കാറ്റിൻ കൂട്ടക്കൊല
From Wikipedia, the free encyclopedia
രണ്ടാം ലോകയുദ്ധകാലത്ത് റഷ്യയിലെ കാറ്റിൻ വനത്തിൽ സോവിയറ്റ് യൂണിയനിലെ രഹസ്യ പൊലീസ് സേനയായ എൻ.കെ.വി.ഡി. പോളണ്ടിലെ സൈനിക ഉദ്യോഗസ്ഥരെയും പൊലീസ് സേനാംഗങ്ങളെയും ബുദ്ധിജീവികളെയും ആയിരക്കണക്കായി കൊന്നൊടുക്കിയ ദുരന്തമാണ് കാറ്റിൻ കൂട്ടക്കൊല (Katyn massacre) എന്നറിയുന്നത്. പോളണ്ടിലെ ഓഫീസർ കോറിലെ എല്ലാ അംഗങ്ങളെയും വധിക്കാൻ എൻ.കെ.വി.ഡി. തലവനായിരുന്ന ലാവ്റെന്തി ബെറിയ 1940 മാർച്ച് 5-ന് വെച്ച നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ഈ കൂട്ടക്കുരുതി നടന്നത്. ഈ നിർദ്ദേശം പിന്നീട് സോവിയറ്റ് പോളിറ്റ് ബ്യൂറോയിലെ സ്റ്റാലിനും ബെറിയയും അടക്കം എല്ലാ അംഗങ്ങളും അംഗീകരിച്ചു.[1][2][3]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഏകദേശം 22,000 പേരെ കൊന്നൊടുക്കിയെന്നാണ് കരുതുന്നത്. 21,768 ആണ് കൂടുതൽ സ്വീകാര്യമായ കണക്ക്.[4] കാറ്റിൻ വനത്തിലും കലിനിൻ, കാർകോവ് എന്നിവിടങ്ങളിലെ തടവറകളിലും മറ്റിടങ്ങളിലുമായാണ് ആളുകളെ കൊന്നൊടുക്കിയത്.[5] ഏകദേശം 8000 പേർ 1939-ൽ സോവിയറ്റ് യൂണിയൻ പോളണ്ടിൽ അധിനിവേശം നടത്തിയപ്പോൾ തടവിലാക്കപ്പെട്ട സൈനികോദ്യോഗസ്ഥരായിരുന്നു. ശേഷിച്ചവർ "ചാരൻമാർ, രാഷ്ട്രീയ പൊലീസ് സേനാംഗങ്ങൾ, അട്ടിമറി പ്രവർത്തതനം നടത്തുന്നവർ, ഭൂവുടമകൾ, ഫാക്റ്ററി ഉടമകൾ, അഭിഭാഷകർ, പുരോഹിതന്മാർ, ഉദ്യോഗസ്ഥർ" എന്നൊക്കെ ആരോപിക്കപ്പെട്ട ആളുകളായിരുന്നു.[4] പോളണ്ടിലെ നിർബന്ധിത സൈന്യസേവന സമ്പ്രദായ പ്രകാരം വിടുതി ലഭിക്കാത്ത എല്ലാ യൂനിവേഴ്സിറ്റി ബിരുദധാരികളും റിസെർവ് സേനയിലെ അംഗമാകേണ്ടിയിരുന്നതിനാൽ[6] പോളണ്ടിലെ അഭ്യസ്തവിദ്യരിലെ നല്ലൊരു ഭാഗത്തെയും പോളണ്ട് പൗരത്വമുള്ളവരും ജൂതമതക്കാർ യുക്രെയ്ൻ, ജോർജിയ[7], ബേലാറൂസ് ദേശക്കാർ എന്നിവരുമായ വലിയൊരുഭാഗം അഭ്യസ്തവിദ്യരെയും ഇല്ലാതാക്കാൻ സോവിയറ്റ് സേനയ്ക്കു കഴിഞ്ഞു.[8]