ഏഷ്യയിലെ ഉപപ്രദേശം From Wikipedia, the free encyclopedia
ഇന്നത്തെ ലോകരാജ്യങ്ങളുടെ സ്ഥിതിയനുസരിച്ച്, മദ്ധ്യേഷ്യ എന്നത്, പടിഞ്ഞാറ് കാസ്പിയൻ കടൽ, തെക്ക് ഇറാൻ, അഫ്ഗാനിസ്താൻ, വടക്ക് റഷ്യൻ സൈബീരിയ, കിഴക്ക് ചൈനയിലെ ക്സിൻജിയാങ് പ്രവിശ്യ എന്നിവക്കിടയിൽ സ്ഥിതിചെയ്യുന്ന ഭൂഭാഗമാണ്.[2] ലളിതമായി പറഞ്ഞാൽ, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തെത്തുടർന്നുണ്ടായ കസാഖ്സ്താൻ, കിർഗിസ്താൻ, താജികിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവയടങ്ങുന്ന മേഖലയാണിത്. അനൗപചാരികമായി സ്താനുകൾ എന്നും അറിയപ്പെടുന്നു.
പേർഷ്യക്കാരുടെ ഹഖാമനി സാമ്രാജ്യത്തിനു കീഴിലായിരുന്ന മദ്ധ്യേഷ്യയിൽ ബി.സി.ഇ. 329-327 കാലഘട്ടത്തിൽ അലക്സാണ്ടർ ആധിപത്യം സ്ഥാപിച്ചു. ഇന്നത്തെ ഉസ്ബെകിസ്താനും താജികിസ്താനും അഫ്ഗാനിസ്താനും അദ്ദേഹം പിടീച്ചടക്കി. താജികിസ്താനിലെ ഇന്നത്തെ കോജന്ദ് നഗരം സ്ഥാപിച്ചത് അലക്സാണ്ടറാണ്. ഇവിടെ വച്ചാണ് അലക്സാണ്ടർ തദ്ദേശീയ രാജകുമാരിയായിരുന്ന റോക്സന്നയെ വിവാഹം ചെയ്തത്.
ക്രിസ്ത്വാബ്ദത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ ഹൂണരുടേയും പേർഷ്യൻ സസാനിയരുടേയും തുർക്കികളുടേയും ചൈനക്കാരുടേയും രണഭൂമിയായി മദ്ധ്യേഷ്യ മാറി. 680-ആമാണ്ടോടെ അറബികൾ ഇസ്ലാം മതവുമായി മേഖലയിലെത്തി. എട്ടാം നൂറ്റാണ്ടീൽ സമർഖണ്ഡൂം ബുഖാറയും അധീനതയിലാക്കി. ഈ പട്ടണങ്ങൾ ഇസ്ലാമിന്റെ കോട്ടകളായി മാറി. 751-ആമാണ്ടിൽ അറബികൾ ചൈനക്കാരെ തോൽപ്പിച്ചതോടെ, മദ്ധ്യേഷ്യ ഇസ്ലാമിന്റെ വ്യാപനത്തിന് വളക്കൂറുള്ള മണ്ണായി. ഒമ്പത് പത്ത് നൂറ്റാണ്ടുകളിൽ അറബികളുടെ സാമന്തരായിരുന്ന സഫാരി-സമാനി[൧] സാമ്രാജ്യങ്ങൾക്കു കീഴിലായി. സമാനികൾക്കു ശേഷം തുർക്കിക് വിഭാഗങ്ങളായ ഗസ്നവികളും ക്വാറക്കനികളും മേഖലയിൽ ആധിപത്യം പുലർത്തി. സെൽജ്യൂക്കുകൾ എന്ന തുർക്കി വിഭാഗക്കാർ തന്നെയാണ് ഗസ്നവികളേയ്യും ക്വാറക്കനികളേയും തുരത്തിയത്. മദ്ധ്യേഷ്യക്ക് പുറമേ തുർക്കിയും നിയന്ത്രണത്തിലാക്കിയ ഇവർ ബാഗ്ദാദിലേക്കും ആധിപത്യം വ്യാപിപ്പിച്ചിരുന്നു. സെൽജ്യൂക്കുകളുടെ അധികാരം, ചൈന അതിർത്തി മുതൽ ഇറാഖ് വരെ വ്യാപിച്ചിരുന്നു. ചില അറബ് നാടൂകളും ഇവരുടെ അധികാരപരിധിയിൽ വന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ഈ മേഖല മുഴുവനും പിടിച്ചടക്കിയ ചെങ്കിസ് ഖാന്റെ 48.6 ലക്ഷം ചതുരശ്ര മൈൽ വിസ്തീർണ്ണമുണ്ടായിരുന്ന സാമ്രാജ്യത്തിന്റെ ഏറിയ പങ്കും മദ്ധ്യേഷ്യയിലായിരുന്നു. 1227-ൽ ചെങ്കിസ് ഖാൻ മരിച്ചതിനു ശേഷം മദ്ധ്യേഷ്യ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ചഗതായുടെ ഭരണത്തിലായി. ചഗതായുടെ പിന്മുറക്കാരുടെ കാലത്ത് പടിഞ്ഞാറ് ട്രാൻസോക്ഷ്യാന, കിഴക്ക് തുർക്കിസ്താൻ[൨] എന്നിങ്ങനെ മദ്ധ്യേഷ്യ രണ്ടു ഭാഗങ്ങളായി വിഘടിച്ചു.[2] 1347-ൽ ചഗതായ് ഭരണാധികാരിയെ അട്ടിമറിച്ച്, ചഗതായ് ഉലു വിഭാഗത്തിലെ ഖ്വാറവ്നാകളുടെ നേതാവായിരുന്ന[3] അമീർ കാജ ഖാൻ ട്രാൻസോക്ഷ്യാനയിൽ അധികാരമേറ്റു. ഒരു ദശാബ്ദത്തിനു ശേഷം, തുർക്കിസ്താൻ ഭരണാധികാരിയുടെ ആളൂകൾ കാജാ ഖാനെ വധിച്ചു.[2]
കാജാ ഖാന്റെ പിൻഗാമിയായ ആമിർ ഹുസൈനെ പരാജയപ്പെടുത്തി[3] തിമൂർ മദ്ധ്യേഷ്യയുടെ ആധിപത്യം കൈക്കലാക്കുകയും ലോകത്തിലെ രണ്ടാമത് വിസ്തൃതിയേറിയ സാമ്രാജ്യത്തിന്റെ അധിപനാകുകയും ചെയ്തു. തിമൂറിന്റെ പിൻഗാമികളിൽ നിന്നും പതിനഞ്ചാം നൂറ്റാണ്ടോടെ ഷൈബാനി വംശജർ മദ്ധ്യേഷ്യയുടെ നിയന്ത്രണം കൈയടക്കുകയും തുടർന്ന് മുഹമ്മദ് ഷൈബാനി ഖാന്റെ നേതൃത്വത്തിൽ അവർ ഇറാനിയൻ പീഠഭൂമിയിലേക്ക് കടക്കാനാരംഭിക്കുകയും ചെയ്തു. എന്നാൽ സഫവി സാമ്രാജ്യസ്ഥാപകനായ ഷാ ഇസ്മാഈൽ ഷൈബാനികളെ തടയുകയും 1510-ൽ മുഹമ്മദ് ഷൈബാനി ഖാനെ യുദ്ധത്തിൽ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ മദ്ധ്യേഷ്യയിൽ പേർഷ്യൻ ആധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു.
പതിനാറാം നൂറ്റാണ്ടീൽ യൂറോപ്പും ഏഷ്യയും തമ്മിൽ കടൽമാർഗ്ഗം തുറക്കപ്പെട്ടതോടെ പട്ടുപാതയുടെ പ്രാധാന്യം കുറഞ്ഞു. അതോടെ മേഖല, ചെറിയ ചെറിയ ഖാനേറ്റുകളായി പിളർന്നു. ഖീവയിലേയും കോകന്ദിലേയും ഖാനേറ്റുകൾ, ബുഖാറയിലെ അമീറത്ത് എന്നിവയായിരുന്നു ഇതിൽ പ്രമുഖമായത്. ഇവ യഥാക്രമം കങ്റാദ്, മിങ്, മൻഗിത് എന്നീ രാജവംശങ്ങളുടെ ഭരണത്തിലായിരുന്നു.[2]
1650-ഓടെ റഷ്യൻ സാർ ചക്രവർത്തിമാർ കിഴക്ക് സൈബീരിയ മുഴുവൻ പിടിച്ചടക്കി, ശാന്തസമുദ്രത്തിന്റെ വക്കിലെത്തുകയും ചെയ്തു. ഇതോടെ അവർ തെക്കോട്ട് മുന്നേറാനാരംഭിച്ചു. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ രണ്ടു ഘട്ടങ്ങളിലായി സാർ സാമ്രാജ്യം മദ്ധ്യേഷ്യ പൂർണ്ണമായും അധീനതയിലാക്കി. 1715 മുതൽ 1854 വരെയുള്ള ആദ്യഘട്ടത്തിൽ അവർ കസാഖ് സ്റ്റെപ്പികൾ കൈക്കലാക്കി. 1865 മുതൽ 1881 വരെയുള്ള രണ്ടാം ഘട്ടത്തിൽ മദ്ധ്യേഷ്യയിലെ മിച്ചമുള്ള പ്രദേശങ്ങൾ കൂടി റഷ്യക്കാരുടെ നിയന്ത്രണത്തിലായി.
സാമ്പത്തികതാല്പര്യങ്ങൾക്കുപുറമേ റഷ്യക്കാരുടെ തെക്കോട്ടുള്ള മുന്നേറ്റത്തിന് പ്രേരകശക്തിയായി വർത്തിച്ച പ്രധാന കാരണം, ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ, മദ്ധ്യേഷ്യയിലേക്കുള്ള മുന്നേറ്റമായിരുന്നു. റഷ്യയുടേയും ബ്രിട്ടന്റേയും പരസ്പരമൽസരങ്ങളെ വൻകളി എന്നാണ് വിളിക്കുന്നത്. മദ്ധ്യേഷ്യയുടെ നിയന്ത്രണം മുഴുവൻ കൈക്കലാക്കിയ റഷ്യക്കാർ, ഇന്നത്തെ ഉസ്ബെകിസ്താനിലെ താഷ്കന്റ് നഗരത്തെ ഒരു സൈനിക ആസ്ഥാനവും വ്യാവസായികകേന്ദ്രവുമായി വികസിപ്പിച്ചു.
റഷ്യയുടെ അതിർത്തി അഫ്ഗാനിസ്താന്റെ വടക്കുവശം വരെ എത്തിയതോടെ ബ്രിട്ടീഷുകാരുമായി ഒരു ധാരണയിലെത്താനും അഫ്ഗാനിസ്താന്റെ വടക്കൻ അതിരിത്തി നിർണ്ണയിക്കാനും സാർ ചക്രവർത്തിയും ബ്രിട്ടീഷുകാരും തീരുമാനിച്ചു. ബ്രിട്ടീഷ് ഇന്ത്യയും സാറിസ്റ്റ് റഷ്യയും തമ്മിൽ നേരിട്ട് അതിർത്തി വരാത്ത വിധം അഫ്ഗാനിസ്താനെ ഒരു ഇടപ്രദേശമായി അംഗീകരിച്ചു. തമ്മിൽ നേരിട്ടുള്ള തിർത്തി ഒഴിവാക്കുന്നതിന് കിഴക്കൻ അഫ്ഗാനിസ്താനിൽ വഖാൻ എന്ന നാക്കുപോഎയുള്ള ഭാഗം കൂട്ടിച്ചേർത്തത് ഇക്കാലത്താണ്. സാർ നിക്കോളസ് രണ്ടാമൻ (1894 മുതൽ 1917) ഈ ധാരണ 1895-ൽ അംഗീകരിച്ചു.[2]
യൂറോപ്യൻ, മംഗോളിയൻ, ഇറാനിയൻ വംശജരുടെ സങ്കരവംശജരാണ് മദ്ധ്യേഷ്യയിലെ ജനങ്ങൾ. യൂറോപ്യന്മാരുടേയും മംഗോളിയരുടേയും സങ്കരഫലമായാണ് തുർക്കി, താതാർ വംശജരുണ്ടായത്. ഇറാനിയരുടേയും മംഗോളിയരുടേയ്യും മിശ്രണഫലമായുള്ളവരാണ് താജിക്കുകൾ. തുർക്കികളും ഇറാനിയരും തമ്മിലുള്ള സങ്കരവംശജരാണ് ഉസ്ബെക്കുകൾ. തുർക്കികളും മംഗോളിയരും തമ്മിലുള്ള രണ്ടാംഘട്ടമിശ്രണമാണ് കസാഖ്-കിർഗിസ്-തുർക്ക്മെൻ വംശജർക്കു പിന്നിൽ.
ഇതിൽ കസാഖ്, കിർഗിസ്, തുർക്ക്മെൻ വംശജർ പ്രധാനമായും നാടോടികളാണ്. മറ്റുള്ളവർ, നദീതടങ്ങളിലും മരുപ്പച്ചകളിലും സ്ഥിരതാമസമാക്കിയവരാണ്. നാടോടികൾകാലി മേയ്ക്കുകയും സ്ഥിരതാമസക്കാർ കൃഷിക്കാരാണ്. പൊതുവേനിരക്ഷരരായ ഇവർ കല്ലോ ചുടുകട്ടയോ കൊണ്ടുണ്ടാക്കിയ ഒറ്റനിലവീടൂകളിൽ ചെറിയ സമൂഹമായാണ് വസിക്കുന്നത്. ഏതാണ്ടെല്ലാവരും ഇസ്ലാം മതവിശ്വാസികളുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.