എലൈജ വുഡ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
എലൈജ ജോർഡൻ വുഡ് (ജനനം ജനുവരി 28, 1981) ഒരു അമേരിക്കൻ നടനും, ശബ്ദ നടനും, ഡിജെയും, നിർമ്മാതാവുമാണ്. പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്രപരമ്പരയിൽ (2001-03) ഫ്രോഡോ ബാഗ്ഗിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ നേടി.[1][2]
Elijah Wood | |
---|---|
ജനനം | Elijah Jordan Wood (1981-01-28) ജനുവരി 28, 1981 (43 വയസ്സ്) Cedar Rapids, Iowa, U.S. |
തൊഴിൽ | Actor, voice actor, DJ, producer |
സജീവ കാലം | 1988–present |
1989 ഇറങ്ങിയ ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ചാണ് വുഡ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. തുടർന്ന് വലിയ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം തന്റെ ഒൻപതാം വയസ്സിൽ തന്നെ ഒരു മികച്ച ബാലതാരമായി കണക്കാക്കപെട്ടിരുന്നു. അവലോൺ (1990), പാരഡൈസ് (1991), റേഡിയോ ഫ്ലൈയർ, ഫോറെവർ യംഗ് (രണ്ടും 1992 ൽ), ദ അഡ്വഞ്ചേഴ്സ് ഓഫ് ഹക്ക് ഫിൻ, ദ ഗുഡ് സോൺ (രണ്ടും 1993 ൽ) എന്നിവയാണ് ഇക്കാലത്തെ ശ്രദ്ധേയമായ ചിത്രങ്ങൾ. പിന്നീട് അദ്ദേഹം നോർത്ത്, ദി വാർ (രണ്ടും 1994 ൽ), ഫ്ളിപ്പർ (1996), ദ ഐസ് സ്റ്റോം (1997), ഡീപ് ഇംപാക്റ്റ്, ദ ഫാക്കൽറ്റി (രണ്ടും 1998) തുടങ്ങിയ ചിത്രങ്ങളിൽ കൗമാര വേഷങ്ങളിൽ അഭിനയിച്ചു. ലോർഡ് ഓഫ് ദ റിങ്സ് എന്ന ചിത്രത്തിനു ശേഷം, എതർണൽ സൺഷൈൻ ഓഫ് ദ സ്പോട്ടിൽസ് മൈൻഡ് (2004), സിൻ സിറ്റി, ഗ്രീൻ സ്ട്രീറ്റ്, എവിരിത്തിങ് ഈസ് ഇല്യൂമിനേറ്റഡ് (എല്ലാം 2005), പാരിസ്, ജെ ടൈമെ, ബോബി[3] (രണ്ടും 2006 ൽ),സെലെസ്റ്റെ ആൻഡ് ജെസ്സി ഫോറെവർ, മാനിയാക് (രണ്ടും 2012 ൽ), ദി ഗ്രേറ്റ് പിയാനോ (2013), ദി ലാസ്റ്റ് വിച്ച് ഹണ്ടർ (2015), ദ ട്രസ്റ്റ് (2016), ഐ ഡോണ്ട് ഫീൽ അറ്റ് ഹോം ഇൻ ദിസ് വേൾഡ് എനിമോർ (2017) തുടങ്ങിയ ചിത്രങ്ങളിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചു.
ഹാപ്പി ഫീറ്റ് (2006), ഹാപ്പി ഫീറ്റ് ടു (2011) എന്നീ ആനിമേഷൻ സിനിമകളിൽ വുഡ് മുഖ്യ കഥാപാത്രമായ മമ്പിളിന് ശബ്ദം നൽകി.[4] അതുപോലെ ടിം ബർട്ടൺ നിർമിച്ച 9 (2009) എന്ന അനിമേഷൻ ചിത്രത്തിൽ മുഖ്യകഥാപാത്രത്തിനും അദ്ദേഹം ശബ്ദം നൽകി. ലെജൻഡ് ഓഫ് സ്പൈറോ (2006-08) എന്ന വീഡിയോ ഗെയിം[5], ട്രോൺ അപ്റൈസിങ് (2012-13) എന്ന ഡിസ്നി എക്സ്ഡി ടെലിവിഷൻ പരമ്പര, ഓവർ ദ ഗാർഡൻ വാൾ (2014) എന്ന കാർട്ടൂൺ നെറ്റ്വർക്ക് പരമ്പര എന്നിവയിലും അദ്ദേഹം ശബ്ദം നൽകി.
2011-14 വരെ എഫ്എക്സ് ചാനൽ അവതരിപ്പിച്ച വിൽഫ്രഡ് എന്ന പരമ്പരയിൽ റയാൻ ന്യൂമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിന് മികച്ച നടനുള്ള സാറ്റലൈറ്റ് അവാർഡിന് നാമനിർദ്ദേശം ലഭിച്ചു. 2005 ൽ അദ്ദേഹം സ്വന്തമായി സിമിയൻ റെക്കോർഡ്സ് എന്ന റെക്കോർഡ് കമ്പനി സ്ഥാപിച്ചു.[6] 2010 ൽ അദ്ദേഹം, ഹൊറർ ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സ്പെക്ട്രെവിഷൻ എന്ന നിർമ്മാണകമ്പനി സ്ഥാപിച്ചു.