മഗ്ദലനമറിയം
From Wikipedia, the free encyclopedia
യേശുവിന്റെ അനുയായിവൃന്ദത്തിലെ ഏറ്റവും അറിയപ്പെടുന്ന അംഗങ്ങളിൽ ഒരുവളും യേശു നയിച്ച പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ത്രീ സഹചാരികളിൽ സർവ്വപ്രധാനിയും ആയിരുന്നു മഗ്ദലനമറിയം. ഗലീലാക്കടലിന്റെ പടിഞ്ഞാറേക്കരയിലെ ഒരു വലിയ പട്ടണമായിരുന്ന 'മഗ്ദല' ആയിരുന്നു അവളുടെ സ്വദേശം എന്നാണ് പേരിലെ സൂചന.[2]
മഗ്ദലനമറിയം | |
---|---|
ശിഷ്യ | |
ജനനം | തിയതിയും സ്ഥലവും നിശ്ചയമില്ല |
മരണം | തിയതി നിശ്ചയമില്ല സ്ഥലം ഏഷ്യാമൈനറിലെ എഫേസോസ് ആയിരിക്കാം[1] |
വണങ്ങുന്നത് | പൗരസ്ത്യക്രിസ്തീയത റോമൻ കത്തോലിക്കാ സഭ ആംഗ്ലിക്കൻ കൂട്ടായ്മ ലൂഥറൻ സഭ മറ്റു പ്രൊട്ടസ്റ്റന്റ് സഭകൾ ബഹായ് മതം |
ഓർമ്മത്തിരുന്നാൾ | ജൂലൈ 22 |
പ്രതീകം/ചിഹ്നം | പാശ്ചാത്യം: എണ്ണയുടെ കൽഭരണി പൗരസ്ത്യം: സുഗന്ധലേപനപ്പാത്രം (മീറ), അല്ലെങ്കിൽ ഉയിർപ്പിന്റെ പ്രതീകമായ ചുവന്ന മുട്ടയുമായി; ഉത്ഥാനം ചെയ്ത യേശുവിനെ പാദാശ്ലേഷം ചെയ്യുന്ന മട്ടിൽ |
യേശുവിന്റെ ഉറ്റസുഹൃത്തായിരുന്ന അവളെക്കുറിച്ച്, അദ്ദേഹത്തിന്റെ അന്ത്യദിനങ്ങളുടേയും പുനരുത്ഥാനത്തിന്റേയും സുവിശേഷാഖ്യാനങ്ങളിൽ ഹ്രസ്വമെങ്കിലും കാതലായ പരാമർശങ്ങൾ കാണാം. യോഹന്നാൻ ഒഴിച്ചുള്ള പുരുഷശിഷ്യന്മാർ ഭയന്നോടിയ ശേഷവും കുരിശിൻ ചുവട്ടിൽ ഉണ്ടായിരുന്ന അവൾക്കാണ് ഉയിർത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷനായത്.[3] ജ്ഞാനവാദപാരമ്പര്യത്തിൽ പെട്ട അകാനോനിക ക്രിസ്തീയലിഖിതങ്ങളിൽ 'മഗ്ദലന' ആദ്യകാലക്രിസ്തീയതയിലെ നേതൃസ്ഥാനികളിൽ ഒരുവളും യേശുവിൽ നിന്ന് നിഗൂഢമായ സവിശേഷജ്ഞാനം ലഭിച്ചവളുമായി പ്രത്യക്ഷപ്പെടുന്നു.[4][5][6]
എങ്കിലും പാപമാർഗ്ഗത്തിൽ നിന്ന് യേശു രക്ഷപെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഗാഢഭക്തയായിത്തീർന്ന സ്ത്രീയുടെ കാല്പനികചിത്രമാണ് മഗ്ദലനയെ സംബന്ധിച്ച സാമാന്യസങ്കല്പമായി മുഖ്യധാരാക്രിസ്തീയതയിൽ പിൽക്കാലത്തു പ്രചരിച്ചത്.[7] മലയാളത്തിൽ വള്ളത്തോൾ രചിച്ച 'മഗ്ദലനമറിയം' എന്ന കാവ്യം പോലും ഈ വികലസങ്കല്പം പിന്തുടരുന്നു.[8]