From Wikipedia, the free encyclopedia
ജൈവ-വർഗീകരണ ക്രമത്തിലെ ഏതെങ്കിലും ശ്രേണി അഥവാ പ്രയുക്തമാക്കാവുന്ന ഏതെങ്കിലും ജീവികളുടെ സംഘത്തെയാണ് ടാക്സോൺ എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ജീവികളുടെ ശാസ്ത്രീയ വർഗീകരണ നിയമമാണ് ടാക്സോണമി എന്ന പേരിലറിയപ്പെടുന്നത്. വർഗീകരണ സ്ഥാനാനുക്രമത്തിലെ ഏതെങ്കിലും നിലയിലുള്ള ഏകസ്രോതോൽഭവജീവികളുടെ സംഘമാണ് ടാക്സോൺ എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇത് ഒരു പ്രത്യേക സ്പീഷീസോ കുടുംബമോ വർഗമോ ആവാം. ഒരു ലാറ്റിൻ നാമമോ അക്ഷരമോ അക്കമോ മറ്റെന്തെങ്കിലും പ്രതീകമോ ഉപയോഗിച്ച് ഇതിനെ നിർദ്ദേശിക്കുകയും ചെയ്യാം. ടാക്സോണിന്റെ ബഹുവചനം ടാക്സ എന്നാണ്.
ടാക്സ അഥവാ വർഗീകരണ സംഘങ്ങൾ തിരിച്ചറിയപ്പെടുന്നത് അതിർത്തി നിർണയിക്കപ്പെടാവുന്നതും വിവരിക്കപ്പെടാവുന്നതുമായ നൈസർഗിക അസ്തിത്വങ്ങളായാണ്. ഒരു ടാക്സോണിലെ അംഗങ്ങളെ സദൃശസവിശേഷതകളുടെ പരസ്പര പങ്കുവയ്ക്കലിലൂടെ തിരിച്ചറിയാനാവും. സ്വഭാവവിശേഷങ്ങളുടെ വ്യത്യാസം വഴി ഒരു ടാക്സോണിനെ മറ്റൊരു ടാക്സോണിൽ നിന്നും തിരിച്ചറിയാനും കഴിയും. രണ്ട് ടാക്സയുടെ പരിണാമ ബന്ധങ്ങൾക്കിടയിലുണ്ടെന്ന് കരുതപ്പെടുന്ന വിടവിനെയാണ് സ്വഭാവവിശേഷങ്ങളുടെ ഈ വ്യത്യാസം പ്രതിനിധാനം ചെയ്യുന്നത്. ഒരു ടാക്സോണിലെ അംഗങ്ങൾ തമ്മിൽ ഏകസ്രോതോത്പത്തി പങ്കുവയ്ക്കുന്നുമുണ്ട്.
സ്പീഷീസിന്റെ ടാക്സ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇവയ്ക്കു തനതു പ്രത്യേകതകളുണ്ട്. ഒരു സ്പീഷീസിലെ അംഗങ്ങൾ തമ്മിൽ സങ്കരണം നടക്കുമെങ്കിലും ഇവ മറ്റു സ്പീഷീസിൽ നിന്നും പ്രത്യുത്പാദന വിയോജനം കാത്തു സൂക്ഷിക്കുന്നു.
ടാക്സോണും കാറ്റഗറി അഥവാ സംവർഗവും എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. സംവർഗം ചില സങ്കല്പനങ്ങളെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. ഇതിനെ ശരിയായി നിർവചിക്കാനുമാവും. അതേസമയം ടാക്സ എന്നത് പ്രകൃതിയിലുള്ള ജീവജാലങ്ങളുടെ സംഘങ്ങളാണ്. എങ്കിലും ഒരു ടാക്സോണിനെ തിരിച്ചറിയാനും മറ്റൊരു ടാക്സോണിൽ നിന്നും വേർതിരിച്ചു നിർത്താനും വർഗീകരണ സ്ഥാനക്രമത്തിൽ ഒരു പ്രത്യേക സ്ഥാനം നൽകാനും ഉള്ള സരളരീതികളൊന്നും നിലവിലില്ല.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാക്സോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.