From Wikipedia, the free encyclopedia
ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തലേന്നത്തെ വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം (ഇംഗ്ലീഷ്: Maundy Thursday) എന്ന് അറിയപ്പെടുന്നത്. കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.
പെസഹാ വ്യാഴം (Maundy Thursday) | |
---|---|
ആചരിക്കുന്നത് | ക്രിസ്ത്യാനികൾ |
പ്രാധാന്യം | യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ അനുസ്മരണം |
അനുഷ്ഠാനങ്ങൾ | വിശുദ്ധ കുർബ്ബാന, കാൽകഴുകൽ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കൽ |
തിയ്യതി | Easter − 3 days |
2023-ലെ തിയ്യതി | ഏപ്രിൽ 6 (പാശ്ചാത്യം) ഏപ്രിൽ 13 (പൗരസ്ത്യം) |
2024-ലെ തിയ്യതി | മാർച്ച് 28 (പാശ്ചാത്യം) മേയ് 2 (പൗരസ്ത്യം) |
ആവൃത്തി | എല്ലാ വർഷവും |
ബന്ധമുള്ളത് | വിശുദ്ധ വാരം, ഈസ്റ്റർ |
പെസഹാ വ്യാഴത്തിലെ സന്ധ്യാപ്രാർത്ഥനകളോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈസ്റ്റർ ത്രിദിനങ്ങളായ ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.
ക്രിസ്തുമതത്തിന്റെ ആവിർഭാവത്തിനും നൂറ്റാണ്ടുകൾ മുൻപു തന്നെ പെസഹാ ആചരണം യഹൂദരുടെ ഇടയിൽ ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്നും അവർ പെസഹയെ വിളിക്കുന്നു.[1] ഇസ്രയേൽ ജനത്തിനെ മിസ്രയിമിലെ അടിമത്തത്തിൽ നിന്നു ദൈവം മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് യഹൂദർ പെസഹാ ആഘോഷിക്കുന്നത്. യഹൂദർ ദൈവത്തിന്റെ നിർദ്ദേശപ്രകാരം വീടുകളുടെ വാതിലിന്റെ കട്ടിളക്കാലുകളിൽ ആടിന്റെ രക്തം തളിക്കുകയും അതു കണ്ട് സംഹാരദൂതൻ യഹൂദരുടെ വീടുകളെ കടന്നു പോവുകയും മിസ്രയീമ്യരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തതായി എബ്രായ ബൈബിളിലെ പുറപ്പാട് പുസ്തകത്തിലെ വിവരണത്തെ അടിസ്ഥാനമാക്കിയാണ് 'കടന്നു പോകുക' (passover) എന്നർഥമുള്ള 'പെസഹ' എന്ന് ഈ പെരുന്നാളിനെ അവർ വിളിക്കുന്നത്. പെസഹാ ദിവസം കുടുംബനാഥന്റെ നേതൃത്വത്തിൽ ബലിയാടിനെ കൊന്ന് അതിന്റെ രക്തം പാപപരിഹാരമായി അർപ്പിക്കും. ഇതിന്റെ മാംസം ചുട്ട് പുളിപ്പില്ലാത്ത അപ്പത്തിന്റെ കൂടെ ഭക്ഷിക്കും.[1] തീർത്ഥാടകപ്പെരുന്നാളുകൾ എന്നറിയപ്പെടുന്ന യഹൂദമതത്തിലെ മൂന്ന് പ്രധാന പെരുന്നാളുകളിൽ ഒന്നാണ് പെസഹ. യേശുവിനു ശേഷം എ.ഡി. 70-ൽ ജറുസലേം ദേവാലയം നശിപ്പിക്കപ്പെടുന്നതു വരെ യഹൂദർ ഈ പെരുന്നാൾ ആഘോഷപൂർവം ആചരിച്ചു പോന്നിരുന്നു.
യേശു അവസാനമായി ആചരിച്ച പെസഹായുടെയും അദ്ദേഹത്തിന്റെ അന്ത്യഅത്താഴത്തിന്റെയും വിവരണം ബൈബിൾ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിലും കാണുന്നുണ്ട്.[2] ലൂക്കാ എഴുതിയ സുവിശേഷത്തിലെ വിവരണം ഇപ്രകാരമാണ്:
" പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ അവൻ [യേശു] പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു: നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻ ചെന്നു വീട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു. അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു. അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിൻറെ ദിനം വന്നുചേർന്നു.
യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ യേശു അന്ത്യ അത്താഴത്തോട് അനുബന്ധമായി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാലുകൾ കഴുകി, അരയിൽ കെട്ടിയിരുന്നതായ തോർത്ത് എടുത്ത് തുവർത്തിയതിന് ശേഷം ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നുണ്ട് : " നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു." അത്താഴത്തിനു ശേഷം വീണ്ടും യേശു ശിഷ്യന്മാരോട് ഇപ്രകാരം അനുശാസിക്കുന്നുണ്ട് : "നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ". [3] ഈ 'കല്പന'യിൽ (ലത്തീനിൽ mandatum , പഴയ ഫ്രഞ്ചിൽ mandé) നിന്നാണ് പെസഹാ വ്യാഴത്തിന് ഇംഗ്ലീഷിൽ Maundy Thursday എന്ന പേരുണ്ടായത്.[4]
പുതിയ നിയമത്തിലെ പെസഹായുടെ പിന്തുടർച്ചയാണ് ഇന്നത്തെ ക്രൈസ്തവരുടെ പെസഹാ ആചരണം. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തിൽ നൽകുന്ന ചടങ്ങിന്റെ പശ്ചാത്തലം യേശുവിന്റെ അന്ത്യഅത്താഴവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങളാണ്. അതിനാൽ ക്രിസ്ത്യൻ സഭകൾ പെസഹാ വ്യാഴത്തെ കുർബാന സ്ഥാപിച്ച ദിനമായും അനുസ്മരിക്കുന്നു.[5] പെസഹായ്ക്കു ബലിയർപ്പിക്കേണ്ട ആടിനു പകരം പെസഹാകുഞ്ഞാടായി മാറിയ യേശു മനുഷ്യകുലത്തിന്റെ മുഴുവൻ പാപപരിഹാര ബലിയായി സ്വയം അർപ്പിച്ചു എന്നതാണ് പെസഹാ ആചരണവുമായി ബന്ധപ്പെട്ട ക്രൈസ്തവ വീക്ഷണം.[1]
തന്റെ ശിഷ്യൻമാരുടെ കാൽ കഴുകി ലോകത്തിന് മുഴുവൻ യേശു എളിമയുടെ സന്ദേശം നൽകിയതിൻറെ ഓർമപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാൽകഴുകൽ ശുശ്രൂഷ. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകൾ പുരോഹിതൻ കഴുകി തുടച്ച് ചുംബിക്കും.
അന്ത്യ അത്താഴത്തിൻറെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. അന്നേ ദിവസം കേരളത്തിലെ നസ്രാണികളുടെ ഇടയിൽ പെസഹ അപ്പം ഉണ്ടാക്കുന്ന പതിവുണ്ട്. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് "പെസഹ പാലിൽ" മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.
പുളിക്കാത്ത മാവു കൊണ്ട് ഉണ്ടാക്കുന്ന അപ്പമായതിനാൽ ഇതിനു 'പുളിയാത്തപ്പം' എന്നും കുരുത്തോല കൊണ്ടുള്ള കുരിശടയാളം അപ്പത്തിന്മേൽ പതിപ്പിക്കുന്നത് കൊണ്ട് 'കുരിശപ്പം' എന്നും ഇതിനു പേരുണ്ട്.[6] ഇതിന് 'ഇണ്ടറി അപ്പം' എന്നും പേരുണ്ട്. കുരിശിനുമുകളിൽ എഴുതുന്ന "INRI" യെ (മലയാളത്തിൽ "ഇൻറി") അപ്പവുമായി കൂട്ടി വായിച്ചാണ് ഇതിന് ഇൻറി അപ്പമെന്നും കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും പേർ ഉണ്ടായതാണെന്ന് പറയപ്പെടുന്നു.[6] എന്നാൽ ഇൻറി അപ്പം എന്ന പേരിലെ 'ഇൻറി' എന്നത് പഴന്തമിഴ് (മലയാളം-തമിഴ് എന്നിങ്ങനെ പിളരുന്നതിന് മുൻപുള്ള ഭാഷ) വാക്കാണെന്നു അഭിപ്രായമുണ്ട്.[അവലംബം ആവശ്യമാണ്] ഇൻറി എന്ന വാക്കിന്റെ അർത്ഥം 'കൂടാതെ, ഇല്ലാതെ' എന്നൊക്കെയാവുന്നു. പെസഹാ അപ്പം അഥവാ ഇൻറി അപ്പം പുളിപ്പില്ലാത്ത അപ്പം ആയതുകൊണ്ടാണ് ഇത് ഇൻറി അപ്പം ആയതത്രേ.[അവലംബം ആവശ്യമാണ്]
പെസഹാ അപ്പത്തിന്റെയും പാലിന്റെയും പാചകക്രമത്തിൽ പ്രാദേശികമായി ചില വ്യത്യാസങ്ങളും നിലവിലുണ്ട്. ചിലയിടങ്ങളിൽ "പാല് കുറുക്ക്" (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റേ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.
പെസഹാ അപ്പം
പെസഹാ പാൽ
കൽത്തപ്പം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.