ഛായാഗ്രഹണം
From Wikipedia, the free encyclopedia
പ്രകാശഗ്രാഹിയായ ഒരു മാധ്യമത്തിന്റെ സഹായത്താൽ ഒരു വിഷയത്തിന്റെയോ രംഗത്തിന്റേയോ ചിത്രം പകർത്തിയെടുക്കുന്ന പ്രക്രിയയാണ് ഛായാഗ്രഹണം അല്ലെങ്കിൽ ഫോട്ടോഗ്രാഫി എന്നു പറയുന്നത്. ഫോട്ടോഗ്രാഫി എന്ന വാക്ക് പ്രകാശം കൊണ്ടുള്ള വര എന്നർത്ഥം വരുന്ന ഗ്രീക്ക് പ്രയോഗമായ ഫോസ് ഗ്രാഫിസിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. വിഷയത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശരശ്മികളെ സിൽവർ ഹാലൈഡ് സംയുക്തമടങ്ങിയ ഒരു ഫിലിമിലേക്കോ ഒരു പ്രകാശഗ്രഹണശേഷിയുള്ള ഒരു ഇലക്ട്രോണിക് സർക്യൂട്ടിലേക്കോ നിശ്ചിത സമയപരിധിയിൽ ഒരു ലെൻസിലൂടെ പതിപ്പിച്ചാണ് ചിത്രം (അല്ലെങ്കിൽ ഫോട്ടോ) എടുക്കുന്നത്. വസ്തുക്കളിൽ നിന്നും പ്രതിഫലിച്ചിരിക്കുന്നതോ പുറപ്പെടുവിക്കുന്ന ആയ പ്രകാശത്തിന്റെ മാതൃക സംവേദിയായ മാധ്യമത്തിലോ അല്ലെങ്കില്‍ സൂക്ഷിച്ചു വെക്കാനുതകുന്ന ഇലക്ട്രോണിക് ചിപ്പിലോ നിമിഷബന്ധിതമായി പ്രകാശവിധേയമാക്കി രേഖപ്പെടുത്തുന്നു. സാധാരണയായി ഭൂരിഭാഗം എല്ലാ പ്രക്രിയകളും നിർവഹിക്കുന്നത് ഛായാഗ്രാഹി (ക്യാമറ) എന്നറിയപ്പെടുന്ന യാന്ത്രികമായോ, രസതന്ത്രപരമോ, സംഖ്യാപരമോ (ഡിജിറ്റൽ) ആയ ഉപകരണങ്ങൾ വഴിയാണ്. ചിത്രം കൂടുതൽ വ്യക്തമാകുന്നതിന് ഛായാഗ്രഹണസമയത്ത് മിന്നൽ വിളക്കുകൾ (ഫ്ലാഷ്) ഉപയോഗിച്ച് കൃത്രിമമായി വസ്തുവിനെ പ്രകാശിപ്പിക്കാറുമുണ്ട്. ഇതിനായി മിക്ക ഛായാഗ്രാഹികളിലും മിന്നൽ വിളക്ക് ഉണ്ടാകാറുണ്ട്.