From Wikipedia, the free encyclopedia
"റാപുൻട്സെൽ" (/rəˈpʌnzəl//rəˈpʌnzəl/; ജർമ്മൻ ഉച്ചാരണം: [ʁaˈpʊnt͡səl]) ഗ്രിം സഹോദരന്മാർ കണ്ടെടുത്ത് പ്രസാധനം ചെയ്ത ഒരു നാടോടിക്കഥയാണ് റാപുൻട്സെൽ. "കുട്ടികളുടെയും കുടുംബങ്ങളുടെയും കഥകൾ" എന്ന പുസ്തകത്തിൽ 1812 ലാണ് ഇത് പുറത്തു വരുന്നത്.[1] ഫ്രീഡറിച്ച് ഷുൾട്സ് 1790 ൽ പുറത്തിറക്കിയ അതേ പേരിലുള്ള മറ്റൊരു കഥയെ അടിസ്ഥാനമാക്കിയാണ് ഈ കഥ എഴുതപ്പെട്ടത്.[2] 1698 ൽ ഷാർലറ്റ്-റോസേ ഡെ കൗമോണ്ട് ഡേ ലാ ഫോഴ്സ് 1698 ൽ പുറത്തിറക്കിയ പേഴ്സിനെറ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ഷുൾട്സിന്റെ ഭാഷ്യം പുറത്തുവരുന്നത്.[3] എന്നാൽ അതിന്റെ ആധാരം 1634'ൽ പുറത്തുവന്ന ഗിയാംബാറ്റിസ്റ്റ ബാസിലെ എന്ന ഇറ്റാലിയൻ എഴുത്തുകാരന്റെ പെട്രോസിനെല്ല എന്ന കഥയായിരുന്നു.[4] ഈ കഥയും തീമും പിന്നീട് പല കലാസൃഷ്ടികളുടെയും പ്രചോദനം ആയിട്ടുണ്ട്.
പിന്നീട് ആൻഡ്രൂ ലാങ് ഈ കഥയെ 'ദി റെഡ് ഫെയറി ബുക്ക്' എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തി.[5] രൂത്ത് മാനിംഗ്-സാന്ഡേഴ്സിന്റെ 'എ ബുക്ക് ഓഫ് വിച്ചസ്', പോൾ ഓ. സെലിൻസ്കിയുടെ 1997'ലെ റാപുൻട്സെൽ തുടങ്ങിയ പുസ്തകങ്ങളിലും ഈ കഥ പ്രത്യക്ഷപ്പെടുന്നുണ്ട്. റ്റാൻഗ്ൾഡ് എന്ന ഡിസ്നി സിനിമ ഈ കഥയെ അടിസ്ഥാനമാക്കി നിർമിച്ചതാണ്.
പതിനൊന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കഥ റുഡാബായുമായി ഈ കഥയ്ക്ക് നല്ല സാമ്യം ഉണ്ട്. അബുൾ കാസിം ഫിർദോസി എഴുതിയ ഷാ നാമ യിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. റുഡാബ തന്റെ കാമുകനായ സാൽ'നു തന്റെ ഗോപുരത്തിലേയ്ക്ക് കയറിവരാനായി തന്റെ നീണ്ട തലമുടി അഴിച്ചിട്ടു കൊടുക്കുന്നുണ്ട്.[6]
യൂറോപ്പിൽ ക്രിസ്തുമതം പ്രചരിച്ചതിനു മുൻപ് നിലവിലിരുന്ന പാഗൻ ഐതിഹ്യങ്ങളിലെ സൂര്യദേവതയുടെ ഐതിഹ്യവുമായും ചില ഗവേഷകർ ഇതിനു സാമ്യം കല്പിയ്ക്കുന്നു. ഈ ഐതിഹ്യത്തിൽ പ്രകാശത്തിന്റെ ദേവത തടവിൽ നിന്നും രക്ഷപ്പെടുന്നുണ്ട്.[7][8][9]
വളരെക്കാലം കുട്ടികൾ ഇല്ലാതിരുന്ന ഒരു ദമ്പതികൾ ആളുകൾ അധികം ഇല്ലാത്ത ഒരു സ്ഥലത്തു താമസിയ്ക്കുന്നു. വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഭാര്യ ഗർഭിണിയാണ്. അവരുടെ വീടിനു തൊട്ടടുത്ത് ഒരു ദുർമന്ത്രവാദിനിയായ ഗോഥൽ ഡൈയിമിന്റെ പൂന്തോട്ടമാണ്. ഒരു ദിവസം ഭാര്യ ഈ പൂന്തോട്ടത്തിൽ റാമ്പ്യൻ (ജർമൻ പേര് : റാപുൻട്സെൽ) എന്ന ചെടി കണ്ടു. ഇതിന്റെ വേരുകൾ ഭക്ഷണയോഗ്യമാണ്.[10] അതു കിട്ടണമെന്ന് അതികലശലായ ആഗ്രഹം തോന്നിയ ഭാര്യ ഭർത്താവിനോട് ആഗ്രഹം പറഞ്ഞു. എന്നാൽ ദുർമന്ത്രവാദിനിയോട് അതു ചോദിച്ചു വാങ്ങാൻ ഭർത്താവിന് ധൈര്യം ഇല്ലായിരുന്നു. എന്നാൽ ഒരു രാത്രി ഭർത്താവ് പൂന്തോട്ടത്തിൽ കടന്നു ആ ചെടി പറിച്ചു ഭാര്യയ്ക്ക് സാലഡ് ഉണ്ടാക്കി കൊടുത്തു. അത് വളരെ ഇഷ്ടപ്പെട്ട ഭാര്യ ഇനിയും വേണമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുകയും ഭർത്താവ് വീണ്ടും പൂന്തോട്ടത്തിൽ കടക്കുകയും ചെയ്യുന്നു.എന്നാൽ തിരിച്ചു മതിൽ ചാടി കടക്കുമ്പോൾ ദുർമന്ത്രവാദിനി അയാളെ പിടികൂടി. ഭാര്യയുടെ ആഗ്രഹം മൂലം വന്നതാണെന്നും അതുകൊണ്ടു മാപ്പു തരണം എന്നും ഭർത്താവ് ദുർമന്ത്രവാദിനിയോട് അപേക്ഷിച്ചു. എന്നാൽ അവർക്കുണ്ടാകുന്ന കുഞ്ഞിനെ തനിയ്ക്കു തന്നാൽ അയാളെ പോകാൻ അനുവദിയ്ക്കാം എന്ന് ദുർമന്ത്രവാദിനി ഒരു വ്യവസ്ഥ വെച്ചു. വേറെ വഴിയില്ലാത്തതിനാൽ അയാൾ അതു സമ്മതിച്ചു പുറത്തു കടന്നു.
അവർക്കു ഒരു പെൺകുട്ടി ജനിച്ചു. ദുർമന്ത്രവാദിനി ആ പെൺകുട്ടിയെ തന്റേതായി വളർത്തുകയും അവൾക്കു റാപുൻട്സെൽ എന്ന പേര് കൊടുക്കുകയും ചെയ്തു. അവൾ ഒരു സുന്ദരിയായ സ്ത്രീയായി വളർന്നു. അവളുടെ മുടിയ്ക്കു നല്ല നീളം ഉണ്ടായിരുന്നു. വേറെ ആരും അവളെ കാണാതിരിയ്ക്കാനായി ദുർമന്ത്രവാദിനി അവളെ കാടിന് നടുവിലെ ഒരു ഗോപുരത്തിൽ താമസിപ്പിച്ചു. വേറെ വാതിലുകളൊന്നും ഇല്ലാത്ത ഈ ഗോപുരത്തിന് ആകെ ഒരു മുറിയും അതിനു ഒരു ജനലും മാത്രമാണ് ഉണ്ടായിരുന്നത്. ദുർമന്ത്രവാദിനി റാപുൻട്സെലിനെ കാണാൻ ചെല്ലുമ്പോൾ താഴെ നിന്ന് വിളിച്ചു പറയും:
റാപുൻട്സെൽ, റാപുൻട്സെൽ, നിന്റെ മുടി താഴേയ്ക്ക് നീട്ടിയിടൂ, ഞാൻ അതിൽ പിടിച്ചു മുകളിലേയ്ക്കു കയറട്ടെ.
ഒരു ദിവസം ഒരു രാജകുമാരൻ ആ കാട്ടിൽ എത്തുകയും ഗോപുരത്തിൽ ഇരുന്നു റാപുൻട്സെൽ പാടുന്ന പാട്ടു കേൾക്കുകയും ചെയ്തു. പാട്ടിൽ മയങ്ങിപ്പോയ രാജകുമാരൻ അവളുടെ ഗോപുരത്തിനടുത്ത് എത്തിച്ചേർന്നു. പക്ഷേ ഗോപുരത്തിൽ കയറാനാകാതെ വിഷമിച്ചു തിരിച്ചു പോയി. പിന്നീട് എന്നും അയാൾ ഗോപുരത്തിന്റെ പരിസരങ്ങളിൽ ചുറ്റിനടക്കാൻ തുടങ്ങി. ഒരു ദിവസം ദുർമന്ത്രവാദിനി ഗോപുരത്തിന് താഴെ വന്ന് റാപുൻട്സെലിന്റെ മുടിയിൽ പിടിച്ചു കയറുന്നത് അയാൾ കണ്ടു. പിറ്റേ ദിവസം അയാൾ ഗോപുരത്തിന് താഴെ വന്ന് ദുർമന്ത്രവാദിനി പറയാറുള്ള പോലെ പറഞ്ഞു. റാപുൻട്സെൽ മുടി താഴേയ്ക്ക് ഇടുകയും രാജകുമാരൻ അതിൽ പിടിച്ചു മുകളിലേയ്ക്കു കയറുകയും ചെയ്തു. പുതിയ ഒരാളെ കണ്ടു റാപുൻട്സെൽ പേടിച്ചു പോയെങ്കിലും പിന്നീട് അയാൾ പ്രേമാഭ്യർത്ഥന നടത്തിയപ്പോൾ അവൾ അത് സ്വീകരിച്ചു.
അവൾക്കു അവിടെ നിന്നും രക്ഷപ്പെടാൻ അവർ ഒരു വഴി കണ്ടുപിടിച്ചു. എന്നും വൈകുന്നേരം രാജകുമാരൻ അവൾക്കു ഓരോ കഷണം സിൽക്ക് കൊണ്ടുകൊടുക്കും. അതു വെച്ച് അവൾ ഒരു നീണ്ട കയർ ഉണ്ടാക്കുകയും അതിലൂടെ അവൾ രക്ഷപ്പെടുകയും ചെയ്യും. എന്നാൽ ഈ പദ്ധതി വിജയിയ്ക്കുന്നതിനു മുൻപ് തന്നെ അവളുടെ വായിൽ നിന്ന് തന്നെ ദുർമന്ത്രവാദിനി അതിനെപ്പറ്റി അറിയുന്നു. കോപാകുലയായ ദുർമന്ത്രവാദിനി അവളുടെ മുടി മുറിച്ചു കളഞ്ഞ ശേഷം അവളെ കാട്ടിലേയ്ക്ക് തള്ളിവിടുന്നു.
രാജകുമാരൻ പതിവുപോലെ രാത്രി വന്നപ്പോൾ റാപുൻട്സെലിന്റെ മുറിച്ച മുടി ഉപയോഗിച്ച് അയാളെ ദുർമന്ത്രവാദിനി ഗോപുരത്തിലേയ്ക്ക് കയറ്റുന്നു. റാപുൻട്സെലിനെ തെരഞ്ഞ രാജകുമാരൻ ദുർമന്ത്രവാദിനിയെക്കണ്ട് ഭയന്നു പോയി. രാജകുമാരന് ഇനി ഒരിയ്ക്കലും റാപുൻട്സെലിനെ കാണാൻ സാധിയ്ക്കാത്ത വിധത്തിൽ ദുർമന്ത്രവാദിനി അയാളുടെ കണ്ണുകൾ ചൂഴ്ന്ന് എടുക്കുന്നു.
മാസങ്ങളോളം കാട്ടിൽ അലഞ്ഞുനടന്ന രാജകുമാരൻ അവസാനം എങ്ങനെയോ റാപുൻട്സെൽ താമസിയ്ക്കുന്നിടത്തു എത്തിച്ചേരുന്നു. അപ്പോഴേയ്ക്കും അവൾ അയാളിൽ നിന്നുള്ള രണ്ടു കുട്ടികളെ ഗർഭം ധരിച്ചു പ്രസവിച്ചിരുന്നു. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ഒരു ദിവസം അവൾ പതിവുപോലെ പാടുകയും ആ പാട്ടു കേട്ട് അയാൾ അവളെ കണ്ടെത്തുകയും ചെയ്തു. അവളുടെ ആഹ്ലാദകണ്ണീർ അയാൾക്ക് കാഴ്ച തിരിച്ചുകൊടുത്തു. അവർ അയാളുടെ രാജ്യത്തു തിരിച്ചെത്തുകയും സന്തോഷത്തോടെ ജീവിയ്ക്കുകയും ചെയ്തു.
ചില ഭാഷ്യങ്ങളിൽ രാജകുമാരൻ അവളെ തൊട്ടപ്പോൾ തന്നെ അവളുടെ മുടി വീണ്ടും വളർന്നു വന്നു. അതുപോലെ മറ്റു ചില ഭാഷ്യങ്ങളിൽ ഗോപുരത്തിൽ നിന്നും രാജകുമാരൻ പുറത്തു ചാടിയപ്പോൾ റാപുൻട്സെലിന്റെ മുറിഞ്ഞ മുടിയും കൊണ്ടാണ് ചാടിയത്. അതിനാൽ ദുർമന്ത്രവാദിനി ആ ഗോപുരത്തിൽ അകപ്പെട്ടുപോയി.
2010 ൽ പുറത്തിറങ്ങിയ ഡിസ്നി അനിമേഷൻ ചലച്ചിത്രമായ റ്റാൻഗിൾഡ് റപുൻട്സെലിന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ്. പിന്നീട് ഇതിന്റെ മറ്റു ഭാഗങ്ങൾ 2012'ലും (റ്റാൻഗിൾഡ് : എവർ ആഫ്റ്റർ), 2017 ലും (റ്റാൻഗിൾഡ് : ബിഫോർ എവർ ആഫ്റ്റർ) ഇറങ്ങി.[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.