ജോൺ കാൽവിൻ
From Wikipedia, the free encyclopedia
പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ നടന്ന നവീകരണത്തിന്റെ നേതാക്കളിൽ ഒരാളായ ഫ്രെഞ്ച് ദൈവശാസ്ത്രജ്ഞനും പാസ്റ്ററുമായിരുന്നു ജോൺ കാൽവിൻ (ജനനം: 10 ജൂലൈ 1509; മരണം: 27 മേയ് 1564). നവോത്ഥാനപാരമ്പര്യത്തിൽ ഒരു മാനവീയ അഭിഭാഷകനായി പരിശീലനം നേടിയ അദ്ദേഹം, 1530-നടുത്ത കാലത്ത് കത്തോലിക്കാസഭയുമായി തെറ്റിപ്പിരിഞ്ഞു. ക്രിസ്തീയദൈവശാസ്ത്രത്തിൽ പിൽക്കാലത്ത് കാൽവിൻവാദം(Calvinism) എന്നറിയപ്പെട്ട പക്ഷത്തിന്റെ വികാസത്തിൽ ഏറ്റവും പ്രധാനപങ്ക് കാൽവിന്റേതായിരുന്നു. ലത്തീൻ, ഫ്രെഞ്ച് ഭാഷകളിൽ സമർത്ഥനായ ഒരെഴുത്തുകാരനായിരുന്ന കാൽവിൻ ക്രിസ്തീയ ചിന്തയെ ആഴത്തിൽ സ്വാധീനിച്ച ഒട്ടേറെ ലേഖനങ്ങളുടേയും വേദപുസ്തകവ്യാഖ്യാനങ്ങളുടേയും പേരിലും ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ ('ഇൻസ്റ്റിട്യൂട്ടുകൾ') എന്ന മുഖ്യരചനയുടേയും പേരിലും അറിയപ്പെടുന്നു.
ജോൺ കാൽവിൻ | |
---|---|
ജനനം | ജീൻ കാൽവിൻ (1509-07-10)10 ജൂലൈ 1509 നൊയോൺ, പിക്കാർഡി, ഫ്രാൻസ് |
മരണം | 27 മേയ് 1564(1564-05-27) (പ്രായം 54) ജനീവ, സ്വിറ്റ്സർലൻഡ് |
തൊഴിൽ | പാസ്റ്റർ, ലേഖകൻ |
ആശയധാര | കാൽവിൻവാദം |
പ്രധാന കൃതികൾ | "ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ" |
ഒപ്പ് | |
വടക്കൻ ഫ്രാൻസിൽ പിക്കാർഡി പ്രവിശ്യയിലെ നൊയോണിൽ ജനിച്ച കാൽവിന്റെ നവീകരണപ്രവർത്തനങ്ങൾ സ്വിറ്റ്സർലൻഡിലെ ജനീവ നഗരം കേന്ദ്രമാക്കിയായിരുന്നു. ജനീവയിൽ ഔദ്യോഗികപദവികളോ പൗരത്വമോ ഇല്ലാതെ കഴിഞ്ഞിട്ടും, നിയമദാതാവും മാർഗ്ഗദർശിയും എന്ന നിലയിൽ ഏറെക്കാലം അദ്ദേഹം ആ നഗരത്തിന്റെ ഭാഗധേയങ്ങളെ നിയന്ത്രിച്ചു.[1] പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയെ ഒരു ആഗോളധർമ്മമാക്കി മാറ്റുന്നതിൽ പ്രധാനപങ്കുവഹിച്ച കാൽവിൻ ആധുനികലോകത്തിന്റെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച വ്യക്തികളിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. [2]