From Wikipedia, the free encyclopedia
മനുഷ്യരിലെയും മറ്റ് കശേരുകികളിലെയും നെഞ്ചിനും ഇടുപ്പിനും ഭാഗമാണ് ഉദരം അല്ലെങ്കിൽ വയറ്. ഇംഗ്ലീഷിൽ അബ്ഡൊമെൻ എന്ന് വിളിക്കുന്നു. മനുഷ്യരിൽ ശരീരത്തിന്റെ മുൻഭാഗത്താണ് ഉദരം സ്ഥിതിചെയ്യുന്നത്. വയർ ഉൾക്കൊള്ളുന്ന സ്ഥലത്തെ അബ്ഡൊമിനൽ കാവിറ്റി എന്ന് വിളിക്കുന്നു. ആർത്രോപോഡുകളിൽ ഇത് ശരീരത്തിന്റെ പിൻഭാഗത്തെ ടാഗ്മയാണ്. [1]
കശേരുകികളിൽ, വയറിനുള്ളിൽ, മുന്നിലും വശങ്ങളിലും വയറിലെ പേശികളാൽ വലയം ചെയ്യപ്പെട്ട ഒരു വലിയ അറയുണ്ട്. അബ്ഡൊമിനൽ കാവിറ്റി എന്ന് അറിയപ്പെടുന്ന ഇത് പെൽവിക് അറയുടെ തുടർച്ചയായി കാണപ്പെടുന്നു. ഇത് ഡയഫ്രം വഴി തോറാസിക് അറയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അയോർട്ട, ഇൻഫീരിയർ വെനാ കാവ, അന്നനാളം തുടങ്ങിയ ഘടനകൾ ഡയഫ്രത്തിലൂടെ കടന്നുപോകുന്നു. അബ്ഡൊമിനൽ, പെൽവിക് അറകൾക്ക് പരിയേറ്റൽ പെരിറ്റോണിയം എന്നറിയപ്പെടുന്ന ഒരു സെറസ് മെംബ്രേൻ ഉണ്ട്.[2] കശേരുകികളിലെ വയറ്റിൽ ദഹനവ്യവസ്ഥ, മൂത്രവ്യവസ്ഥ, പേശി വ്യവസ്ഥ എന്നിവയിൽ ഉൾപ്പെടുന്ന നിരവധി അവയവങ്ങൾ അടങ്ങിയിരിക്കുന്നു.
ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയുൾപ്പെടെ ദഹനവ്യവസ്ഥയുടെ ഭാഗമായ മിക്ക അവയവങ്ങളും വയറിനുള്ളിൽ കാണപ്പെടുന്നു. മറ്റ് ദഹന അവയവങ്ങൾ ആക്സസറി ഡൈജസ്റ്റിവ് ഓർഗൻസ് എന്നറിയപ്പെടുന്നു, അവയിൽ കരൾ, പിത്തസഞ്ചി, പാൻക്രിയാസ് എന്നിവ ഉൾപ്പെടുന്നു, ഇവ വിവിധ നാളങ്ങളിലൂടെ സിസ്റ്റത്തിൻ്റെ ബാക്കി ഭാഗങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്ലീഹ, വൃക്കകൾ എന്നിവ ഉൾപ്പെടെയുള്ള മൂത്രാശയ വ്യവസ്ഥയിലെ അവയവങ്ങൾ, അഡ്രീനൽ ഗ്രന്ഥികൾ എന്നിവയും അയോർട്ട, ഇൻഫീരിയർ വെനാ കാവ എന്നിവയുൾപ്പെടെ നിരവധി രക്തക്കുഴലുകളും വയറിനുള്ളിൽ സ്ഥിതിചെയ്യുന്നു. മൂത്രസഞ്ചി, ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയം എന്നിവ വയറിലെ അവയവങ്ങളായോ പെൽവിക് അവയവങ്ങളായോ കണക്കാക്കുന്നു. ഇവ കൂടാതെ വയറ്റിൽ പെരിറ്റോണിയം എന്ന വിപുലമായ ഒരു സ്തരമുണ്ട്.
വയറിന്റെ ഭിത്തിയിൽ പേശികളുടെ മൂന്ന് പാളികൾ ഉണ്ട്. അവ പുറത്ത് നിന്ന് അകത്തേക്ക് എക്സ്റ്റെണൽ ഒബ്ലിക്, ഇന്റേണൽ ഒബ്ലിക്, ട്രാൻസ്വേഴ്സ് അബ്ഡൊമിനൽ എന്നിവയാണ്.
ട്രാൻസ്വേഴ്സ് അബ്ഡൊമിനൽ പേശി പരന്നതും ത്രികോണാകൃതിയിലുള്ളതും, അതിന്റെ നാരുകൾ തിരശ്ചീനമായി നീളുന്നതുമാണ്. ഇൻഗ്വൈനൽ ലിഗമെന്റ്, 7-12 കോസ്റ്റൽ കാർട്ടിലെജുകൾ, ഇലിയാക് ക്രെസ്റ്റ്, തോറക്കോലംബർ ഫാസിയ എന്നിവയിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. റെക്ടസ് അബ്ഡോമിനിസ് പേശികൾ നീണ്ടതും പരന്നതുമാണ്. പിരമിഡലിസ് പേശി ചെറുതും ത്രികോണാകൃതിയിലുള്ളതുമാണ്. അടിവയറ്റിൽ റെക്ടസ് അബ്ഡോമിനിസിന് മുന്നിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
പ്രവർത്തനപരമായി, മനുഷ്യന്റെ വയറിലാണ് ദഹനനാളത്തിന്റെ ഭൂരിഭാഗവും കാണപ്പെടുന്നത്, അതിനാൽ ഭക്ഷണത്തിന്റെ ആഗിരണം, ദഹനം എന്നിവ ഇവിടെ സംഭവിക്കുന്നു. അന്നനാളം, ആമാശയം, ഡ്യുവോഡെനം, ജെജുനം, ഇലിയം, സെക്കം, അപ്പെൻഡിക്സ്, അസെന്റിങ്, ട്രാൻസ്വേഴ്സ്, ഡിസന്റിങ് കോളണുകൾ, സിഗ്മോയിഡ് കോളൻ, മലാശയം എന്നിവയും ഉദരത്തിലെ അവയവങ്ങളാണ്. കരൾ, വൃക്കകൾ, പാൻക്രിയാസ്, പ്ലീഹ എന്നിവയാണ് ഉദരത്തിനുള്ളിലെ മറ്റ് പ്രധാന അവയവങ്ങൾ.
അബ്ഡൊമിനാൽ വാൾ പോസ്റ്റീരിയർ (പിൻഭാഗം) ലാറ്ററൽ (സൈഡ്), ആന്റീരിയർ (മുൻവശം) എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു.
വയറിലെ പേശികൾക്ക് പ്രധാനപ്പെട്ട വിവിധ വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്. ശ്വസന പ്രക്രിയയിൽ അവ സഹായിക്കുന്നു. മാത്രമല്ല, ഈ പേശികൾ ആന്തരിക അവയവങ്ങളുടെ സംരക്ഷണ ചുമതലയും വഹിക്കുന്നു. കൂടാതെ, പുറകിലെ പേശികൾക്കൊപ്പം അവ പോസ്ചറൽ പിന്തുണ നൽകുകയും രൂപം നിർവചിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. അവ ചുമ, മൂത്രമൊഴിക്കൽ, മലവിസർജ്ജനം, പ്രസവം, ഛർദ്ദി, ആലാപന പ്രവർത്തനങ്ങൾ എന്നിവയിൽ അവിഭാജ്യ ഘടകമാണ്.
അടിവയറിന്റെ ബാഹ്യരൂപത്തെക്കുറിച്ചുള്ള സാമൂഹികവും സാംസ്കാരികവുമായ ധാരണകൾ ലോകമെമ്പാടും വ്യത്യസ്തമാണ്. സമൂഹത്തെ ആശ്രയിച്ച്, അധിക ഭാരം സമ്പത്തിന്റെയും അന്തസ്സിന്റെയും സൂചകമായി അല്ലെങ്കിൽ വ്യായാമത്തിന്റെ അഭാവം മൂലമുള്ള മോശം ആരോഗ്യത്തിന്റെ അടയാളമായി കണക്കാക്കാം.
വയറിലെ പേശികളുടെ ആരോഗ്യത്തിന് ശരിയായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ശരിയായി വ്യായാമം ചെയ്യുമ്പോൾ, വയറിലെ പേശികൾ നടുവേദന സാധ്യതയും കുറയ്ക്കുന്നു.[4][5] പൈലേറ്റ്സ്, യോഗ, തായ് ചി, ജോഗിങ് തുടങ്ങിയ പൊതുവായ വ്യായാമങ്ങൾ പരിശീലിക്കുന്നതിലൂടെ വയറിലെ പേശികൾ ബലപ്പെടുത്താൻ കഴിയും.[6][7]
വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ കൊഴുപ്പ് ഹൃദ്രോഗം, ആസ്ത്മ, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വയറിന് പറ്റുന്ന പരിക്കുകൾ വയറിലെ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. ഇവമൂലം ഗുരുതരമായ രക്തനഷ്ടത്തിനും അണുബാധക്കും സാധ്യതയുണ്ട് .[8] താഴത്തെ നെഞ്ചിന് പരിക്കേറ്റാൽ അത് ചിലപ്പോൾ പ്ലീഹയ്ക്കും കരളിനും പരിക്കേൽപ്പിക്കും.[9]
വയറ് ഉള്ളിലേക്ക് നിൽക്കുന്നത് സ്കാഫോയിഡ് അബ്ഡൊമെൻ എന്ന് അറിയപ്പെടുന്നു. [10] നവജാതശിശുവിൽ, ഇത് ഒരു ഡയഫ്രാമാറ്റിക് ഹെർണിയ മൂലമാകാം.[11] അല്ലാത്തവരിൽ പൊതുവേ, ഇത് പോഷകാഹാരക്കുറവിന്റെ സൂചനയാണ് .[12]
പല ദഹനനാള രോഗങ്ങളും വയറിലെ അവയവങ്ങളെ ബാധിക്കുന്നു. വയറു രോഗം, കരൾ രോഗം, പാൻക്രിയാറ്റിക് രോഗം, പിത്തസഞ്ചി, പിത്തരസം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുടൽ രോഗങ്ങളിൽ എൻ്ററൈറ്റിസ്, സീലിയാക് രോഗം, ഡൈവർട്ടിക്കുലൈറ്റിസ്, ഇറിറ്റബിൾ ബോവൽ സിൻഡ്രോം എന്നിവ ഉൾപ്പെടുന്നു
വയറിനുള്ളിലെ അവയവങ്ങൾ പരിശോധിക്കാൻ വ്യത്യസ്ത മെഡിക്കൽ നടപടിക്രമങ്ങൾ ഉപയോഗിക്കാം. എൻഡോസ്കോപ്പി, കൊളനൊസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി, എൻ്റോസ്കോപ്പി, ഓസോഫാഗോഗാസ്റ്റ്രോഡോഡെനോസ്കോപ്പി, വെർച്വൽ കൊളനൊസ്കോപ്പി എന്നിവ ഇതിൽ ഉൾപ്പെടുന്നു. വയറിലെ അവയവങ്ങളുടെ നിരീക്ഷണത്തിന് ഉപയോഗിക്കാൻ കഴിയുന്ന നിരവധി മെഡിക്കൽ ഇമേജിംഗ് സാങ്കേതികവിദ്യകളും ഉണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.