From Wikipedia, the free encyclopedia
മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരകമായ മഹാമാരികളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധ അഥവാ ബ്ലാക്ക് ഡെത്ത് (Black Death). ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.[1][2][3] ഇതിനു മുൻപ് യൂറോപ്പിൽ വ്യാപകമായി പ്ലേഗ് ബാധയുണ്ടായത് 800 വർഷങ്ങൾക്കപ്പുറമായിരുന്നു.
ഈ പകർച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പിൽ മരണമടഞ്ഞവരുടെ മൃതശരീരത്തിൽ നിന്നു ശേഖരിച്ച ഡി.എൻ.എ. സമീപകാലത്ത് പരിശോധിച്ചതിൽ നിന്നും ബ്യൂബോണിക് പ്ലേഗ് ഉണ്ടാക്കുന്ന യെർസീനിയ പെസ്റ്റിസ് എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തപ്പെട്ടിട്ടുള്ള പ്ലേഗ് രോഗകാരികളിൽ നിന്നും വളരെ വ്യത്യസ്തമായവയായിരുന്നു ബ്ലാക്ക് ഡെത്തിനു കാരണമായത്.[4][5]
ഏഷ്യയിൽ (ചൈനയിലോ മദ്ധേഷ്യയിലോ) ആരംഭിച്ച അസുഖം[6] 1348-ൽ യൂറോപ്പിലെത്തി. സിൽക്ക് റോഡുവഴിയാവണം 1346-ൽ ഈ അസുഖം ക്രിമിയയിൽ എത്തിയത്. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് യൂറോപ്പിലെത്തിയത്. വ്യാപാരക്കപ്പലുകളിലെ സഞ്ചാരികളായ കറുത്ത എലികളിൽ വസിക്കുന്ന പൗരസ്ത്യ എലിച്ചെള്ളുകൾ വഴിയാവണം ക്രിമിയയിൽ നിന്ന് മെഡിറ്ററേനിയൻ പ്രദേശത്തേയ്ക്ക് അസുഖം പടർന്നത്. യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു.[7] ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. [8] മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്. [9]
ബ്ലാക്ക് ഡെത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു.[10] ഈ സമയത്ത് നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു.[11] 1361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു. [12] 1370കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി.[13] ലണ്ടനിൽ 1665–66 കാലത്തുണ്ടായ പ്ലേഗ് ബാധ ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% ആയിരുന്നു. [14]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.