മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ കേന്ദ്രമാണ്‌ മനുഷ്യമസ്തിഷ്ക്കം. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും കാണപ്പെടുന്ന അവയവങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായതാണ്‌ ഇത്. മറ്റ് സസ്തനികളുടെ മസ്തിഷ്ക്കത്തിനു തുല്യമായ ഘടനയോടുകൂടിയുള്ളതാണ്‌ മനുഷ്യമസ്തിഷ്ക്കവും, പക്ഷെ ഇതേ ശരീരവലിപ്പമുള്ള മറ്റ് സസ്തനികളുടെ മസ്തിഷ്ക്കങ്ങളുടെ ശരാശരി വലിപ്പത്തേക്കാളും മൂന്നിരട്ടിയിൽ കൂടുതൽ വലിപ്പമുണ്ട് മനുഷ്യമസ്തിഷ്കത്തിന്‌.[1] സെറിബ്രൽ കോർട്ടെക്സ് എന്ന ഭാഗമാണ്‌ കൂടുതൽ വികാസം പ്രപിച്ചിരിക്കുന്നത്, മസ്തിഷ്ക്കത്തിന്റെ മുൻപിൽ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ്‌ ഇത്. ഇതിൽ മുൻനിര ലോബുകൾ കൂടുതൽ വികസിച്ചതായി കാണപ്പെടുന്നു, ഈ ഭാഗമാണ്‌ സ്വയംനിയന്ത്രണം, ആസൂത്രണം, വിശകലനം, ചിന്ത തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത്. മനുഷ്യരിൽ കാഴ്ചയ്ക്ക് വേണ്ടി തലച്ചോറിൽ നീക്കിവെച്ചിരിക്കുന്ന ഭാഗം വളരെ കൂടുതലാണ്‌.

കൂടുതൽ വിവരങ്ങൾ മനുഷ്യമസ്തിഷ്കം, ലാറ്റിൻ ...
മനുഷ്യമസ്തിഷ്കം
മനുഷ്യന്റെ തലയോട്ടിയുടേയും മസ്തിഷ്ക്കത്തിന്റേയും രേഖാചിത്രം.
Cerebral lobes: the frontal lobe (pink), parietal lobe (green) and occipital lobe (blue)
ലാറ്റിൻ Cerebrum
ഗ്രെയുടെ subject #184 736
രീതി Central nervous system
ശുദ്ധരക്തധമനി Anterior communicating artery, middle cerebral artery
ധമനി Cerebral veins, external veins, basal vein, terminal vein, choroid vein, cerebellar veins
അടയ്ക്കുക

സസ്തനികളുടെ മുൻഗാമിയിൽ നിന്ന് സസ്തനികളിലേക്ക് ശേഷം പ്രൈമേറ്റുകളിലേക്കും തുടർന്ന് ആധുനിക മനുഷ്യനിലേക്കുമുള്ള മനുഷ്യമസ്തിഷ്ക്കത്തിന്റെ പരിണാമത്തിൽ പ്രകടമായ മാറ്റം കാണപ്പെടുന്നത് തലച്ചോറും ശരീരവും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതത്തിലാണ്‌. മനുഷ്യമസ്തിഷ്ക്കത്തിൽ 50 മുതൽ 100 ബില്ല്യൺ നാഡീകോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, ഇതിൽ 10 ബില്ല്യൺ എണ്ണം സെറിബ്രൽ കോർട്ടെക്സിൽ കാണപ്പെടുന്ന കോർട്ടിക്കൽ പിരമിഡ് കോശങ്ങളാണ്‌. ഈ കോശങ്ങളെല്ലാം പരസ്പരം 100 ട്രില്ല്യൺ സിനാപ്റ്റിക് ബന്ധങ്ങളിലൂടെ തുടിപ്പുകൾ (Signals) കൈമാറുന്നു.[2].

തലയോട്ടിക്കകത്ത് കട്ടിയുള്ള എല്ലുകളുടെ സം‌രക്ഷണ വലയത്തിൽ സെറിബ്രോസ്പൈനൽ ദ്രവത്തിൽ മസ്തിഷ്ക്കം സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ചുറ്റിലുമുള്ള രക്തചംക്രമണവുമായും തലച്ചോർ വേർതിരിക്കപ്പെട്ടുമിരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് ക്ഷതമേൽക്കുവാനും രോഗം ബാധിക്കുവാനും സാധ്യതയുണ്ട്. ശക്തിതിയേറിയ ഇടിമൂലം തലയ്ക്കേൽക്കുന്ന ആഘാതം, തലച്ചോറിലേക്കുള്ള രക്തചംക്രമണത്തിനുണ്ടാകുന്ന തടസ്സങ്ങൾ, വിഷബാധ, നാഡീവിഷമായി പ്രവർത്തിക്കാവുന്ന വിവിധ രാസപാദാർത്ഥങ്ങളുടെ ബാധ എന്നിവ അവയിൽ പെടുന്നു. തലച്ചോറിനു ചുറ്റുമുള്ള കവചങ്ങൾ കാരണം രോഗാണുബാധയേൽക്കാനുള്ള സാധ്യത കുറവാണെങ്കിലും അപൂർവ്വമായി അണുബാധയേൽക്കുമ്പോൾ അത് വളരെയധികം സാരമുള്ളതായിമാറുന്നു. ശേഷമുള്ളത് പാർക്കിൻസൺസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം തുടങ്ങിയ ജനിതക രോഗങ്ങളാണ്‌. മാനസിക രോഗങ്ങളുടെ വിവിധ അവസ്ഥകളും വിഷാദം തുടങ്ങിയവയും ഭാഗികമായെങ്കിലും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് കണക്കാക്കുന്നു, ഈ രീതിയിൽ തലച്ചോറിനുണ്ടാകുന്ന ക്രമരഹിത പെരുമാറ്റത്തിന്റെ കാരണം പൂർണ്ണമായും മനസ്സിലാക്കുവാൻ ഇതുവരെ സാധിച്ചിട്ടുമില്ല.

ഘടന

പ്രായപൂർത്തിയെത്തിയ ഒരു ശരാശരി മനുഷ്യന്റെ മസ്തിഷ്ക്കത്തിന്‌ 1400 ഗ്രാം ഭാരവും വ്യാപ്തം സ്ത്രീകളിൽ 1130 ക്യുബിക്ക് സെന്റിമീറ്ററും പുരുഷന്മാരിൽ 1260 ക്യുബിക്ക് സെന്റിമീറ്ററും ഉണ്ടാകും. കേന്ദ്രനാഡീവ്യവസ്ഥയുടെ 98%വും വരുന്ന മസ്തിഷ്കത്തിന്റെ പുറമേയുള്ള ആവരണമാണ് മെനിൻജസ്. മനുഷ്യരിൽ മെനിൻജസിന് മൂന്ന് വ്യക്തമായ പാളികളുണ്ട്. അവ ഡ്യൂറാമാറ്റർ, പയാമാറ്റർ, അരക്കിനോയ്ഡ് മാറ്റർ എന്നിവയാണ്. ഏറ്റവും ബാഹ്യതമപാളിയാണ് ഡ്യൂറാമാറ്റർ. നല്ല കടുപ്പവും ദൃഢതയുള്ളതുമായ ഈ പാളിയ്ക്കും തലയോട്ടിയ്ക്കുമിടയ്ക്ക് കാണപ്പെടുന്ന അറയാണ് എപ്പിഡ്യൂറൽ സ്പേയ്സ് (Epidural space). ജെല്ലിയോടു സാമ്യപ്പെടുത്താവുന്ന വിധത്തിലുള്ള മൃദുവായതാണ്‌ മസ്തിഷ്ക്കം.മസ്തിഷ്കത്തിലുള്ള അറകളാണ്‌ വെൻട്രിക്കിളുകൾ. ഈ അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ്‌ സെറിബ്രോ സ്പൈനൽ ദ്രാവകം. പീയൂഷഗ്രന്ഥിയും പീനിയൽ ഗ്രന്ഥിയും തലച്ചോറിലുണ്ട്.

മനുഷ്യമസ്തിഷ്കത്തിൽ പ്രധാനമായും നാലു ഭാഗങ്ങളുണ്ട്.[3]

സെറിബ്രം

Thumb
തലച്ചോറിന്റെ രണ്ട് അർധഭാഗങ്ങളെയും കൂട്ടിയിണക്കുന്ന കോർപ്പസ് കൊളോസം ആണ് ചിത്രത്തിൽ
പ്രധാന ലേഖനം: സെറിബ്രം

സെറിബ്രമാണ്‌ ഏറ്റവും വലിയ മസ്തിഷ്ക്കഭാഗം. സുബോധം ഉളവാക്കുന്ന മസ്തിഷ്ക ഭാഗമാണിത്. സെറിബ്രത്തിന്റെ മുൻഭാഗം(frontal lobe) ആണ്‌ സംസാരം, വിചാരം, വികാരം, വൈദഗ്ദ്ധ്യമാർന്ന ചലനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം.സ്പർശം ചൂട് വേദന തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നത് ,സെറിബ്രത്തിന്റെ മുൻ ഭാഗത്തിനു തൊട്ടു മുൻപിലുള്ള ഭാഗം(parietal lobe) ആണ്.[3]സെറിബ്രത്തിന്റെ പിൻ ഭാഗത്തെ മധ്യമേഖലയിലാണ്(occipital lobe} ദൃശ്യബിംബങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്.സെറിബ്രത്തിന്റെ രണ്ടു വശങ്ങളും(temporal lobes) കേൾവിയെ നിയന്ത്രിക്കുന്നു.കൂടാതെ ഓർമ്മകൾ സംഭരിച്ചു വയ്ക്കുന്നത് സെറിബ്രത്തിന്റെ പ്രധാന ധർമ്മമാണ്.സെറിബ്രത്തിന്റെ രണ്ട് അർദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന്‌ കോർപ്പസ് കൊളോസം എന്നു പറയുന്നു.

തലച്ചോറിന്റെ വലതുഭാഗം ശരീരത്തിന്റെ ഇടതുഭാഗത്തേയും തലച്ചോറിന്റെ ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തേയും പ്രവർത്തനെങ്ങളെ നിയന്ത്രിക്കുന്നു.[4]

സെറിബല്ലം

പ്രധാന ലേഖനം: അനുമസ്തിഷ്കം

സെറിബ്രം കഴിഞ്ഞാൽ എറ്റവും പ്രധാനപ്പെട്ട മസ്തിഷ്ക്ക ഭാഗമാണ്.സെറിബല്ലം അഥവാ അനുമസ്തിഷ്കം. സെറിബ്രത്തിനു പുറകിൽ അടിയിലായി ഇതു കാണപ്പെടുന്നു.പേശികളുടെ ചലനങ്ങൾ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനനില കാത്തുസൂക്ഷിക്കുകയുമാണിതിന്റെ ധർമ്മം.

ഡയെൻസിഫലോൺ

സെറിബ്രത്തിനു നടുവിലും ബ്രയിൻസ്റ്റെമിനു മുകളിലായും ഈ മസ്തിഷ്ക്ക ഭാഗം സ്ഥിതിചെയ്യുന്നു.ഇത് തലാമസ്, ഹൈപ്പോ തലാമസ് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു.ഇന്ദ്രിയങ്ങൾ വഴിയെത്തുന്ന സിരാസ്പന്ദനങ്ങളെ സ്വീകരിച്ച് അനുയോജ്യമായ മസ്തിഷ്കഭാഗത്തേക്ക് അയക്കുകയെന്നതാണ് തലാമസിന്റെ ധർമ്മം.ശരീരത്തിനു പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഒരു വ്യക്തി അറിയുന്നത് തലാമസിന്റെ പ്രവർത്തനം മൂലമാണ്.ശരീര ഊഷ്മാവ് നിയന്ത്രിക്കുക വിശപ്പും ദാ‍ഹവും ക്രമീകരിക്കുക എന്നതാണ് ഹൈപ്പോ തലാമസിന്റെ ധർമ്മം.പീയൂഷഗ്രന്ഥിയിൽ (En: Pituitary Gland) നിന്നുള്ള ഹോർമോൺ ഉല്പാദനം നിയന്ത്രിക്കുന്നതും ഈ മസ്തിഷ്ക ഭാഗം തന്നെ.

ബ്രെയിൻ സ്റ്റെം

ഹൃദയമിടിപ്പ് രക്തസമ്മർദ്ദം , ദഹനം, ശ്വസനം , എന്നിങ്ങനെയുള്ള ജീവൽ രക്ഷാപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് ബ്രെയിൻ സ്റ്റെമിന്റെ കർത്തവ്യമാണ്.ഉറക്കവും ഉണരലും നിയന്ത്രിക്കുന്നതും ഈഭാഗമാണ്.

മെഡുല്ല ഒബ്ലാംഗേറ്റ

ബ്രെയിൻ സ്റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണിത്. അനൈശ്ചിക ജീവൽ പ്രവർത്തനങ്ങളായ ശ്വസനം , ഛർദ്ദിൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു.ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്‌. ഈ മസ്തിഷ്ക ഭാഗമാണ്‌ സെറിബ്രോ സ്പൈനൽ ദ്രവം സ്രവിപ്പിക്കുന്നത്.സുഷുമ്‌ന നാഡി ബന്ധിപ്പിച്ചിരിക്കുന്നത് മെഡുല്ലയുമായിട്ടാണ്‌. റിഫ്ലക്സ് ആക്ഷൻ കയ്യിൽ മുള്ളുകൊള്ളുമ്പോഴോ പൊള്ളലേൽക്കുമ്പോഴോ അതിവേഗം നാം കൈവലിക്കുന്നു. നമ്മൾ ആലോചിച്ച്, എന്തുചെയ്യണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് വരുന്നതിന് മുമ്പ് ഈ പ്രതിപ്രവർത്തനം നടന്നിരിക്കും. ഉദ്ദീപനങ്ങൾക്കനുസരിച്ച് അനൈച്ഛികവും ആകസ്മികവുമായി ഉണ്ടാക്കുന്ന അതിവേഗ പ്രതികരണമാണ് റിഫ്ളക്സ് പ്രവർത്തനം. ഈ പ്രവർത്തനങ്ങൾ മെഡുല ഒബ്ലാo ഗേറ്റയിലും സുഷുമ്നയിലും വച്ചാണ് നിർവഹിക്കുന്നത്. ആകസ്മികമായി പ്രതികരിക്കേണ്ടി വരുമ്പോൾ സുഷുമ്നയിൽ വച്ചു തന്നെ പ്രതികരണത്തിന്നുള്ള നിർദ്ദേശങ്ങൾ നൽകപ്പെടുന്നു .അതിനുശേഷമായിരിക്കും ആ വേഗങ്ങൾ തലച്ചോറിൽ എത്തിച്ചേരുന്നത് ഇതേ തുടർന്നായിരിക്കും ബോധപൂർവ്വമായ പ്രതികരണം

രസകരമായ വിവരങ്ങൾ

  • ശരീരഭാരത്തിന്റെ 2% മാത്രമെ തലച്ചോറിനുള്ളുവെങ്കിലും മൊത്തം ഉപയോഗിക്കുന്ന ഓക്സിജന്റെ 20% തലച്ചോറ് ഉപയോഗിക്കുന്നു.
  • വളരെ താഴ്ന്ന ഊഷ്മാവിൽ തലച്ചോറ് വളരെ സമയം ഓക്സിജൻ ഇല്ലാതെ അതിജീവിക്കും.[5]
  • തലച്ചോറിന്റെ വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെ പ്രവർത്തനങ്ങളേയും ഇടതു പകുതി ശരീരത്തിന്റെ വലതുഭാഗത്തെ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നു.[4]
  • ഐൻസ്റ്റീന്റെ തലച്ചോരിന്റെ തൂക്കം 1250ഗ്രാമായിരുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ ശരാശരി തൂക്കം 1300 മുതൽ 1400ഗ്രാം വരെയാണ്. ശരാശരിയേക്കാൾ കുറവായിരുന്നു ഐൻസ്റ്റീന്റെ തലച്ചോറിന്റെ തൂക്കം.
  • മനുഷ്യ ലൈംഗികതയെ നിയന്ത്രിക്കുന്ന പ്രധാന അവയവം തലച്ചോർ ആണെന്ന് ശാസ്ത്രം തെളിയിക്കുന്നു. സെക്ഷുവൽ ഓറിയന്റേഷൻ, രതിമൂർച്ഛ തുടങ്ങിയവ പ്രധാനമായും മസ്തിഷ്ക്കത്തിന്റെ ധർമ്മം ആണെന്ന് ശാസ്ത്രലോകം പറയുന്നു. അതിനാൽ ഏറ്റവും വലിയ ലൈംഗികാവയവം എന്ന വിശേഷണവും തലച്ചോറിന് സ്വന്തം.

[6]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.