ഗ്ലോക്കോമ
നേത്രരോഗം / From Wikipedia, the free encyclopedia
കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma). തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന കണ്ണിന് സ്ഥായിയായ അന്ധതയുണ്ടാകും. കണ്ണിന്റെ ലെൻസിനും കോർണിയയ്ക്കും ഇടയിലുള്ള മുൻ ചേമ്പറിലും പിൻ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മർദ്ദം വർദ്ധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്.[2] "നേത്രാതിമർദ്ദം (ഓക്യുലാർ ഹൈപ്പർടെൻഷൻ)" എന്ന പ്രയോഗം ഗ്ലോക്കോമ ബാധിച്ചിട്ടുണ്ടെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുകളൊന്നുമില്ലാത്ത അവസ്ഥയെ വിളിക്കാറുണ്ട്. ആന്റീരിയർ ചേമ്പറിലെ മർദ്ദം കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥയെ 'നോർമൽ ടെൻഷൻ" ഗ്ലോക്കോമ എന്ന് വിളിക്കാറുണ്ട്.
ഗ്ലോക്കോമ | |
---|---|
വ്യക്തിയുടെ വലത് കണ്ണിന്റെ അക്യൂട്ട് ആംഗിൾ ക്ലോഷർ ഗ്ലോക്കോമ (ഇടതുവശത്ത് കാണിച്ചിരിക്കുന്നു). മിഡ്-സൈസ് പ്യൂപ്പിൾ ശ്രദ്ധിക്കുക, അത് പ്രകാശത്തോട് പ്രതികരണം കുറഞ്ഞതാണ്. കണ്ണിന്റെ വെളുത്ത ഭാഗത്തിന്റെ ചുവപ്പും ചിത്രത്തിൽ കാണാം.. | |
സ്പെഷ്യാലിറ്റി | ഒഫ്താൽമോളജി |
ലക്ഷണങ്ങൾ | കാഴ്ച നഷ്ടം, കണ്ണ് വേദന, മിഡ്-ഡിലേറ്റഡ് പ്യൂപ്പിൾ, കണ്ണിന്റെ ചുവപ്പ്, ഓക്കാനം |
സാധാരണ തുടക്കം | ക്രമേണ അല്ലെങ്കിൽ പെട്ടെന്നുള്ള |
അപകടസാധ്യത ഘടകങ്ങൾ | വർദ്ധിച്ച കണ്ണിലെ മർദ്ദം, കുടുംബ ചരിത്രം, ഉയർന്ന രക്തസമ്മർദ്ദം |
ഡയഗ്നോസ്റ്റിക് രീതി | നേത്രപരിശോധന |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Uveitis, trauma, keratitis, conjunctivitis[1] |
Treatment | മരുന്ന്, ലേസർ, ശസ്ത്രക്രിയ |
ആവൃത്തി | 6–67 ദശലക്ഷം |
മർദ്ദം വർദ്ധിക്കുന്നത് റെറ്റിനയിലെ ഗാംഗ്ലിയോൺ കോശങ്ങളെ ബാധിക്കും. കണ്ണിലെ മർദ്ദം 21 mmHg or 2.8 kPa-നു മുകളിലാകുന്നത് ഗ്ലോക്കോമയുണ്ടാക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഇത് ആദ്യമേകണ്ടുപിടിച്ചാൽ ഗ്ലോക്കോമ മൂലമുള്ള അന്ധത ഒഴിവാക്കാനും സാധിക്കും.
ഗ്ലോക്കോമ, കുട്ടികളിലെ ഗ്ലോക്കോമ, ഓപ്പൺ ആംഗിൾ ഗ്ലോക്കോമ, ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ, നോർമൽ ടെൻഷൻ ഗ്ലോക്കോമ, ഉപോൽപ്പന്നപരമായ ഗ്ലോക്കോമ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിക്കാവുന്നതാണ്.
കണ്ണിലെ അക്വസ് അറയുടെ ആംഗിളിന് ജൻമനാ ഉണ്ടാകുന്ന തകരാറാണ് കുട്ടികളിലെ ഗ്ലോക്കോമയ്ക്ക് പ്രധാന കാരണം.
ഐറിസും കോർണിയയും തമ്മിലുള്ള കോണാണ് ആംഗിൾ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഇവിടെയുള്ള ട്രബിക്കുലാർ മെഷ്വർക്കിലൂടെയാണ് അക്വസ് ഹ്യൂമർ നീക്കം ചെയ്യപ്പെടുന്നത്. ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ വേദന എന്ന ലക്ഷണത്തോടുകൂടി പെട്ടെന്നു കണ്ടുപിടിക്കപ്പെടും. അതിനാൽ ഇത് ചികിത്സിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഓപ്പൺ ആങ്കിൾ ഗ്ലോക്കോമയിൽ മർദ്ദം സാവധാനമാണ് വർദ്ധിക്കുന്നതെന്നതിനാൽ അന്ധത ബാധിച്ചതിനുശേഷമേ ഇത് ശ്രദ്ധയിൽ പെടുകയുള്ളൂ.
ഉപോൽപ്പന്നപരമായ ഗ്ലോക്കോമ തിമിരം, കണ്ണിലെ മുറിവുകൾ, അമിതമായ സ്റ്റീറോയ്ഡ് ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം
അന്ധത ബാധിച്ചതിനുശേഷം കൂടുതൽ രൂക്ഷമാകാതെ തടയാനേ സാധിക്കൂ. നഷ്ടപ്പെട്ട കാഴ്ച്ച (ഭാഗികമായത്) തിരിച്ചു നേടാൻ സാധിക്കില്ല. ലോകമാസകലമുള്ള കണക്കു നോക്കിയാൽ തിമിരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്ധതയ്ക്ക് കാരണമാകുന്നത് ഗ്ലോക്കോമയാണ്.[3][4] 50 വയസ്സിൽ കൂടുതൽ പ്രായമുള്ള 200 പേരിൽ ഒരാൾക്കുവീതം ഗ്ലോക്കോമ ബാധയുണ്ട്. 80 വയസ്സിനു മേൽ പ്രായമുള്ളവരിൽ പത്തിലൊന്നു പേർക്കും ഈ അസുഖം കാണപ്പെടുന്നു.
ഗ്രീക്ക് ഭാഷയിലെ γλαύκωμα, എന്ന വാക്കിൽ നിന്നാണ് ഗ്ലോക്കോമ എന്ന പദത്തിന്റെ ഉത്ഭവം. "ലെൻസിന്റെ അതാര്യത" എന്നാണത്രേ ഗ്രീക്ക് വാക്കിന്റെ അർത്ഥം. (ഗ്ലോക്കോമയും തിമിരവും തമ്മിലുള്ള വ്യത്യാസം 1705 വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല).[5]