അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
എസ്തർ ജെയിൻ വില്യംസ് (ജീവിത കാലം: ഓഗസ്റ്റ് 8, 1921 - ജൂൺ 6, 2013) ഒരു അമേരിക്കൻ നീന്തൽ താരവും നടിയുമായിരുന്നു. ലോസ് ആഞ്ചലസ് അത്ലറ്റിക് ക്ലബ് നീന്തൽ ടീമിൻറ ഭാഗമായി ഒട്ടനവധി ദേശീയവും, പ്രാദേശികവുമായ നീന്തൽ റെക്കോഡുകൾ അവർ കൌമാരകാലത്ത് തന്നെ സ്ഥാപിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ 1940 സമ്മർ ഒളിമ്പിക്സിൽ മത്സരിക്കാനാകാതെയിരുന്ന അവർ ബില്ലി റോസിൻറെ അക്വാക്കെയ്ഡ് എന്ന പേരിലുള്ള സംഗീത, നൃത്ത നീന്തൽ ഷോയിൽ ചേർന്നു പ്രവർത്തിച്ചു. ന്യൂയോർക്ക് നഗരത്തിൽനിന്നും സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് ഈ പ്രദർശനം മാറ്റിയതിനാൽ എലീനർ ഹോം ഒഴിവായ സ്ഥാനത്തേയ്ക്കാണ് എസ്തറിനെ പരിഗണിച്ചത്. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും ടാർസൻ സിനിമകളിലെ താരവുമായിരുന്ന ജോണി വീസ്മുള്ളറോടൊപ്പം അവർ ഏകദേശം അഞ്ചുമാസങ്ങൾ നഗരത്തിൽ നീന്തൽ സംബന്ധമായി ചെലവഴിച്ചിരുന്നു.[1] എസ്തർ വില്ല്യംസ്, അക്വാകെയ്ഡ് വീക്ഷിച്ചിരുന്ന മെട്രോ ഗോൾഡ്വിൻ (എം.ജി.എം.) സംഘത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. എം.ജി.എം. സ്റ്റുഡിയോയുടെ നിരവധി ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനുശേഷം മിക്കി റൂണിയോടൊപ്പം ഒരു ആൻഡി ഹാർഡി പരമ്പര ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും പിൽക്കാലത്ത് അഞ്ചുതവണ ഒപ്പം അഭിനയിച്ച വാൻ ജോൺസണോടൊപ്പം 'എ ഗായ് നെയിംഡ് ജോ' എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 1940 കളിലും 1950 കളുടെ തുടക്കത്തിലും നീന്തൽ, ഡൈവിംഗ് എന്നിവ സമന്വയിപ്പിച്ച് വിപുലമായ പ്രകടനങ്ങൾ ഉൾക്കൊള്ളിച്ച "അക്വാമൂസിക്കൽസ്" എന്ന പേരിലറിയപ്പെട്ട സിനിമകളുടെ ഒരു പരമ്പരയിലും അവർ അരങ്ങേറ്റം നടത്തിയിരുന്നു.
എസ്തർ വില്ല്യംസ് | |
---|---|
ജനനം | എസ്തർ ജെയ്ൻ വില്ല്യംസ് ഓഗസ്റ്റ് 8, 1921 |
മരണം | ജൂൺ 6, 2013 91) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. | (പ്രായം
അന്ത്യ വിശ്രമം | അവശിഷ്ടങ്ങൾ പസഫിക് സമുദ്രത്തിൽ വിതറി |
വിദ്യാഭ്യാസം | Washington High School |
കലാലയം | ലോസ് ആഞ്ചലസ് സിറ്റി കോളജ് |
തൊഴിൽ | നടി, നീന്തൽതാരം, വ്യവസായി |
സജീവ കാലം | 1942–1963 |
ജീവിതപങ്കാളി(കൾ) | ലിയോണാർഡ് കോവ്നർ
(m. 1940; div. 1944)ബെൻ ഗേജ്
(m. 1945; div. 1959)ഫെർണാണ്ടോ ലാമാസ്
(m. 1969; died 1982)എഡ്വേർഡ് ബെൽ (m. 1994) |
കുട്ടികൾ | 3 |
വെബ്സൈറ്റ് | http://www.esther-williams.com |
1945 മുതൽ 1949 വരെയുള്ള കാലഘട്ടത്തിൽ എസ്തർ വില്യംസ്, വർഷത്തിൽ ഏറ്റവു കൂടുതൽ കളക്ഷൻ നേടുന്ന ഇരുപതോളം സിനിമകളിൽനിന്ന് ഒരു സിനിമയെങ്കിലും സ്വന്തമാക്കിയിരുന്നു.[2][3][4][5][6] 1952 ൽ എസ്തർ വില്ല്യംസ് ആസ്ട്രേലിയൻ നീന്തൽ താരമായിരുന്ന അന്നെറ്റെ കെല്ലെർമാൻറെ ജീവചരിത്രം ആസ്പദമാക്കി നിർമ്മിച്ച മില്ല്യൺ "ഡോളർ മെർമെയ്ഡ്' എന്ന ഏക ജീവചരിത്ര സിനിമയിൽ അഭിനയിച്ചിരുന്നു.MGM- ൽ പ്രവർത്തിച്ചിരുന്ന കാലത്ത് സിനിമയുടെ പേര് അവരുടെ ഇരട്ടപ്പേരായി മാറിയിരുന്നു.[7] 1956 ൽ വില്യംസ് MGM വിടുകയും തുടർന്ന് ജലം അടിസ്ഥാനമാക്കിയുള്ളതും വളരെ പ്രശസ്തമായ അനേകം പ്രത്യേക ടെലിവിഷൻ പ്രദർശനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അവയിലൊന്ന് ഫ്ലോറിഡയിലെ സൈപ്രസ് ഗാർഡനുകളിൽ വച്ചുള്ള പ്രദർശനമായിരുന്നു. പിന്നീട് പരാജയം രുചിച്ച ഏതാനും ഫീച്ചർ ഫിലിമുകളിലെ വേഷങ്ങളും അവതരിപ്പിച്ചിരുന്നു
വില്യംസ് ഒരു വിജയംവരിച്ച ബിസിനസുകാരിയും കൂടിയായിരുന്നു. ഒരു നടി എന്ന നിലയിൽ വിരമിക്കുന്നതിനു മുമ്പുതന്നെ, അവൾ ഒരു "സർവീസ് സ്റ്റേഷൻ, മെറ്റൽ പ്രൊഡക്ട്സ് പ്ലാന്റ്, ബാത്തിംഗ് സ്യൂട്ട് നിർമ്മാണം, നിരവധി വസ്തുവകകൾ, ട്രയിൽസ് എന്ന പേരിൽ ഒരു വിജയകരമായ റസ്റ്റോറന്റ് ശൃംഖല എന്നിവ സ്ഥാപിച്ചിരുന്നു.
1921 ഓഗസ്റ്റ് 8-ന് കാലിഫോർണിയയിലെ ഇംഗിൽവുഡിലാണ് എസ്തർ വില്ല്യംസ് ജനിച്ചത്.[8][9] ലൂയിസ് സ്റ്റാൻസ്റ്റൺ വില്യംസ് (ജനുവരി 19, 1886 - ജൂൺ 10, 1968), ബൂല മൈർട്ടൾ (മുൻകാലത്ത്, ഗിൽപിൻ; ഒക്ടോബർ 8, 1885 - ഡിസംബർ 29, 1971) എന്നിവരുടെ അഞ്ചാമത്തേയും ഏറ്റവും ഇളയതുമായ കുട്ടിയായാണ് എസ്തർ ജനിച്ചത്.[10] പിതാവ് ലൂയിസ് ഒരു സൈൻബോർഡ് ചിത്രകാരനും മാതാവ് ബൂല ഒരു സൈക്കോളജിസ്റ്റായിരുന്നു. രണ്ടുപേരും കൻസാസിലെ ഫാമുകളിൽ അയൽക്കാരായിരുന്നു. അവർ 9 വർഷത്തെ പ്രേമബന്ധത്തിനുശേഷം 1908 ജൂൺ 1 ന് കാലിഫോർണിയയിലേയ്ക്ക് ഒളിച്ചോടി പോകുകയും ചെയ്തു. പണത്തിനു ബുദ്ധിമുട്ടനുഭവപ്പെട്ട അവർ യൂട്ടായിലെ സാൾട്ട് ലേക് സിറ്റിയിൽ താമസമാക്കി. നടി മർജോരി റാംബ്യൂവുമായുള്ള എസ്തറുടെ സഹോദരൻ സ്റ്റാൻടൻറെ (സെപ്റ്റംബർ 4, 1912 - മാർച്ച് 3, 1929) പരിചയം കുടുംബത്തെ (സഹോദരിമാർ മൗറിനും ജൂണും, സഹോദരൻ ഡേവിഡും ഉൾപ്പെടെ) ലോസ് ഏഞ്ചൽസ് മേഖലയിലെ സ്റ്റുഡിയോകൾക്കു സമീപം താമസമുറപ്പിക്കുന്നതിനു സഹായിച്ചു. നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായി ലൂയിസ് വില്യംസ് ഒരു ചെറിയ സ്ഥലം വാങ്ങുകുയം അവിടെ ഒരു ചെറിയ വീട് നിർമ്മിക്കുകയും ചെയ്തു. കുടുംബം ഉറങ്ങുവായിക്കൂടി ഉപയോഗിച്ചിരുന്ന ഈ വീട്ടിലെ ലിവിംഗ് റൂമിലാണ് എസ്തർ ജനിച്ചത്. പിൽക്കാലത്ത് ലൂയിസ് വില്യംസ് ഈ ചെറിയ വീടിനോട് ചേർത്ത് അധികമായി ബെഡ്റൂമുകൾ നിർമ്മിച്ചിരുന്നു. 1929-ൽ സ്റ്റാൻടൺ വില്യംസ് അന്തരിച്ചു.[11]
1935 ൽ ബുല മൈർട്ടർ വില്യംസ്, സുഹൃത്തിൻറെ പുത്രനും 16 കാരനുമായിരുന്ന മക്ലൂറിനെ തന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ ക്ഷണിച്ചു. മക്ലൂർ അടുത്തിടെ തൻറ അമ്മയെ നഷ്ടപ്പെട്ട ദുഃഖത്തിൽ കളിയുകയായിരുന്നു, അതുപോലെ ബൂല തന്റെ പുത്രൻറെ മരണത്തെച്ചൊല്ലിയും വിലപിച്ചിരുന്ന കാലമായിരുന്നു. എസ്തർ തന്റെ ആത്മകഥയിൽ പറയുന്നതു പ്രകാരം ഒരു രാത്രി, കുടുംബാംഗങ്ങൾ അൽഹാംബ്രയിലെ ബന്ധുക്കളെ സന്ദർശിക്കുവാൻ പോയിരുന്ന സമയത്ത് മക്ലൂർ അവളെ ബലാൽക്കാരം ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയാൻ അവർ ഭയപ്പെടുകയും ഒടുവിൽ സത്യം വെളിപ്പെടുത്താൻ രണ്ടുവർഷം കാത്തിരിക്കേണ്ടിവരുകയും ചെയ്തു. എസ്തറിൻറെ മാതാവിന് ഈ സംഭവത്തിൻറെ കൃത്യത ബോധ്യപ്പെട്ടില്ല. മക്ലൂർ വളരെ "സെൻസിറ്റീവായ" ആളാണെന്ന് അവർ ഉറപ്പിച്ചു പറയുകയും അദ്ദേഹം തൻറെ കുറ്റം അംഗീകരിച്ചപ്പോൾ അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. ബൂല വില്യംസ് തന്റെ വീട്ടിൽ നിന്ന് അയാളെ പുറത്താക്കിയതുനുശേഷം മക്ലൂർ കോസ്റ്റ് ഗാർഡിൽ ചേരുകയും എസ്തർ വില്ല്യംസ് വീണ്ടും അയാളെ ഒരിക്കലും കാണുകയുമുണ്ടായില്ല.[12]
ചെറുപ്പത്തിൽ നീന്തലിൽ അതിയായ ഉത്സാഹം കാണിച്ചിരുന്ന എസ്തർ വില്യംസിനെ അവരുടെ മൂത്ത സഹോദരിയായ മൗറീൻ, മൻഹാട്ടൻ ബീച്ചിലും പ്രാദേശിക നീന്തൽക്കുളങ്ങളിലും കൊണ്ടുപോയിരുന്നു. അവിടെ കൈലേസുകൾ എണ്ണുന്ന ജോലി ഏറ്റെടുക്കുകയും നീന്തൽക്കുളത്തിലേയ്ക്കുള്ള പ്രവേശന ഫീസായ അഞ്ചു സെൻറ് അടയ്ക്കാനുള്ള വഴി കണ്ടെത്തുകയും അവിടുത്തെ പുരുഷന്മാരായ ലൈഫ് ഗാർഡുകളിൽ നിന്ന് നീന്തലിൻറെ പ്രഥമ പാഠങ്ങൾ പഠിക്കുകയും ചെയ്തു. അവരിൽനിന്ന് പുരുഷന്മാരുടെ കുത്തകയായിരുന്ന ബട്ടർഫ്ലൈ സ്ട്രോക്ക് ഉൾപ്പെടെയുള്ള നീന്തൽ രീതികൾ സ്വായത്തമാക്കുകയും പിൽക്കാലത്ത് ഈ മേഖലകളിലെ റിക്കാർഡുകൾ തകർക്കുകയും ചെയ്തു.[13]
മെട്രോ-ഗോൾഡ്വിൻ-മേയർ (എം.ജി.എം.) സ്കൗട്ടുകളുടെ ആദ്യ ശ്രദ്ധ വില്യംസ് പിടിച്ചുപറ്റിയത് അക്വാകെയ്ഡിൽ ആയിരുന്നു. MGM ന്റെ തലവനായ ലൂയിസ് ബി. മേയർ, ഫോക്സ് സ്റ്റുഡിയോയുടെ സ്കേറ്റിംഗ് താരമായിരുന്ന സോൻജ ഹെനിയുമായി[14] മത്സരിക്കാൻ പറ്റിയ ഒരു സ്പോർട്സ് താരത്തെ ഇക്കാലത്ത് അന്വേഷിച്ചുകൊണ്ടിരിക്കുകയുയായിരുന്നു. 1941 ൽ എസ്തർ വില്യംസ് എം.ജി.എം.സ്റ്റുഡിയോയുമായി കരാർ ഒപ്പിട്ടു.[15]
എസ്തർ വില്യംസ് ആകെ നാലു തവണ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭർത്താവായിരുന്ന ലോയോനാർഡ് കോവ്നറെ അവർ കണ്ടെത്തിയത് ലോസ് ആഞ്ജലസ് സിറ്റി കോളേജിലെ വിദ്യാഭ്യാസകാലത്തായിരുന്നു. തന്റെ ആത്മകഥയായ ‘ദി മില്യൺ ഡോളർ മെർമേഡ്’ എന്ന കൃതിയിൽ അവർ ഇങ്ങനെ എഴുതി: "അദ്ദേഹം സമർത്ഥനു, സുന്ദരനും, ആശ്രയയോഗ്യനുമായിരുന്നുവെന്നു തോന്നി ... അതോടൊപ്പം വിരസനും. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെയും വൈദ്യശാസ്ത്ര രംഗത്തു ഭാവിജീവിതം കരുപ്പിടിപ്പിക്കുവാനുള്ള അയാളുടെ സമർപ്പണ ബോധത്തേയും ബഹുമാനിച്ചിരുന്നു. അയാൾ എന്നെ സ്നേഹിച്ചിരുന്നു അല്ലെങ്കിൽ അങ്ങനെ പറഞ്ഞിരുന്നു. അയാളെ വിവാഹം കഴിക്കാൻ പോലും എന്നോട് ആവശ്യപ്പെട്ടിരുന്നു." 1940 ജൂൺ 27 ന് അവർ സാൻ ഫ്രാൻസിസ്കോയുടെ പ്രാന്തപ്രദേശത്തുള്ള ലോസ് ആൽട്ടോസിൽവച്ചു വിവാഹിതരായി. അവരുടെ പിരിയലിനുശേഷം അവർ എഴുതി, "എനിക്ക് വൈകാരികവും വ്യക്തിപരവുമായ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം സ്വയമേവ ചെയ്യുക എന്നത് എന്റെ മാത്രം സ്വന്തമായ തീരുമാനവും നിശ്ചയദാർഢ്യവും ആയിരുന്നു. എനിക്കൊരു വിവാഹവും വിവാഹമോതിരവും ആവശ്യമില്ല. ലിയോനാർഡ് കോവ്നർ എനിക്ക് യഥാർഥത്തിൽ സ്നേഹിക്കാൻ കഴിയുന്ന ഒരു മനുഷ്യനല്ലെന്നുള്ള കാര്യം ഞാൻ പെട്ടെന്നു തന്നെ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. " 1944 സെപ്റ്റംബർ 12 ന് അവർ വിവാഹമോചിതരായി.
1945 നവംബർ 25 ന് എസ്തർ, ഗായകനും നടനുമായിരുന്ന ബെൻ ഗെയ്ഗിനെ വിവാഹം കഴിച്ചു. അവർക്ക് ബെഞ്ചമിൻ സ്റ്റാൻറൺ (ജനനം ഓഗസ്റ്റ് 6, 1949), കിംബൾ ഓസ്റ്റിൻ (ഒക്ടോബർ 30, 1950 - മേയ് 6, 2008), സൂസൻ ടെന്നെ (ജനനം ഒക്ടോബർ 1, 1953) എന്നിങ്ങനെ മൂന്നു കുട്ടികളാണുണ്ടായിരുന്നത്. ആത്മകഥയിൽ അവർ ഗെയ്ഗിനെ ഒരു മദ്യപാനിയായി ചിത്രീകരിക്കുകയും തന്റെ വരുമാനത്തിൽനിന്ന് 10 മില്യൻ ഡോളർ ദുർവ്യയം ചെയ്തയാളായും രേഖപ്പെടുത്തിയിരുന്നു. 1952 ഏപ്രിൽ മാസത്തിൽ അവർ വേർപിരിഞ്ഞു.
ഹവായിൽവച്ച് ‘പാഗൻ ലവ് സോങ്ങ്’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് വില്ല്യംസ് താൻ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുകയും കാലിഫോർണിയിയിലെ സ്റ്റുഡിയോയിൽ ഉടനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഗെയ്ഗ് ഹോട്ടലിൽവച്ച് ഒരു ഹാം റേഡിയോ ഉടമസ്ഥനുമായി പരിചയപ്പെടുകയും കാലിഫോർണിയയിലേയ്ക്കു എസ്തറെ വിളിച്ചു സംസാരിക്കുവാനുള്ള അനുമതി അയാളിൽനിന്നു നേടിയെടുക്കുകയും ചെയ്തു. ആ സമയത്ത് ഹാം റേഡിയോയിലൂടെയുള്ള സംസാരം ആർക്കുവേണമെങ്കിലും ശ്രവിക്കാൻ സാധിക്കുമെന്നുള്ള കാര്യം മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെടുകയും ഈ സ്വകാര്യ സംഭാഷണം പടിഞ്ഞാറൻ തീരമേഖലയിലാകെ ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.
മില്ല്യൺ ഡോളർ മെർമെയ്ഡ് എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്ന സമയത്ത് തനിക്ക് വിക്ടർ മച്ചുർ എന്ന നടനുമായി വൈകാരിക ബന്ധമുണ്ടായിരുന്നവെന്നുള്ള കാര്യം അവരുടെ ആത്മകഥയിൽ സ്പഷ്ടമാക്കപ്പെടുന്നുണ്ട്. വിവാഹ ജീവിതം കഷ്ടത നിറഞ്ഞതും ഒറ്റപ്പെട്ടതുമായി അനുവഭപ്പെട്ടു തുടങ്ങിയ കാലത്ത് വിക്ടറിലേയ്ക്കു അവർ ആകർഷിക്കപ്പെടുകയും അവർ ആഗ്രഹിച്ച രീതിയിൽ അയാൾ അതു നിറവേറ്റുകയും ചെയ്തിരുന്നു.
മില്ല്യൺ ഡോളർ മെർമെയ്ഡിൻറെ ഷൂട്ടിങ് സമയത്ത് എസ്തർ വില്യംസ് തൻറെ വീഴ്ചയിൽനിന്നു കര കയറിയപ്പോൾ ഈ ബന്ധം അവസാനിപ്പിക്കപ്പെട്ടു. ജെഫ് ചാൻലർ എന്ന നടനുമായും അവർക്ക് വൈകാരിക ബന്ധമുള്ളതായി പറയപ്പെട്ടിരുന്നു. അയാളുടെ വസ്ത്രധാരണരീതി വിപരീത ലൈംഗികതയുമായ ബന്ധപ്പെട്ട തരത്തിലായിരുന്നുവെന്ന് (ക്രോസ്-ഡ്രസർ) അവർ തന്റെ ആത്മകഥയിൽ സമർത്ഥിക്കുന്നു. ഈ ബന്ധം താമസിയാതെ അവസാനിച്ചു. ലോസ് ആഞ്ചലസ് ടൈംസിലെ വാർത്തകൾ പ്രകാരം ജെഫ് ചാനഡ്ലിയറുടെ അനേകം സുഹൃത്തുക്കളും സഹപ്രവർത്തകരും എസ്തറുടെ ഈ അവകാശവാദത്തെ ശക്തമായി ഖണ്ഡിച്ചിരുന്നു. ജെയിൻ റസ്സൽ എന്ന നടി പറയുന്നതു് ഇപ്രകാരമായിരുന്നു, “ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യമായിരുന്നു ഇത്. ജെഫിൽനിന്നു ഞാൻ പ്രതീക്ഷിക്കാനിടയുള്ള ഏറ്റവും അവസാനത്തെ കാര്യമായിരിക്കും ക്രോസ്-ഡസിംഗ്” എന്നാണ് അവർ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചത്.
1969 ഡിസംബർ 31 ന് അർജന്റീനിയൻ നടനും സംവിധായകനുമായിരുന്ന ഫെർണാണ്ടോ ലാമാസ് എന്ന മുൻകാല കാമുകനെ അവർ വിവാഹം ചെയ്തു. അടുത്ത പതിമൂന്ന് വർഷങ്ങൾ എസ്തർ അയാൾക്കായി സമർപ്പിച്ചിരുന്നു. പകരം, അയാൾ അവരോട് വിശ്വസ്തനായിരുന്നു. 1982 ഒക്ടോബർ 8 ന് പാൻക്രിയാറ്റിക് ക്യാൻസർ കാരണമായി അയാൾ മരണമടയുന്നതുവരെ അവർ ഒരുമിച്ചു ജീവിച്ചിരുന്നു. പിന്നീട് നടനായിരുന്ന എഡ്വാർഡ് ബെല്ലിനെ 1994 ഒക്ടോബർ 24 നു വിവാഹം കഴിക്കുകയും ബെവെർലി ഹിൽസിൽ സ്ഥിര താമസമാക്കുകയും ചെയ്തു.
2013 ജൂൺ 6 ന് ഉറക്കത്തിൽ എസ്തേർ വില്യംസ് സ്വാഭാവിക കാരണങ്ങളാൽ അവരുടെ ലോസ് ആഞ്ചലസിലെ വസതിയിൽവച്ച് മരണമടഞ്ഞു. അവർക്ക് 91 വയസ്സായിരുന്നു.[16] സംസ്കാരം നടത്തിയശേഷം അവരുടെ ചാരം പസഫിക് സമുദ്രത്തിൽ വിതറിയിരുന്നു.
വർഷം | സിനിമയുടെ പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1942 | ആൻഡി ഹാർഡീസ് ഡബിൾ ലൈഫ് | ഷെയ്ലാ ബ്രൂക്ക്സ് | |
1942 | പേർസണാലിറ്റീസ് | ഷെയ്ലാ ബ്രൂക്ക്സ് (Screen test footage) | Short subject |
1942 | ഇൻഫ്ലേഷൻ | മിസിസ്. സ്മിത്ത് | Short film |
1943 | എ ഗായ് നെയിംഡ് ജോ | എല്ലെൻ ബ്രൈറ്റ് | |
1944 | ബാത്തിംഗ് ബ്യൂട്ടി | കരോലിൻ ബ്രൂക്ക്സ് | |
1945 | ത്രിൽ ഓഫ് എ റൊമാൻസ് | സിൻതിയ ഗ്ലെൻ | |
1946 | സീഗ്പെൽഡ് ഫോളീസ് | സ്വയം | ('A Water Ballet') |
1946 | ദ ഹൂഡ്ലം സെയിൻറ് | കേ ലോറിസൺ | |
1946 | ഈസി ടു വെഡ് | കോണി അല്ലെൻബറി | |
1946 | ടിൽ ദ ക്ലൌഡ് റോൾ ബൈ | സ്വയം | Uncredited |
1947 | ഫിയെസ്റ്റ | മരിയ മൊറേൽസ് | |
1947 | ദിസ് ടൈം ഫോർ കീപ്സ് | ലിയോനോറ 'നോറ' ക്യംബറെറ്റി | |
1948 | ഓൺ ആൻ ഐലൻറ് വിത് യൂ | റൊസാലിണ്ട് റെയ്നോൾഡ്സ് | |
1949 | ടേക് മി ഔട്ട് ഓഫ് ദ ബാൾ ഗേം | K.C. ഹിഗ്ഗിൻസ് | |
1949 | നെപ്റ്റ്യൂൺസ് ഡോട്ടർ | ഈവ് ബാരെറ്റ് | |
1950 | ഡച്ചസ് ഓഫ് ഇഡാഹോ | Christine Riverton Duncan | |
1950 | പഗൻ ലവ് സോങ്ങ് | Mimi Bennett | |
1951 | ടെക്സാസ് കാർണിവൽ | Debbie Telford | |
1951 | കോൾഎവേ വെൻറ് ദാറ്റ്വേ | സ്വയം | Uncredited |
1952 | സ്കർട്സ് അഹോയ്! | വിറ്റ്നി യംങ്ങ് | |
1952 | മില്ല്യൺ ഡോളർ മെർമേഡ് | അന്നെറ്റ് കെല്ലെർമാൻ | |
1953 | ഡേഞ്ചറസ് വെൻ വെറ്റ് | കാത്തീ ഹിഗ്ഗിൻസ് | |
1953 | ഈസി ടു ലവ് | ജൂലീ ഹാലെർട്ടൻ | |
1954 | അതീന | Screenwriter
Uncredited | |
1955 | ജൂപ്പിറ്റേർസ് ഡാർലിങ്ങ് | അമിറ്റിസ് | |
1955 | 1955 Motion Picture Theatre Celebration | സ്വയം | Short subject |
1956 | ദ അൺഗാർഡഡ് മൊമൻറ് | ലോയസ് കോൺവേ | |
1956 | സ്ക്രീൻ സ്നാപ്ഷോട്സ്: ഹോളിവുഡ്, സിറ്റി ഓഫ് സ്റ്റാർസ് | സ്വയം | Short subject |
1958 | റോ വിൻഡ് ഇൻ ഏദൻ | ലോറ | |
1961 | ദ ബിഗ് ഷോ | ഹില്ലാരി അല്ലെൻ | |
1963 | മാജിക് ഫൌണ്ടൻ | ഹയാസിന്ത് ടവർ | |
1994 | ദാറ്റ്സ് എൻറർടെയിൻമെൻറ് III | സ്വയം |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1957 | ലക്സ് വീഡിയോ തീയേറ്റർ | Vicki | Episode: "The Armed Venus" |
1960 | ദ ഡോണ റീഡ് ഷോ | Molly | Episode: "The Career Woman" |
1960 | സേൻ ഗ്രേ തീയേറ്റർ | Sarah Harmon | Episode: "The Black Wagon" |
1961 | ദ ബൊബ് ഹോപ് ഷോ | Episode: "The Bob Hope Buick Sports Awards Show" |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.