From Wikipedia, the free encyclopedia
ഇന്തോ-പാർഥ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയുമായിരുന്നു (വാഴ്ച. ക്രി. വ. 19–46) ഗോണ്ടഫാർ ഒന്നാമൻ (ഗ്രീക്ക്: Γονδοφαρης ഗൊണ്ടൊഫാറെസ്, Υνδοφερρης ഹിന്ദൊഫൊറെസ്; ഖരോഷ്ഠി: 𐨒𐨂𐨡𐨥𐨪 ഗുന്ദാപറ;[2] 𐨒𐨂𐨡𐨥𐨪𐨿𐨣 ഗുന്ദാഫർണ;[3][4] 𐨒𐨂𐨡𐨂𐨵𐨪 ഗുദുവാറാ[5]). ഇദ്ദേഹത്തിൻറെ ഭരണകാലത്ത് ഇന്തോ-പാർഥ്യൻ രാജ്യം പാർഥ്യൻ സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയും സ്വതന്ത്രമായ ഒരു സാമ്രാജ്യമായി വളരാൻ തുടങ്ങുകയും ചെയ്തു.[6] തോമായുടെ നടപടികൾ, തഖ്ത്-ഇ-ബാഹി, എന്നിവയിൽ നിന്നും തന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന നാണയങ്ങളിൽ നിന്നുമാണ് ഇദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങൾ പൊതുവേ ലഭിക്കുന്നത്.[7][8]
ഗോണ്ടഫാർ | |
---|---|
രാജരാജൻ | |
ഗൊണ്ടഫൊറസിന്റെ കാലത്തെ ഒരു വെള്ളിനാണയം | |
ഭരണകാലം | ക്രി. വ. 19 - 46 |
മുൻഗാമി | തന്ലിസ് മർദ്ദാതെസ്[1] |
പിൻഗാമി | ഒർതാഗ്നെസ് |
മതം | സൊറോവാസ്ത്രിയൻ മതം |
ഗുണ്ടാപർ (𐭢𐭥𐭭𐭣𐭯𐭥) എന്ന വാക്ക് പാഹ്ലവി ഭാഷയിൽ നിന്നുള്ള ഒരു വിശേഷണമാണ്. പാഹ്ലവിക്ക് പുറമേ മദ്ധ്യ ഇറാനിയൻ ഭാഷകളിൽ ഉൾപ്പെടുന്ന പാർഥ്യൻ ഭാഷയിൽ വിന്ദഫാറ്ൻ (𐭅𐭉𐭍𐭃𐭐𐭓𐭍) എന്നും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. പുരാതന ഇറാനിയനിലെ വി(ന്)ദഫർന (𐎻𐎡𐎭𐎳𐎼𐎴𐎠, "അവൻ മഹത്വം കണ്ടെത്തട്ടെ") എന്ന നാമത്തിൽ നിന്നാണ് ഈ രണ്ടു പേരുകളും ഉത്ഭവിച്ചിരിക്കുന്നത്. ഗ്രീക്കിൽ ഇത് ഇന്തഫെർണെസ് (Ἰνταφέρνης) എന്ന് ഉപയോഗിക്കുന്നു.[9] ഇതിലെ പുരാതന ഇറാനിയൻ പദം ഹഖാമനി സാമ്രാജ്യത്തിലെ ദാറിയൂസ് രാജാവിനെ (വാഴ്ച. ക്രി. മു. 522–486) അധികാരം പിടിച്ചെടുക്കാൻ സഹായിച്ച ആറ് പ്രഭുക്കളിൽ ഒരാളുടെ പേരുകൂടിയാണ്.[10][11] കിഴക്കൻ ഇറാനിയനിൽ ഗുന്ദാപർനാഹ് എന്നാണ് ഈ പദം ഉച്ചരിക്കപ്പെടുന്നത്. പുരാതന അർമ്മേനിയൻ ഭാഷയിൽ ഗസ്താഫർ എന്നും ഉപയോഗിക്കപ്പെട്ടിരുന്നു.[12]
ഗുണ്ടോഫാറോൻ എന്ന പേരിൽ ഇദ്ദേഹം സ്ഥാപിച്ച കാണ്ഡഹാർ എന്ന അഫ്ഗാൻ പട്ടണത്തിന്റെ പേരിൽ നിന്നാണ് ഇദ്ദേഹത്തിൻറെ പേര് ഉത്ഭവിച്ചിരിക്കുന്നത് എന്ന് ഏർണസ്റ്റ് ഹെർസ്സ്ഫെൽഡ് എന്ന ചരിത്രകാരൻ അഭിപ്രായപ്പെടുന്നു.[13]
ഗോണ്ടഫാർ സുറേൻ കുടുംബ പരമ്പരയിൽ പെട്ട ആളാണെന്നാണ് കരുതപ്പെടുന്നത്. പാർഥ്യൻ സാമ്രാജ്യത്തിൽ സൈനിക മേധാവിത്വം വഹിക്കാനും രാജാവിൻറെ സ്ഥാനാർ നടത്താനും അവകാശം ഉണ്ടായിരുന്ന ഉന്നത കുടുംബങ്ങളിൽ ഒന്നായിരുന്നു ഇവർ.[10] ക്രി. മു. 129ഓടെ ദ്രാൻഗിയാന ഉൾപ്പെടെയുള്ള പാർഥ്യൻ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കിഴക്കൻ ഇറാനിയൻ ശകർ (ഇന്തോ-സിഥിയർ), ഇന്തോ-യൂറോപ്യൻ യുവേസ്സികൾ മുതലായ നാടോടി ജനതകൾ അധിനിവേശം നടത്തുകയും ആ പ്രദേശത്തിന് ക്രമേണ ശകസ്താൻ എന്ന പേര് കൈവരുകയും ചെയ്തു.[14][15]
പാർഥ്യൻ ഭരണാധികാരി മിഥ്രിദാതെസ് 2ാമൻ (വാഴ്ച. ക്രി. മു. 124–88) ആ പ്രദേശത്ത് പരാജയപ്പെടുത്തുകയും അവിടം ഭരിക്കാൻ സത്രപർ എന്ന പ്രാദേശിക ഭരണാധികാരികളെ നിയോഗിക്കുകയും ചെയ്തു. തന്ലിസ് മർദ്ദാതെസ് ഇവരിൽ ഒരാളായിരുന്നു എന്ന് കരുതപ്പെടുന്നു. ഗോണ്ടഫാറിന്റെ രാജകുടുംബം അധികാരത്തിൽ വരുന്നത് വരെ ഈ സത്രപരാണ് ശകസ്താൻ ഭരിച്ചിരുന്നത്.[16]
നാടോടി ജനതകളുടെ അധിനിവേശങ്ങളെ തടയാൻ ഈ പ്രദേശങ്ങളുടെ നിയന്ത്രണം സുറേൻ കുടുംബത്തിന് നിയന്ത്രണം നൽകപ്പെട്ടിരിക്കാം എന്ന് മാത്രമല്ല അതിനെത്തുടർന്ന് സരസ്വതി (അറാഖോസിയ), പഞ്ചാബ് മുതലായ പ്രദേശങ്ങളിൽ തങ്ങളുടെതായ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിനും അവർക്ക് ഇതിലൂടെ സാധിച്ചിരിക്കാം.[10]
ക്രി. വ. 19ലോ 20ലോ അധികാരത്തിലേറിയ ഗൊണ്ടാഫർ അധികം കാത്തിരിക്കാതെ പാർഥ്യൻ സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാഖ്യാപിക്കുകയും ഓത്തോക്രാതോർ ("സ്വന്തം അധികാരത്താൽ ഭരണം നടത്തുന്നവൻ") എന്ന യവന രാജശീർഷകം ചേർത്ത് നാണയങ്ങൾ ഇറക്കാൻ ആരംഭിക്കുകയും ചെയ്തു.[17][18]
ഗൊണ്ടാഫറിന്റെ സ്ഥാനാരോഹണത്തെ പറ്റിയുള്ള ഒരു വിവരണം പാകിസ്താനിലെ മർദ്ദാനിലുള്ള തഖ്ത്-ഇ-ബാഹിയിലെ ശിലാലിഖിതത്തിൽ നിന്ന് ലഭ്യമാണ്.[19]
ഗുണ്ടാഫർ ഇന്തോ-സിഥിയൻ രാജാവായ അസ്സെസിൽ നിന്ന് കാബൂൾ താഴ്വര, പഞ്ചാബ്, സിന്ധ് എന്നീ പ്രദേശങ്ങൾ പിടിച്ചടക്കുയോ അല്ലെങ്കിൽ അവിടുത്തെ നാടുവാഴികൾ ഇന്തോ-സിഥിയരുടെ നേതൃത്വം ഉപേക്ഷിച്ച് ഗൊണ്ടാഫറിനോട് തങ്ങളുടെ കൂറ് പ്രഖ്യാപിക്കുകയോ ചെയ്തു. ഗൊണ്ടാഫറിന്റെ വളരെ വിശാലമായിരുന്നു. അതിൻറെ തലസ്ഥാനം ഗാന്ധാരൻ പട്ടണമായ തക്ഷശില ആയിരുന്നു. അതിവിശാലമായിരുന്ന ഇന്തോ-പാർഥ്യൻ സാമ്രാജ്യത്തിന് ശക്തമായ ഭരണകേന്ദ്രീകരണം ഉണ്ടായിരുന്നില്ല എന്നതിനാൽ ഗൊണ്ടാഫറിന്റെ മരണത്തിനുശേഷം അധികം വൈകാതെ അത് വിഘടിക്കുകയുണ്ടായി.[20]
തോമായുടെ നടപടികൾ എന്ന ക്രൈസ്തവ അപ്പോക്രിഫൽ ഗ്രന്ഥത്തിൽ ഗുദ്നാഫർ എന്ന രാജാവിനേക്കുറിച്ച് പരാമർശമുണ്ട്.[21] ഈ രാജാവ് ഗോണ്ടഫർ 1ാമൻ തന്നെയാണെന്ന് എം. റേയ്നോഡ് അടക്കമുള്ള പണ്ഡിതർ വ്യക്തമാക്കുന്നു. മുമ്പ് ഈ പേരിൽ ഒരു രാജാവ് അക്കാലത്ത് ജീവിച്ചിരുന്നോ എന്ന് തീർച്ചയില്ലായിരുന്നു. എന്നാൽ ഈ പേരിൽ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് നാണയങ്ങൾ കണ്ടെടുത്തതോടെ ഈ പരാമർശം ചരിത്രപ്രരമായി സ്വീകരിക്കപ്പെടാൻ തുടങ്ങി. ഗോണ്ടഫാറിന്റെ ജീവിത കാലഘട്ടം കണ്ടെത്താനും തോമാശ്ലീഹായുമായി ഗോണ്ടഫാറിനെ ബന്ധപ്പെടുത്തുന്ന തോമായുടെ നടപടികളിലെ വിവരണം സഹായകമായി.[22] ഹാർവാഡ് സർവ്വകലാശാലയിലെ ഇറാനിയൻ പഠനങ്ങളുടെ മുൻ പ്രൊഫസർ ആയ റിച്ചാർഡ് ഫ്രൈയ് തോമാശ്ലീഹായുടെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട ക്രൈസ്തവ പാരമ്പര്യത്തിലെ 'കാസ്പർ' രാജാവ് ഗോണ്ടഫർ തന്നെയാണെന്ന് അഭിപ്രായപ്പെടുന്നു.[23] അതേസമയം ചില ആധുനിക നാണയഗവേഷണ പഠനങ്ങൾ പ്രകാരം ഗൊണ്ടാഫർ സസെസ് ആണ് പരാമർശിക്കപ്പെട്ട രാജാവ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.[24]
തഖ്ത്-ഇ-ബാഹി ലിഖിതത്തിൽ രേഖപ്പെടുത്തപ്പെട്ട ഗോണ്ടഫാറിന്റെ വാഴ്ചയുടെ കാലഘട്ടവും (ക്രി. വ. 20 - 46) തോമായുടെ നടപടികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് അനുസരിച്ച് ക്രിസ്തുവിൻറെ കുരിശു മരണത്തിനു ശേഷം തോമാശ്ലീഹായുടെ ഇന്ത്യയിലേക്കുള്ള യാത്രയുടെ കാലഘട്ടവും (ക്രി. വ. 30നുശേഷം) പരസ്പരം പൊരുത്തപ്പെടുന്നതാണ് എന്നാണ് 'ദ കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇറാൻ'ൽ എ. ഡി. എച്ച്. ബീവർ എഴുതുന്നത്.[25][26] തോമാശ്ലീഹായുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായി മതപരിവർത്തനം ചെയ്ത ഭരണാധികാരി ഗോണ്ടഫാർ തന്നെയാണെന്നാണ് ലക്നൗ സർവകലാശാലയുടെ പുരാതന ഇന്ത്യൻ ചരിത്രത്തിന്റെയും പുരാവസ്തുശാസ്ത്രത്തിന്റെയും വിഭാഗത്തിലെ ബി. എൻ. പുരിയുടെയും നിഗമനം.[27] ഫിലോസ്ത്രാതസ് രചിച്ച ത്യാനയിലെ അപ്പോളോനിയസ് ക്രി. വ. 43 - 44 കാലഘട്ടത്തിൽ തക്ഷശിലയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരണത്തിൽ പരാമർശിക്കപ്പെടുന്ന ഇന്തോ-പാർഥ്യൻ രാജാവും ഗോണ്ടഫാർ തന്നെയാണെന്ന് പുരി അഭിപ്രായപ്പെടുന്നു.[28][29]
യേശുക്രിസ്തുവിനെ ജനനസമയത്ത് കാലിത്തൊഴുത്തിൽ സന്ദർശിച്ച മൂന്ന് രാജാക്കന്മാരിൽ ഒരാളുടെ പേരെ ഗാസ്പർ എന്നാണെന്ന ഒരു പാരമ്പര്യം മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ രൂപപ്പെട്ടു. മെൽച്ചിയോർ, ബെൽത്താസർ എന്നിവരാണ് ഇതിൽ ശേഷിക്കുന്ന മറ്റ് രണ്ടാളുകൾ. ഹിൽദെഷെയ്മിലെ ജോൺ എഴുതിയ (1364–1375) ഹിസ്റ്റോറിയാ ത്രൈയം റീഗം എന്ന പുസ്തകത്തിൽ ഇപ്രകാരം ഒരു പരാമർശം ചേർത്തിട്ടുണ്ട്.[30][31][32]
ഗോണ്ടഫാർ എന്ന പേര് അർമ്മേനിയൻ ഭാഷയിൽ ഉച്ചരിക്കപ്പെടുന്നത് ഗസ്താഫർ എന്നാണ്. ഇതിൽ ഇന്നാണ് ഗാസ്പർ, കാസ്പർ എന്നീ പേരുകൾ രൂപപ്പെട്ടിരിക്കുന്നത്.[33][34]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.