.
- കരിമ്പൊട്ട് രോഗം- ഇലകളിലുണ്ടാകുന്ന കറുത്ത പുള്ളികൾ/അടയാളങ്ങൾ എന്നിവയാണ് രോഗം തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. കീടബാധയേറ്റ ഇലകൾ കാലക്രമേണ കൊഴിഞ്ഞുപോകാറുണ്ട്. ഡൈത്തേൺ-എം എന്ന രാസകീടനാശിനി 45.2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ സ്പ്രേ ചെയ്യുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായകമാണ്[1].
- മണ്ടയുണങ്ങൽ- ചെടിയിൽ മുകളിൽ നിന്നും താഴേക്ക് കമ്പുകൾ ഉണങ്ങി നശിക്കുന്നതാണ് രോഗലക്ഷണം. ഉണങ്ങി കമ്പുകൾ മുറിച്ചുമാറ്റി മുറിവായിൽ ബോർഡോ മിശ്രിതം പുരട്ടേണ്ടതാണ്[1].
- തുരുമ്പ് രോഗം- ഇലകളിലും തണ്ടുകളിലും തുരുമ്പെടുത്ത അടയാളങ്ങളാണ് പ്രധാന രോഗ ലക്ഷണം. രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ ഡൈത്തേൺ (2.78)ഗ്രാം, അല്ലെങ്കിൽ സൾഫ്ഗെക്സ് (2 ഗ്രാം) എന്നീ രാസകീടനാശിനികൾ 1 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികളിൽ തളിക്കുന്നത് നല്ലതാണ്[1].
- ശൽക്ക കീടം- ചെടികളെ നശിപ്പിക്കുന്ന പ്രധാന കീടമാണ് ശൽക്കകീടങ്ങൾ. ശൽക്കരൂപത്തിൽ മെഴുകിനെപ്പോലെ ചെടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങൾ തണ്ടിൽ നിന്നും ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതിനാൽ ചെടികൾ ഉണങ്ങി നശിക്കുന്നു. എണ്ണത്തിൽ കുറവാണെങ്കിൽ കൈകൊണ്ട് നശിപ്പിക്കാവുന്നതാണ്. റോഗർ, നുവാക്രോൺ എന്നീ രാസകീടനാശിനികൾ 1-2 മില്ലീ ലിറ്റർ അളവിൽ 1 ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് ഈ കീടങ്ങളെ നശിപ്പിക്കുന്നതിന് നല്ലതാണ്[1].
- വണ്ടുകൾ- പൂക്കൾ, ഇലകൾ, തണ്ട്, വേര് എന്നീ ഭാഗങ്ങളിൽ ആക്രമിക്കുന്ന കീടമാണ് ചാഫർ വണ്ടുകൾ. പകൽനേരങ്ങളിൽ ഈ വണ്ടുകളെ കാണാൻ സാധിക്കുന്നില്ല.ഈ കീടങ്ങൾ ഇലയുടെ ഭാഗങ്ങൾ ചന്ദ്രാകൃതിയിൽ നശിപ്പിക്കുന്നതുമൂലം ചെടികളും നശിക്കുന്നു. ഇതിനെതിരെ ബി.എച്ച്.സി 5% എന്ന രാസകീടനാശിനി 15 ഗ്രാം വരെ വിതറുകയാണ് ചെയ്യുന്നത്[1].
പരിചരണം
ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ കൊമ്പുകോതൽ നടത്തിയാൽ കൂടുതൽ പൂക്കൾ ലഭിക്കും. ഉണങ്ങിയതും രോഗങ്ങൾ ബാധിച്ചതും ശക്തികുറഞ്ഞതുമായ തണ്ടുകൾ മുറിച്ചുമാറ്റേണ്ടതാണ്. നിലത്തുനിന്നും 25 സെന്റീ മീറ്റർ മുകളിൽ വച്ച് മുറിക്കുക. മുറിക്കുമ്പോൾ ആരോഗ്യമുള്ള മുകുളങ്ങളുടെ 1സെന്റീ മുതൽ 1.5 സെന്റീമീറ്റർ വരെ മുകളിലായി ചരിച്ചാണ് മുറിക്കേണ്ടത്[1].
ചിത്രശാല
- റോസപൂമൊട്ട്
- റോസച്ചെടി
- പൂമൊട്ട്
- ജനിതക എൻജിനീയറിങ്ങ് നടത്തിയ പനിനീർപൂവ്
- പൂമൊട്ടിന്റെ പരിച്ഛേദം
- റോസയുടെ കായ്
- ചുവന്ന-റോസപ്പൂവ്
- റോസാ ച്ചെടി
- Flirtatious Floribunda എന്നയിനം
- Ingrid Bergman Hybrid Tea എന്നയിനം
- Ingrid Bergman Hybrid Tea എന്നയിനം
- ബെംഗളൂരുവിലെ ലാൽബാഗിലെ 2010ലെ ഫ്ലവർ ഷൊയിൽ നിന്ന്
- വെള്ള റോസപ്പൂവ്-കുലകളായി
- Rose Plant with flower buds
- റോസപ്പൂവ്
അവലംബം
കുറിപ്പുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.