From Wikipedia, the free encyclopedia
ടിബറ്റൻ ബുദ്ധമതത്തിലെ ഒരു ലാമയും ഭൂട്ടാൻ ഏകീകരിച്ച വ്യക്തിയുമാണ് ഗവാങ് നാംഗ്യാൽ (പിന്നീട് ഷബ്ദ്രുങ് റിമ്പോച്ചെ എന്ന സ്ഥാനപ്പേര് നൽകപ്പെട്ടു) (തിബറ്റൻ: ཞབས་དྲུང་ངག་དབང་རྣམ་རྒྱལ་; വൈൽ: zhabs drung ngag dbang rnam rgyal; 1594–1651). ടിബറ്റൻ സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സംസ്കാരം ഭൂട്ടാനിൽ ഉരുത്തിരിഞ്ഞ് വരുന്നതിനും ഇദ്ദേഹം കാരണമായി.
ദ്രൂക്പ വംശത്തിലാണ് ഗവാങ് നാംഗ്യാൽ ജനിച്ചത്. തിബറ്റിലെ റാലുങ് ആശ്രമത്തിലായിരുന്നു ജനനം. ദ്രുക്പ വംശത്തിൽപ്പെട്ട മിഫാം ടെൻപായി നയിമ (വൈൽ: 'brug pa mi pham bstan pa'i nyi ma) (1567–1619), കയിഷോ ഭരാണാധികാരിയുടെ മകളായ സോനം പെൽഗ്യി ബുട്രി (വൈൽ: bsod nams dpal gyi bu khrid) എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.[1] ദ്രുക്പ വംശസ്ഥാപകനായ സാങ്പ ഗൈറേയുടെ (1161–1211) വംശപാരമ്പര്യം ഗവാങ് നാംഗ്യാലിനുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ റാലൂഗിൽ ഇദ്ദേഹം 18-ആം ഡ്രൂക്പ ആയി സ്ഥാനമേറ്റു.[nb 1] 4-ആമത്തെ ഡ്രൂക്ചെനിന്റെ അവതാരമാണ് ഇദ്ദേഹം എന്നായിരുന്നു വിശ്വാസം.[nb 2] ലാറ്റ്സെവ ഗവാങ് സാങ്പോ ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തെ എതിർത്തു. ഗ്യാൽവാങ് പാഗ്സാം വാങ്പോ എന്നയാളെ ഇദ്ദേഹം ഈ സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടി. ചോങ്ജെ ദേപ ആയിരുന്ന ഗവാങ് സോനം ഡ്രാഗ്പയുടെ അവിഹിതബന്ധത്തിലുണ്ടായ കുട്ടിയായിരുന്നു ഗ്യാൽവാങ് പാഗ്സാം വാങ്പോ. ലാറ്റ്സേവയും കൂട്ടാളികളും താഷി തോങ്മെൻ ആശ്രമത്തിൽ വച്ച് ഗ്യാൽവാങിന്റെ സ്ഥാനാരോഹണവും നടത്തി.
കുറച്ചുകാലം ഗവാങ് നാംഗ്യാൽ പ്രധാന ദ്രൂക്പ ആസ്ഥാനമായ റാലുങിൽ താമസിച്ചു. ഷബ്ദ്രുങ് ഗവാങ് നാംഗ്യാൽ ആയിരുന്നു പരമ്പരാഗത അവകാശത്തിനുടമ. അതിനാൽ കുങ്ഖ്യൻ പേമ കാർപോയുടെ അവതാരം ആരുതന്നെയാണെങ്കിലും ഇവിടെ താമസിക്കുവാൻ ഗവാങ് നാംഗ്യാലിന് അധികാരമുണ്ടായിരുന്നു. ഒരു പ്രധാന ലാമയായ പാവോ സുഗ്ല ഗ്യാറ്റ്ഷോയുമായുള്ള [1568–1630] അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഗവാങ് നാംഗ്യാലിന്റെ കൈവശമുള്ള ചില തിരുശേഷിപ്പുകൾ എതിരാളിയായ ഗ്യാൽവാങ് പാഗ്സാം വാങ്പോയ്ക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഗവാങ് നാംഗ്യാൽ നിരസിച്ചു. അദ്ദേഹത്തെ തടവിലാക്കുവാനായി സൈനികരെ അയയ്ക്കുവാൻ സാങ് ദേശി തീരുമാനിച്ചു.
1616-ൽ തടവിലാക്കപ്പെടും എന്ന ഭീഷണിയെയും തനിക്കുണ്ടായ ഒരു ദർശനത്തെയും (ഭൂട്ടാനിലെ ദേവതകൾ തനിക്ക് സംരക്ഷണം നൽകും എന്നായിരുന്നു ദർശനം) തുടർന്ന് ഗവാങ് നാംഗ്യാൽ പിന്നീട് പടിഞ്ഞാറൻ ഭൂട്ടാനിലേയ്ക്ക് ഒളിച്ചോടി. തിംഫു താഴ്വരയിൽ ഇദ്ദേഹം ചേരി ആശ്രമം സ്ഥാപിച്ചു. 1629-ൽ ഇദ്ദേഹം സെംടോഖ സോങ് നിർമിച്ചു.
1627-ൽ ഭൂട്ടാൻ സന്ദർശിച്ച പോർച്ചുഗീസ് ജെസ്യൂട്ട് പാതിരിമാരായ എസ്റ്റാവോ കാസെല്ലയും ജോയാവോ കബ്രാളും ഷബ്ദ്രുങ്ങിനെ സന്ദർശിച്ചിരിന്നു. ഇദ്ദേഹം ബുദ്ധിമാനും കരുണയുള്ളവനുമായ നേതാവായിരുന്നു എന്ന് അവർ രേഖപ്പെടുത്തിയിട്ടുണ്ട്.
1634-ൽ അഞ്ച് ലാമമാരുടെ യുദ്ധത്തിൽ ഗവാങ് നാംഗ്യാൽ വിജയിക്കുകയും ഇതെത്തുടർന്ന് ഭൂട്ടാനെ ഒറ്റ രാജ്യമാക്കി മാറ്റുകയും ചെയ്തു.
സിൻഗ്യേ നാംഗ്യാൽ ആയിരുന്നു 1616–1623, 1624–1642 കാലത്ത് ലഡാക്കിന്റെ ഭരണാധികാരി. ഇദ്ദേഹം ഡ്രൂക്പ വിഭാഗത്തിന്റെ ഭക്തനായിരുന്നു. ടിബറ്റിലെ ഭരണകൂടവുമായി ലഡാഖിനും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.[2] ഷബ്ദ്രുങിനെ ലഡാഖിലെ മുഖ്യ പുരോഹിതനാകുവാൻ ലഡാഖ് ക്ഷണിക്കുകയുണ്ടായി. ഷബ്ദ്രുങ് ടിബറ്റുമായുള്ള യുദ്ധത്തിലായിരുന്നതിനാൽ തന്റെ ഒരു ശിഷ്യനെയാണ് അയച്ചത്.[3]
ഷബ്ദ്രുങ് 1651-ൽ മരിച്ചതോടുകൂടി ഭരണം അടുത്ത ഷബ്ദ്രുങ്ങിന് ലഭിക്കുന്നതിനുപകരം പ്രാദേശിക ഭരണകർത്താക്കളായ പെൻലോപ്പുകൾക്ക് നൽകപ്പെട്ടു. ഇവർ അടുത്ത 54 വർഷം ഷബ്ദ്രുങ്ങിന്റെ മരണം ഒരു രഹസ്യമായി സൂക്ഷിച്ചു. ഇദ്ദേഹം മൗനവൃതത്തിലാണെന്നായിരുന്നു ഇവർ പ്രചരിപ്പിച്ചത്. ഷബ്ദ്രുങ്ങിന്റെ മരണം ഒരു ദേശീയ അവധിയായി ആചരിക്കുന്നുണ്ട്.[4][5]
{{cite book}}
: CS1 maint: location missing publisher (link)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.