From Wikipedia, the free encyclopedia
ജേക്കബിൻ കാമില കോളെറ്റ് (മുമ്പ്, വെർഗെലാൻഡ്; 23 ജനുവരി 1813 - 6 മാർച്ച് 1895) ഒരു നോർവീജിയൻ സാഹിത്യകാരിയും പലപ്പോഴും ആദ്യത്തെ നോർവീജിയൻ ഫെമിനിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന വനിതയുമായിരുന്നു. നോർവീജിയൻ കവിയായ ഹെൻറിക് വെർഗെലാൻഡിന്റെ ഇളയ സഹോദരി കൂടിയായിരുന്നുഅവർ, നോർവീജിയൻ സാഹിത്യത്തിലെ റിയലിസത്തിന് ആദ്യമായി സംഭാവന നൽകിയവരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു. അവരുടെ ഇളയ സഹോദരൻ മേജർ ജനറൽ ജോസഫ് ഫ്രാന്റ്സ് ഓസ്കാർ വെർഗെലാൻഡ് ആയിരുന്നു. 1884-ൽ നോർവീജിയൻ അസോസിയേഷൻ ഫോർ വിമൻസ് റൈറ്റ്സ് സ്ഥാപിതമായപ്പോൾ അവർ അസോസിയേഷൻറെ ഓണററി അംഗമായിരുന്നു.
അക്കാലത്തെ ശ്രദ്ധേയനായ ദൈവശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും സംഗീതജ്ഞനുമായിരുന്ന നിക്കോളായ് വെർഗെലാൻഡിന്റെയും അദ്ദേഹത്തിൻറെ ഭാര്യ അലെറ്റിൻറേയും (മുമ്പ്, തൗലോവ്) മകളായി നോർവേയിലെ ക്രിസ്റ്റ്യാൻസാൻഡിലാണ് കാമില ജനിച്ചത്. എഴുത്തുകാരനായിരുന്ന ഹെൻറിക് വെർഗെലാൻഡ് അവളുടെ സഹോദരനായിരുന്നു.[1] കാമിലയ്ക്ക് നാല് വയസ്സുള്ളപ്പോൾ, കുടുംബം ഈഡ്സ്വോളിലേക്ക് താമസം മാറുകയും അവിടെ പിതാവ് ഇടവക പുരോഹിതനായി ജോലി നേടുകയും ചെയ്തു.[2] ഒരു സാഹിത്യ കുടുംബത്തിൽ വളർന്ന കാമില, ഈഡ്സ്വോൾ ജീവിതം മങ്ങിയതായി കണ്ടെത്തുകയും അവർ ഒരു യുവ ഡയറിസ്റ്റായി മാറുകയും ചെയ്തു. ഡെൻമാർക്കിലെ ക്രിസ്റ്റ്യൻസ്ഫെൽഡിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് അവൾ തന്റെ കൗമാരത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.[3]
ക്രിസ്റ്റ്യാനിയ (ഓസ്ലോ) സന്ദർശന വേളയിൽ, സഹോദരൻ ഹെൻറിക്കിന്റെ സാഹിത്യ മണ്ഡലത്തിലെ എതിരാളി കൂടിയായിരുന്ന കവി ജോഹാൻ സെബാസ്റ്റ്യൻ വെൽഹാവനെ അവർ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. ഏറെ സങ്കീർണ്ണമായിരുന്ന മൂവരും തമ്മിലുള്ള ബന്ധം കാലക്രമേണ നോർവീജിയൻ റൊമാന്റിസിസത്തിൽ ഐതിഹാസികമായി മാറി. കോലെറ്റ് തത്ത്വശാസ്ത്രപരമായി സംവാദത്തിൽ വെൽഹാവൻറെ ഭാഗവുമായി യോജിക്കുകയും സഹോദരനുമായുള്ള അവളുടെ ബന്ധം കുറച്ചുകാലത്തേയ്ക്ക് അസ്വസ്ഥത നിരഞ്ഞതായിരക്കാമെന്ന് കരുതപ്പെടുന്നു. എന്നാൽ വെൽഹാവനുമായുള്ള ബന്ധത്തോടുള്ള എതിർപ്പിൻറെ പേരിൽ കാമില തന്റെ പിതാവിനോടും സഹോദരനോടും ചില നീരസം പ്രകടിപ്പിച്ചതായും സൂചനകളുണ്ട്. ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച അവരെ, ഊർജ്ജസ്വലതയും ആരോഗ്യവും വീണ്ടെടുക്കാൻ 1834-ലെ വേനൽക്കാലത്ത് പിതാവ് അവളെ പാരീസിലേക്ക് കൊണ്ടുപോയി.[4]
എന്തായാലും, വെൽഹാവനുമായുള്ള അവളുടെ ബന്ധം ഒടുവിൽ അവസാനിച്ചതോടെ 1841-ൽ അവൾ ഒരു പ്രമുഖ രാഷ്ട്രീയക്കാരനും സാഹിത്യ നിരൂപകനും Intelligenspartiet പാർട്ടിയിലെ (ഇന്റലിജൻസ് പാർട്ടി) അംഗവുമായ പീറ്റർ ജോനാസ് കോളെറ്റിനെ വിവാഹം കഴിച്ചു.[5] പ്രണയത്തിൽ നിന്ന് ഉടലെടുത്ത ഒരു വിവാഹമായി കരുതപ്പെടുന്ന ഈ ബന്ധത്തിൽ കാമിലയ്ക്ക് ഏത് വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന പിന്തുണയും മനസ്സിലാക്കുന്നതുമായ ഒരു ഭർത്താവായിരുന്നു കോളെറ്റ്. കോളെറ്റിനെ വിവാഹം കഴിച്ചതിനുശേഷം അവൾ പ്രസിദ്ധീകരണത്തിനായി എഴുതിത്തുടങ്ങി. അവളുടെ ഏറ്റവും പ്രശസ്തമായ കൃതിയായി അറിയപ്പെടുന്നത് 1854 ലും 1855 ലും രണ്ട് വ്യത്യസ്ത ഭാഗങ്ങളായി അജ്ഞാതമായി പ്രസിദ്ധീകരിച്ച അവളുടെ ഒരേയൊരു നോവലായ Amtmandens Døtre (ദി ഡിസ്ട്രിക്ട് ഗവർണേഴ്സ് ഡോട്ടേഴ്സ്) ആണ്.[6][7] നോർവേയിലെ ആദ്യത്തെ രാഷ്ട്രീയ സാമൂഹിക റിയലിസ നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പുസ്തകത്തിൻറെ ഇതിവൃത്തം ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയായിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും നിർബന്ധിത വിവാഹങ്ങളുമായിരുന്നു. അവളുടെ ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങൾ, പ്രത്യേകിച്ച് വെൽഹാവനുമായുള്ള അവളുടെ ബന്ധം, പുസ്തക രചനയെ സ്വാധീനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.[8] ഈ പുസ്തകത്തിന് ശേഷം, വളരെ കുറച്ച് മാത്രം ഫിക്ഷൻ എഴുതിയ അവർ പക്ഷേ ഉപന്യാസങ്ങളും വിവാദാത്മക വിഷയങ്ങലും ഓർമ്മക്കുറിപ്പുകളും എഴുതുന്നത് തുടർന്നു.
1851-ൽ, പത്തുവർഷത്തെ ദാമ്പത്യത്തിനുശേഷം, ഭർത്താവ് പെട്ടെന്ന് മരിച്ചു.[9] ഇതോടെ നാല് ചെറിയ ആൺമക്കളെ വളർത്തുന്ന ഉത്തരവാദിത്വം കാമിലയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു.[10] വീട് വിൽക്കാൻ നിർബന്ധിതയായ അവർക്ക്, പിന്നീടൊരിക്കലം പുതിയത് വാങ്ങാൻ കഴിഞ്ഞില്ല. അവളുടെ മൂത്ത മൂന്ന് മക്കളെ ബന്ധുക്കൾ വളർത്താൻ ഏൽപ്പിച്ചു. ജീവിതകാലം മുഴുവൻ വ്യക്തിപരമായ സാമ്പത്തിക പ്രശ്നങ്ങളുമായി അവർ മല്ലിട്ടു. 1895 മാർച്ച് 6 ന് ക്രിസ്റ്റ്യാനിയയിൽവച്ച് (ഓസ്ലോ) അവൾ അന്തരിച്ചു.[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.