ഇംഗ്ലീഷ് പര്യവേക്ഷകനും നാവികനും ഭൂപട നിർമാതാവും From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് പര്യവേക്ഷകനും നാവികനും ഭൂപട നിർമാതാവുമായിരുന്നു ക്യാപ്റ്റൻ ജെയിംസ് കുക്ക്. 1728 ഒക്ടോബർ 27-ന് യോർക്ക്ഷയറിലെ മാർട്ടണിൽ ജനിച്ചു. ശാന്തസമുദ്രത്തിലൂടെ ഇദ്ദേഹം മൂന്ന് യാത്രകൾ നടത്തിയിട്ടുണ്ട്. രണ്ട് തവണ ലോകത്തിന് ചുറ്റും സഞ്ചരിച്ചു. ഈ യാത്രകളിൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്കായും ഭൂപടങ്ങളിൽ പുതിയ പ്രദേശങ്ങൾ രേഖപ്പെടുത്തുന്നതിനായും ഇദ്ദേഹം സമയം ചിലവഴിച്ചു. ന്യൂഫൗണ്ട്ലാന്റ് ആദ്യമായി ഭൂപടത്തിൽ രേഖപ്പെടുത്തിയത് ഇദ്ദേഹമാണ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിലും ഹവായിയൻ ദ്വീപുകളിലും എത്തുന്ന ആദ്യ യൂറോപ്പുകാരനായി കുക്ക്. ബ്രിട്ടീഷ് റോയൽ നേവിയിൽ ക്യാപ്റ്റൻ പദവിവരെയെത്തിയ ഇദ്ദേഹം 1779 ഫെബ്രുവരി 14-ന് അന്തരിച്ചു.
യോർക്ക്ഷയറിലെ മാർട്ടൺ എന്ന ഗ്രാമത്തിലാണ് കുക്ക് ജനിച്ചത്.[1] സെന്റ് കത്ബെർട്ട് പള്ളിയിലാണ് ഇദ്ദേഹത്തെ മാമോദീസ മുക്കിയത്. ഇതിന്റെ രേഖ ഇപ്പോഴും പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. ജെയിംസ് കുക്ക് എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെയും പേര്. എട്ടുമക്കളിൽ രണ്ടാമനായിരുന്നു ഇദ്ദേഹം. സ്കോട്ടിഷ് വംശജനായ കർഷകത്തൊഴിലാളിയായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ. [1][2][3] 1736-ൽ ഇദ്ദേഹത്തിന്റെ കുടുംബം ഗ്രേറ്റ് ഐട്ടൺ എന്ന സ്ഥലത്തേയ്ക്ക് താമസം മാറി. ഇദ്ദേഹത്തിന്റെ അച്ഛന്റെ പുതിയ യജമാനൻ കുക്കിന്റെ പഠനച്ചിലവേറ്റെടുക്കുകയും പ്രദേശത്തെ ഒരു വിദ്യാലയത്തിലേയ്ക്കയക്കുകയും ചെയ്തു. 1741-ൽ അഞ്ചു വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം അച്ഛനുവേണ്ടി ജോലിചെയ്യാൻ തുടങ്ങി. അച്ഛൻ ആ സമയത്ത് കൃഷിയുടെ മേൽനോട്ടച്ചുമതല ഏറ്റെടുത്തിരുന്നു. കുക്ക് താമസിച്ചിരുന്ന വീട്, ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ അവസാന താമസസ്ഥലം എന്നിവ മെൽബോണിലേയ്ക്ക് പൊളിച്ചുകൊണ്ടുപോവുകയും 1934-ൽ അവിടെ പുനഃസൃഷ്ടിക്കുകയുമുണ്ടായി. [4]
1745-ൽ 16 വയസ്സുണ്ടായിരുന്നപ്പോൾ കുക്ക് 20 മൈൽ ദൂരത്തുള്ള ഒരു മത്സ്യബന്ധനം തൊഴിലാക്കിയ ഗ്രാമത്തിലേയ്ക്ക് താമസം മാറ്റി. വില്യം സാൻഡേഴ്സൺ എന്നയാളുടെ പലചരക്കുകടയിലെ വിതരണക്കാരനായിട്ടായിരുന്നു ഇദ്ദേഹം ഇവിടെ ജോലി ചെയ്തത്. [1] ഈ കടയുടെ ജനാലയിലൂടെ നോക്കിയാൽ കടൽ ദൃശ്യമായിരുന്നു. ഇവിടെനിന്നാവണം കുക്കിന് കടൽ യാത്രയോട് താൽപര്യം ജനിച്ചതെന്ന് ചരിത്രകാരന്മാർ ഊഹിക്കുന്നു. [3]
18 മാസം കടയിൽ ജോലി ചെയ്തശേഷം വിറ്റ്ബി എന്ന അടുത്തുള്ള തുറമുഖനഗരത്തിലേയ്ക്ക് ഇദ്ദേഹം യാത്ര ചെയ്തു. കടയുടമയുടെ സുഹൃത്തുക്കളായ ജോൺ വാക്കർ, ഹെൻട്രി വാക്കർ എന്നിവരെ ഇദ്ദേഹം പരിചയപ്പെട്ടു. [4] ഇവർ കപ്പലുടമകളും ക്വേക്കർ എന്ന മതവിഭാഗക്കാരുമായിരുന്നു. ഇവരുടെ വീട് ഇപ്പോൾ ക്യാപ്റ്റൻ കുക്കിന്റെ സ്മാരകമായ മ്യൂസിയമാണ്. ഇവരുടെ കപ്പലുകളിലെ നാവിക വ്യാപാര പരിശീലനത്തിന് കുക്കിന് അവസരം ലഭിച്ചു. ഇംഗ്ലണ്ടിന്റെ തീരത്ത് കൽക്കരി വ്യാപാരം നടത്തുന്ന കപ്പലുകളായിരുന്നു ഇവ. പരിശീലനത്തിന്റെ ഭാഗമായി ആൾജിബ്ര, ജ്യാമിതി, ത്രികോണമിതി, നാവിഗേഷൻ, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങൾ പഠിക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചു. [3]
മൂന്നുവർഷത്തെ പരിശീലനത്തിനു ശേഷം കുക്ക് ബാൾട്ടിക് കടലിൽ വ്യാപാരം നടത്തുന്ന കപ്പലുകളിലേയ്ക്ക് മാറി. 1752-ൽ പരീക്ഷ പാസായി ഇദ്ദേഹം പെട്ടെന്നുതന്നെ കപ്പലിലെ ഉദ്യോഗത്തിൽ ഉയർച്ച നേടി. [5] 1755 ജൂൺ 7-ന് ഇദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ജോലിയിൽ പ്രവേശിച്ചു. ഈ സമയത്ത് ബ്രിട്ടൺ ഏഴുവർഷത്തെ യുദ്ധത്തിനായി ആയുധസജ്ജരായിക്കൊണ്ടിരിക്കുകയായിരുന്നു. [6]
ഇദ്ദേഹം എലിസബത്ത് ബേറ്റ്സിനെയാണ് (1742–1835) വിവാഹം കഴിച്ചത്. [7] ഇവർക്ക് ആറു കുട്ടികളുണ്ടായിരുന്നു. കടൽ യാത്രയിലല്ലാതിരുന്ന അവസരത്തിൽ കുക്ക് ലണ്ടനിലെ ഈസ്റ്റ് എൻഡിലാണ് താമസിച്ചിരുന്നത്. കുക്കിന് നേരിട്ടുള്ള അനന്തരാവകാശികളുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ മക്കളെല്ലാം ഇദ്ദേഹത്തിനു മുൻപുതന്നെ മരണമടഞ്ഞു. ഇവർക്കും മക്കളൊന്നുമുണ്ടായിരുന്നില്ല.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.