കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യം From Wikipedia, the free encyclopedia
കിഴക്കൻ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഈ കരിങ്കടൽതീര രാഷ്ട്രം ഒമ്പതാം ശതകത്തിൽ കീവൻ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർപ്പെടുത്തി. കൂട്ടത്തിൽ സമ്പന്നമായ മേഖലകൾ കൈയടക്കാൻ അതിർത്തിരാജ്യങ്ങൾ തയ്യാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘർഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാർഷികമേഖലയിൽ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉക്രെയിനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്വ് പ്രകടിപ്പിച്ചിരുന്ന അവർ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി.
Ukraine Україна Ukrayina | |
---|---|
ദേശീയ ഗാനം: Ще не вмерла України ні слава, ні воля (Ukrainian) Shche ne vmerla Ukrayiny ni slava, ni volya (transliteration) Ukraine's glory has not yet perished, nor her freedom | |
Location of ഉക്രൈൻ (orange) on the European continent (white) | |
തലസ്ഥാനം and largest city | Kyiv |
ഔദ്യോഗിക ഭാഷകൾ | Ukrainian |
നിവാസികളുടെ പേര് | Ukrainian |
ഭരണസമ്പ്രദായം | Semi-presidential unitary state |
• President | Volodymyr Zelensky |
• Prime Minister | Denys Shmyhal |
• Speaker of the Parliament | Dmytro Razumkov |
Independence from the Soviet Union | |
• Declared | August 24 1991 |
• Referendum | December 1 1991 |
• Finalized | December 26 1991 |
• ആകെ വിസ്തീർണ്ണം | 603,628 കി.m2 (233,062 ച മൈ) (44th) |
• ജലം (%) | 7% |
• 2008 estimate | 46,372,700 (27th) |
• 2001 census | 48,457,102 |
• ജനസാന്ദ്രത | 77/കിമീ2 (199.4/ച മൈ) (115th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $399.866 billion[1] (29th) |
• പ്രതിശീർഷം | $8,624[1] (83rd) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $131.2 billion (47st) |
• Per capita | $2,852 (88th) |
ജിനി (2006) | 31 medium |
എച്ച്.ഡി.ഐ. (2005) | 0.788 Error: Invalid HDI value · 76th |
നാണയവ്യവസ്ഥ | Hryvnia (UAH) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
കോളിംഗ് കോഡ് | 380 |
ISO കോഡ് | UA |
ഇൻ്റർനെറ്റ് ഡൊമൈൻ | .ua |
പൂർവ യൂറോപ്പു സമതലത്തിന്റെ ഭാഗമാണ് ഉക്രയിൻ. ശരാശരി ഉയരം 175 മീറ്റർ. റിപ്പബ്ലിക്കിന്റെ അതിർത്തിക്കു സമീപം കാർപേത്തിയൻ, ക്രീമിയൻ എന്നീ പർവതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങൾ കാണാം. ഈ പ്രദേശം മൊത്തം വിസ്തീർണത്തിന്റെ 5% മാത്രമേ വരൂ. പൊതുവേ സമതല ഭാഗങ്ങൾ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികുമുതൽ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പർ, യൂസ്നീബൂഗ് എന്നീ നദികൾക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പർ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി നദീജന്യ താഴ്വരകളും അഗാധ ചുരങ്ങളും ഉണ്ട്; 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകൾ ഇവയിൽ പെടുന്നു. പടിഞ്ഞാറുനിന്നും ഈ പീഠഭൂമിയിലേക്കു തുളഞ്ഞുകയറുന്ന മട്ടിൽ കിടക്കുന്ന വോളിൻ പോഡോൾ കുന്നുകൾ (472 മീ.) നെടുനാളായുള്ള അപരദനം മൂലം ഉണ്ടായിട്ടുള്ള സങ്കീർണമായ ഭൂരൂപങ്ങൾ ഉൾക്കൊള്ളുന്നു. ഇടതുപാർശ്വത്തിൽ നിപ്പർപീഠ പ്രദേശത്തിന്റെ അതിര്, റിപബ്ലിക്കിന്റെ വ. കി. ഭാഗത്തായുള്ള ഡൊണെറ്റ്സ് മലനിരകളാണ്; മധ്യ-റഷ്യാ പീഠഭൂമിയുടെ ശാഖയാണിവ.
റിപ്പബ്ലിക്കിന്റെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്; പീപ്പറ്റ്ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികൾ ഒഴുകുന്നു. മധ്യ ഉക്രെയിൻ നീപ്പർ നദീതടവും ആ നദിയുടെ ആവാഹക്ഷേത്രമായ താഴ്വര പ്രദേശവുമാണ്. പടിഞ്ഞാറുനിന്നും കിഴക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന മട്ടിലാണ് ഈ പ്രദേശങ്ങളുടെ കിടപ്പ്. ഈ താഴ്വരപ്രദേശം ക്രിമിയൻ സമതലത്തിൽ ലയിക്കുന്നു. പടിഞ്ഞാറ് കാർപേത്തിയൻ സാനുക്കളിലും ടീസാനദീവ്യൂഹത്തിന്റെ തടപ്രദേശമായ സമതലം കാണാം. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരിക് കാർപേത്തിയൻ പദ്ധതിയിൽപെട്ട സമാന്തരനിരകളാണ്. 610 മുതൽ 1980 വരെ മീറ്റർ ഉയരമുള്ളവയാണിവ. ഉക്രെയിനിലെ ഏറ്റവും ഉയർന്ന പ്രദേശം കാർപേത്തിയൻ നിർകളിൽ ഉൾപ്പെട്ട ഹവേല (2061 മീറ്റർ) കൊടുമുടിയാണ്. ക്രിമിയൻ മലനിരകൾ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയിൽ ഫലഭൂയിഷ്ടങ്ങളായ താഴ്വരകളുമുണ്ട്. കരിങ്കടൽ, അസോവ് കടൽ എന്നിവയുടെ ഓരങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്.[2]
സാമ്പത്തിക പ്രാധാന്യമുള്ള 23,000 നദികൾ ഈ റിപ്പബ്ലിക്കിനുള്ളിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവയിൽ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്ററിലേറെ നീളമുള്ള 116 നദികളുണ്ട്. നീപ്പർ നദി (2,187 കി. മീ.) മാർഗ്ത്തിലെ 1,197 കി. മീ. ദൂരം യുക്രെയിൻ അതിർത്തിക്കുള്ളിലാണ്. റിപ്പബ്ലിക്കിന്റെ പകുതിയിലേറെ നീപ്പർ നദിയുടെ ആവാഹക്ഷേത്രത്തിൽ പെടുന്നു. കരിങ്കടലിലേക്ക് ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് യുസിനിബുഗ് (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് ഇൻഗൂർ. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലൂടെ ഒഴുകി കരിങ്കടലിൽ പതിക്കുന്ന നെസ്റ്റർ (1342 കി. മീ.) നദീവ്യൂഹവും പ്രാധാന്യമർഹിക്കുന്നതാണ്. ഉക്രെയിനിന്റെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ 163 കി. മീ. ദൂരം ഡാന്യൂബ് നദിയാണ്; ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ ടീസ ട്രാൻസ്കാർപേത്തിയൻ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. ഡോൺ നദിയുടെ പോഷകനദിയായ ഡോണെറ്റ്സ് (1046 കി. മീ.) യത്രാമധ്യത്തിൽ ഏറിയ ദൂരവും ഉക്രെയിനിലൂടെയാണ് ഒഴുകുന്നത്. ക്രിമിയാ സമതലത്തിലെ പ്രധാന ന്ദിയാണ് സാൽഗീർ (230 കി. മീ.)[3]
നദികളിലെ ജലത്തിന്റെ പൂർണവും വ്യാപ്തവുമായ പ്രയോജനം നേടിയിട്ടുള്ള അവസ്ഥയാണ് ഉക്രെയിനിലുള്ളത്. കനാൽവ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കർഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങൾ അങ്ങേയറ്റം വികസിപ്പിച്ചിരിക്കുന്നു. വടക്കൻ പ്രദേശങ്ങളിലെ നദികൾ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കൾ കടത്തുന്നതിനും പ്രയോജനപ്പെടുന്നു. നദീമാർഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വർദ്ധിപ്പിച്ചിരിക്കുന്നു. ഊർജ്ജോത്പാതന സാധ്യതകൾ നൂറു ശതമാനവും ഉപഭോഗ വിധേയമായിട്ടുണ്ട്[4]
ഉക്രെയിനിൽ ധാരാളം തടാകങ്ങൾ ഉണ്ടെങ്കിലും മിക്കവയും നന്നേ ചെറുതും ചതുപ്പു കെട്ടിയവയുമാണ്. റിപ്പബ്ലിക്കിന്റെ 3 ശതമാനത്തോളം ഭൂമി ചതുപ്പുകളാണ്. ജലവൈദ്യുത പദ്ധതികളോടനുബന്ധിച്ചിട്ടുള്ളവ ഉൾപ്പെടെ നിരവധി കൃത്രിമ തടാകങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്; നിപ്പർ ജലവൈദ്യുത പധതിയോടു ചേർന്നുള്ള ലെനിൻ റിസർവോയർ ഇക്കൂട്ടത്തിൽ എടുത്തുപറയവുന്ന ഒന്നാണ്. ഭൂജലത്തിന്റെ പര്യാപ്തമായ ഉപഭോഗവും സാധിച്ചുവരുന്നു.[4]
സമശീതോക്ഷ്ണ മേഖലയിലാണ് ഉക്രെയിൻ സ്ഥിതിചെയ്യുന്നത്. അത്ലാന്തിക്കിൽ നിന്നുള്ള നീരാവി സമ്പൂർണവും സാമാന്യം ഉയർന്ന താപനിലയിലയിലുള്ളതുമായ കാറ്റുകൾ വീശുന്നത് ശീതകാലത്ത് ഉക്രെയിനിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു. കിഴക്കൻ ഭാഗങ്ങളിൽ വടക്കുള്ള ഉച്ചമർദ മേഖലയുടെ സ്വാധീനത മൂലം ശൈത്യം താരതമ്യേന കൂടുതലയിരിക്കും. ഉഷ്ണകാലത്തു കിഴക്കൻ ഭാഗങ്ങളിൽ തരതമ്യേന കൂടുതലായും പടിഞ്ഞാറു സമീകൃതമായും ചൂടനുഭവപ്പെടുന്നു. ആണ്ടിൽ രണ്ടോമൂന്നോ ഹ്രസ്വമായ മഴക്കാലങ്ങൾ ഉണ്ടായിരിക്കും; ഗ്രീഷ്മകാലത്തും വർഷപാതമുണ്ടാകാം. ജൂൺ-ജൂലൈ മാസങ്ങളിലാണ് മഴ പെയ്യുന്നത്. നവംബറിലും ഡിസംബർ ആദ്യപാദത്തിലും മഞ്ഞുവീഴ്ച്ച സാധാരണമാണ്. കാർപേത്തിയൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ഹിമപാദം ഉണ്ടാവുന്നത്.[5]
ക്രിമിയയുടെ തെക്കുഭാഗത്ത് മെഡിറ്ററേനിയൻ കാലാവസ്ഥ അനുഭവപ്പെടുന്നു; വരണ്ട ഗ്രീഷ്മകാലവും 40 മുതൽ 60 വരെ സെ. മീ. മഴപെയ്യുന്ന ശൈത്യ കാലവുമാണുള്ളത്. ശൈത്യകാലം പൊതുവെ കാഠിന്യം കുറഞ്ഞതാണ്. ഈ ഭാഗത്തു മഞ്ഞ് പെയ്യുന്നില്ല.[5]
മഴക്കൂടുതലുള്ള വടക്കൻ ഉക്രെയിനിൽ വനങ്ങളും മധ്യഭാഗത്ത് കുറ്റിക്കാടുകൾ ഇടകലർന്ന സ്റ്റെപ്പ് മാതൃകയിലുള്ള പുൽമേടുകളും തെക്കൻ ഉക്രെയിനിൽ തുറസ്സായ വനങ്ങളുമാണ് നൈസർഗിക പ്രകൃതി. നദീതീരങ്ങളിലും ചുരങ്ങളുടെ പാർശ്വങ്ങളിലും വനങ്ങൾ നിബിഡമായി കാണപ്പെടുന്നു. യുക്രെനിൽ മൊത്തം 80 ലക്ഷം ഹെക്റ്റർ വനങ്ങളാണുള്ളത്; ഇവയിൽ മൂന്നില്ലൊരു ഭാഗവും ആവശ്യാനുസരണം വച്ചുപിടിപ്പിച്ചവയാണ്. തഴച്ചവനങ്ങൾ കാർപേത്തിയൻ സാനുക്കളിലാണ് മുഖ്യമായും കാണപ്പെടുന്നത്.[5]
പ്രധാനമായും മൂന്നു പ്രകൃതി വിഭവങ്ങളാണ് ഈ റിപ്പബ്ലിക്കിലുള്ളത്; ചതുപ്പുകൾ ഇടകലർന്ന കുറ്റിക്കാടുകൾ പോലിസൈ, കുറ്റിക്കാടു കലർന്ന പുൽമേടുകൾ ലിസോസ്റ്റെപ്പ്, പുൽമേടുകൾ സ്റ്റെപ്പ്. റിപ്പബ്ലിക്കിന്റെ വടക്കും വടക്കു പടിഞ്ഞാറും ഭാഗങ്ങളിലായുള്ള 1,13,960 ച. കി. മീ. വ്യാപ്തിയുള്ള പോലിസൈ പ്രദേശം ഒട്ടുമുക്കാലും വെട്ടിത്തെളിക്കപ്പെട്ടു കഴിഞ്ഞു; ഇതിൽ 35% മാത്രമാണു കൃഷിയോഗ്യമായുള്ളത്. ഈ മേഖലയ്ക്കു തെക്കാണ് ലിസോസ്റ്റെപ്പ്; 2,02,020 ച. കി. മീ. വിസ്തീർണമുള്ള ഈ പ്രദേശത്തിന്റെ 67% കർഷികമേഖലയും 12% വനങ്ങളുമണ്. ലിസോസ്റ്റെപ്പിനു തെക്ക് കരിങ്കടൽ, അസോവ്കടൽ, ക്രിമിയൻ മലനിരകൾ എന്നിവയ്ക്കു സ്മീപത്തായി കിടക്കുന്ന ഭൂഭാഗമാണ് സ്റ്റെപ്പ് ഇതിന്റെ വിസ്തീർണം 25,510 ച. കി. മീ. വരും.[5]
പൊലിസൈ പ്രദേശത്തെ നല്ലൊരുഭാഗം ചതുപ്പുകളും വെള്ളകെട്ടുള്ള മൈതാനങ്ങളുമാണ്. ഈ പ്രദേശങ്ങളിലെ വെള്ളം ചോർത്തിക്കളഞ്ഞ് അവയെ കൃഷിയോഗ്യം ആക്കി തീർക്കുവനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നുവരുന്നു. പോലിസൈ മേഖലയുടെ 5% പീറ്റ്ചതുപ്പുകളാണ്. ഇവിടത്തെ വനങ്ങളിൽ ഓക്ക്, യെം, പോപ്ലാർ, ബർച്ച്, ഹോൺബീം, ആഷ്, മേപ്പിൾ, പൈൻ, വില്ലോബീച്ച് തുടങ്ങിയസമ്പദ്പ്രധാനങ്ങളായ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. തെക്ക് സ്റ്റെപ്പ് പ്രദേശത്ത് മഴക്കുറവുമൂലം ജലസേചനത്തിന്റെ ആവശ്യം നേരിടുന്നു. ജലസേചനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഗവണ്മെന്റ് ദത്തശ്രദ്ധമാണ്. ഇവിടത്തെ അസ്കാനിയാനോവ എന്ന ഉപവനത്തിൽ സ്റ്റെപ്പ് മാതൃകയിലുള്ള നൈസർഗിക സസ്യജാലം സംരക്ഷിക്കപ്പെട്ടുവരുന്നു.[5].
മേല്പറഞ്ഞവ കൂടാതെ തന്നെ വിസ്തൃതി കുറഞ്ഞ മറ്റുചില സസ്യമേഖലകളും ഉക്രെയിലുണ്ട്; കാർപ്പേത്തിയൻ പ്രദേശം, ക്രിമിയൺ മലമ്പ്രദേശം, ക്രിമിയയിലെ മെഡിറ്ററെനിയൻ മേഖല എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. മെഡിറ്ററേനിയൻ മേഖലയിലെ യാൾട്ടാപട്ടണത്തിനു സമീപം സ്ഥാപിതമയിട്ടുള്ള നിഖിട്സ്കി ബൊട്ടാണിക്കൽ ഗർഡൻസിൽ ലോകത്തെമ്പാടുമുള്ള സസ്യജാലങ്ങൾ ആധുനിക സങ്കേതങ്ങളുപയോഗിച്ച് പരിപാലിക്കപ്പെട്ടു വരുന്നു.[5]
നൂറിലേറെയിനം സസ്തനികളും 350 - ലേറെ പക്ഷിവർഗങ്ങളും 200 - ലധികം മത്സ്യയിനങ്ങളും ഉക്രെയിനിൽ കാണപ്പെടുന്നു. ചെന്നായ്, കുറുനരി, കാട്ടുപൂച്ച, മാർട്ടൻ, കാട്ടുപന്നി, കാട്ടാട്, ഹരിണവർഗങ്ങൾ എന്നിവ സാധാരണമാണ്. കരളുന്ന ജന്തുക്കളും കുളക്കോഴി, പാത്ത, കാട്ടുതാറാവ്, മൂങ്ങ തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്. ശലഭം, ചാഴി തുടങ്ങിയവയുടെ നിരവധിയിനങ്ങളെയും ഇവിടെ കാണാം. പൈക്ക്, കാർപ്, പെർച്ച്, സ്റ്റർജിയോൺ തുടങ്ങിയയിനം മത്സ്യങ്ങൾ സമൃദ്ധമായുണ്ട്. അന്യദേശങ്ങളിൽ നിന്ന് ഇവിടത്തെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് കുടിയേറ്റിയിട്ടുള്ള മസ്ക്റാറ്റ്, റാക്കൂൺ, ബീവർ തുടങ്ങിയ ഇനങ്ങളും സാമാന്യമായ തോതിൽ വംശ അഭിവൃദ്ധി നേടിയിരിക്കുന്നു. വന്യജീവിസംരക്ഷണത്തിൽ കാര്യമായ നിഷ്കർഷ പാലിക്കുന്നുണ്ട്.[5]
ഉക്രെയിനിലെ 65% പ്രദേശത്തും ഫലഭൂയിഷ്മായ കരിമണ്ണാണുള്ളത്. ജൈവാംശ സമൃദ്ധമായ് പോഡ്സോൾ, ചെമ്മണ്ണ് തുടങ്ങിയ ഇനങ്ങളും ഫലപുഷ്ടി ഉള്ളവയാണ്. കടൽത്തീരത്തും ചതുപ്പുകളിലും മാത്രമാണ് ഉൾവരത കുറഞ്ഞ ലവണമണ്ണു കാണപ്പെടുന്നത്.[6]
ധാതുസമ്പന്നമായ ഒരു മേഖലയാണ് ഉക്രെയിൻ. 72 - ലധികം ധാതുക്കൾ ഈ റിപ്പബ്ലിക്കിൽ നിന്നു ഖനനം ചെയ്യപ്പെടുന്നു. കൃവോയ്റോഗ്, കെർഷ്, ബെലോസിയോർക്ക്, ക്രീമെൻഷുഗ്, ഷാഡനെഫ് എന്നിവിടങ്ങളിൽ മൊത്തം 1,940 കോടിടൺ ഇരുമ്പയിർ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങനീസ് നിക്ഷേപങ്ങൾ ഉക്രെനിലാണ് അവസ്ഥിതമായിട്ടുള്ളത്. ഡോണെറ്റ്സ്, നീപ്പർ എന്നീ നദീതടങ്ങളിൽ കനത്ത കൽക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്സ് നദീ തടത്തിൽ മാത്രം 3,900 കോടി ടൺ മുന്തിയ ഇനം കൽക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പർ നദീ തടത്തിൽ 600 കോടി ടൺ നിക്ഷേപങ്ങളാണുള്ളത്; താരതമ്യേന കുറഞ്ഞയിനം കൽക്കരിയാണിത്. എണ്ണയുടെ കാര്യത്തിലും ഉക്രെയിൻ സമ്പന്നമാണ്. സിർ കാർപേത്തിയൻ, നിപ്പർ-ഡോണെറ്റ്സ്, ക്രീമിയ എന്നീ മൂന്നു മേഖലകളിലുമായി നൂറിലേറെ എണ്ണഖനികളുണ്ട്. ടൈറ്റനിയം, അലൂമിനിയം, നെഫെലൈറ്റ്, മെർക്കുറി, അലുനൈറ്റ്, പാരാഫിൻ വക്സ്, പൊട്ടാസ്യം, കല്ലുപ്പ്, ഗന്ധകം, ഫോസ്ഫറസ് എന്നീ ധാതുക്കളും ധാരാളമായിക്കാണുന്നു.[6]
ട്രാൻസ് കർപേത്തിയൻ മേഖലയിലും കരിങ്കടൽ, അസോവ് കടൽ എന്നിവയുടെ തീരത്തുമുള്ള ധാതു ഉറവകൾ വളരെ പ്രസിദ്ധി ആർജിച്ചവയാണ്.[6]
സോവിയറ്റ് റിപ്പബ്ലിക്കുകൾക്കിടയിൽ ജനസംഖ്യയിൽ രണ്ടാംസ്ഥാനം ഉക്രെയിനാണ്. അനുപാദം ശതമാനത്തിൽ കൊടുത്തിരിക്കുന്നു.
യു. എസ്സ്. എസ്സ്. ആറിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളിൽ ഒന്നാണ് ഉക്രെയിൻ; ജനസാന്ദ്രത ച. കി. മിറ്ററിന് 77 ആണ്. വ്യാവസായികമായി മുന്നിട്ടുനിൽക്കുന്ന ഡോണെറ്റ്സ് തടത്തിലും നിപ്പർ താഴ്വരയിലും ജനസാന്ദ്രത തുലോം കൂടുതലാണ്. റിപ്പബ്ലിക്കിലെ 55% ജനങ്ങൾ നഗരവാസികളാണ്. 1975 - ലെ കണക്കനുസരിച്ച് ഉക്രെയിനിൽ 387 നഗരങ്ങളും 865 പട്ടണങ്ങളും 8,592 ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലേറെ ജനസഖ്യയുള്ള 40 നഗരങ്ങളാണുണ്ടായിരുന്നത്. ക്കീവ് (16,32,000), കാർകോവ് (12,23,000) എന്നിവ മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. മറ്റു പ്രധാനനഗരങ്ങളിൽ ഒഡീസ, ഡോണെറ്റ്സ്ക്, ദ്നൈപ്രോപെട്രോഫ്സ്ക്, സാപോറഷ്യ, കൃവോയ്റോഗ്, ല്വൂഫ് എന്നിവ ഉൾപ്പെടുന്നു. ഗ്രാമങ്ങളിൽ പകുതിയിലേറെ 1,000 - ത്തിനും 5,000 - ത്തിനുമിടയ്ക്ക് ജനസംഖ്യ ഉള്ളവയാണ്.[6]
രാജ്യത്തിന്റെ വരുമാനത്തിൽ 18% കർഷികാദായമാണ്. ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മലക്കറിവർഗങ്ങൾ, പുൽവർഗങ്ങൾ ഫലവർഗങ്ങൾ, മുന്തിരി എന്നിവയാണ് പ്രധാന വിളകൾ; മധുരക്കിഴങ്ങ്, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു. ശാസ്ത്രീയ സമ്പ്രദായങ്ങൾ പ്രയോഗിച്ചുള്ള കൃഷിവ്യവസ്ഥയാണ് പൊതുവേ ഇവിടെ നിലവിലുള്ളത്.[6]
കന്നുകാലിവളർത്തൽ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. പന്നി, കുതിര, മുയൽ, കോഴി, താറാവ്, പാത്തക്കോഴി എന്നിവയെ വൻതോതിൽ വളർത്തുന്നു. തേനിച്ച വളർത്തലും പട്ടുനൂൽപ്പുഴു വളർത്തലും വിപുലമായ രീതിയിൽ നടന്നുവരുന്നു.[6] യൂറോപ്യൻ രാജ്യങ്ങളുടെയും ലോക രാജ്യങ്ങളുടെയും പ്രധാന തേൻ കയറ്റുമതിക്കാരും ഉൽപാദകരും ആണ് ഉക്രെയിൻ.
അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വ്യവസായമാണ് മത്സ്യബന്ധനം. കരിങ്കടൽ തീരത്തു നിന്നാണ് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത്. അസോവ് തീരത്തും, നദികൾ, കായലുകൾ, റിസർവോയറുകൾ, കുളങ്ങൾ തുടങ്ങിയ ഉൾനാടൻ ജലാശയങ്ങളിലും സാമാന്യമായ തോതിൽ മത്സ്യബന്ധനം നടക്കുന്നു. യു. എസ്. എസ്. ആറിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന മത്സ്യത്തിന്റെ 12% ഉക്രെയിനിൽ നിന്നാണു ലഭിക്കുന്നത്. സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് മത്സ്യം വളർത്തുന്ന 21,000 കുളങ്ങൾ ഉക്രെയിനിലുണ്ട്. ജലവൈദ്യുത പദ്ധതികളോട് അനുബന്ധിച്ചുള്ള കൃത്രിമ തടകങ്ങൾക്കു പുറമേയാണിവ. നീപ്പർ, ഡാന്യൂബ്, നെസ്റ്റർ, യൂസിനിബുഗ്, ഡോണെറ്റ്സ് എന്നി നദികളിലും സമൃദ്ധമായ മത്സ്യശേഖരമുണ്ട്.[6]
കൽക്കരിഖനനമാണ് ഏറ്റവും മുന്നിട്ടു നിൽക്കുന്നത്. 90% ശതമാനം കൽക്കരിയും ഡോനെറ്റ്സ് തടത്തിൽ നിന്നുതന്നെ ഉത്പാദിപ്പിക്കുന്നു. പെട്രോളിയവും പ്രകൃതിവാതകവും രണ്ടാം സ്ഥാനം വഹിക്കുന്നു. ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം തുടങ്ങിയ മിക്ക ധാതുക്കളും ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്. അയിരു സംസ്കരണത്തിനുള്ള എല്ലാ സംവിധാനങ്ങളും റിപ്പബ്ലിക്കിനുള്ളിൽ തന്നെ ഏർപ്പെടുത്തിയിരിക്കുന്നു.[6]
വ്യവസായാവശ്യങ്ങൾക്കുള്ള ഊർജ്ജത്തിന്റെ 99% - വും കൽക്കരി, പെട്രോളിയം എന്നിവ ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്. കേവലം 1% മാത്രമാണ് ജലവൈദ്യുതിയുടെ പങ്ക്. സോവിയറ്റ് യൂണിയനിലെ വൈദ്യുതി ഉത്പാതനത്തിൽ 19% ഉക്രെയിനിൽ നിന്നാണ്. ബൃഹത്തായ താപവൈദ്യുത കേന്ദ്രങ്ങൾ ഉക്രെയിനിൽ എമ്പാടും സ്ഥാപിക്കപ്പെട്ടിരിക്കുന്നു[6]
സോവിയറ്റ് യൂണിയനിലെ ആകെ ഉത്പാതനത്തിന്റെ 50% ഇരുമ്പും, 40% ഉരുക്കും, 25% - ത്തോളം ഉരുക്കു കുഴലുകളും ഉക്രെയ്നിലാണു നിർമ്മിക്കുന്നത്. ഇരുമ്പുരുക്കു വ്യവസായത്തിൽ അസൂയാവഹമായ ആധിപത്യം പുലർത്തുന്ന ഒരു മേഖലയാണിത്. ഫെറസ് ലോഹങ്ങളും വൻതോതിൽ ഉത്പാതിപ്പിക്കുന്നുണ്ട്. എണ്ണശുദ്ധീകരണവും പെട്രോളിയം ഉത്പന്നങ്ങളുടെ നിർമ്മാണവുമാണ് മറ്റൊരു മുന്തിയ വ്യവസായം. ലോക്കോമോട്ടിവുകൾ, കപ്പലുകൾ, വൻകിട ആവിയന്ത്രങ്ങൾ, വൈദ്യുതയന്ത്രങ്ങൾ, ആട്ടോമൊബൈലുകൾ, വാസ്തുസാമഗ്രികൾ തുടങ്ങിയവ വൻതോതിൽ നിർമിച്ചു വരുന്നു. വൻകിടവ്യവസായങ്ങൾ വളരെയേറെ അഭിവൃത്തിപ്പെട്ടിട്ടുണ്ട്. സൂപ്പർജറ്റ് വിമാനങ്ങളുടെ നിർമാണത്തിൽ ഏകാധിപത്യം പുലർത്തുന്ന കേന്ദ്രമാണിത്.[6]
ഭക്ഷ്യസംസ്കരണം, ഔഷധനിർമ്മാണം, രാസവ്യവസായം, ഗവേഷണം, വൈദ്യോപകരണനിർമ്മാണം തുടങ്ങിയവക്കാവശ്യമായ പ്രത്യേകയിനം യന്ത്രങ്ങളും ഇതര സാങ്കേതിക സംവിധാനങ്ങളും നിർമിക്കുന്നതിൽ ഉക്രെയിൻ അന്താരാഷ്ട്ര പ്രശസ്തി ആർജിച്ചിരിക്കുന്നു. കാർഷിക യന്ത്രങ്ങളും വൻതോതിൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഘനവ്യവസായങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത് കീവ്, സൂമി, ഫസ്റ്റാവ്, കാർക്കോവ്, ഓഡീസാ, ല്വൂഫ്, ഖെർസൻ എന്നീ നഗരങ്ങളിലാണ്. ഇടത്തരം വ്യവസായങ്ങൾ നാടിന്റെ നാനാഭാഗത്തും അഭിവൃദ്ധികരമായി നടന്നുവരുന്നു. മെഷീൻടൂൾ, ചെറുകിടയന്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ, വാർത്താവിനിമയോപകർണങ്ങൾ, ക്യാമറ, ശീതീകരണയന്ത്രങ്ങൾ, ഗാർഹികോപകരണങ്ങൾ, അലക്കുയന്ത്രങ്ങൾ, രാസവളം, കീടനാശിനികൾ, ഔഷധങ്ങൾ, അമളങ്ങൾ, പഞ്ചസാര, മദ്യം, തുണിത്തരങ്ങൾ, കൃത്രിമപട്ടുകൾ തുടങ്ങിയവയുടെ നിർമാണവും ഏറെ വികസിച്ചിരിക്കുന്നു. ഭക്ഷ്യസംസ്കരണവും കാനിങ്ങും വൻതോതിൽ നടന്നുവരുന്ന മറ്റു വ്യവസായങ്ങളാണ്. ചെറുകിട വ്യവസായ രംഗത്തും അഭൂതപൂർവമായ പുരോഗതി ദർശിക്കാം.[7]
വളരെയേറെ വികസിതമായ ഗതാഗതവ്യവസ്ഥയാണ് യുക്രെയ്നിൽ ഉള്ളത്. മൊത്തം 2,24,000 കി. മീ. റോഡുകളുണ്ട്; ഇവയിൽ 96,000 കി. മീറ്ററും ഒന്നാംതരം ഹൈവേകളാണ്. റിപ്പബ്ലിക്കിനുള്ളിലെ വ്യവസായ കേന്ദ്രങ്ങളെയും അധിവാസ കേന്ദ്രങ്ങളെയും പരസ്പരം കൂട്ടിയിണക്കുന്നതിനു പര്യാപ്തമാണ് ഇവിടത്തെ റോഡുവ്യവസ്ഥ. കൂടാതെ കീവ് - മോസ്കോ, കീവ് - ലെനിൻഗ്രാഡ്, സിംഫറോപോൾ - കാർകോവ് - മോസ്കോ, കാർകോവ് - റൊസ്റ്റോവ് തുടങ്ങിയ ഹൈവേകളിലൂടെ നഗരങ്ങൾക്ക് രാഷ്ട്രതലസ്ഥാനവുമായും, യു. എസ്. എസ്. ആർലെ ഇതര കേന്ദ്രങ്ങളുമായും ഉള്ള ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[7]
അയൽ റിപ്പബ്ലിക്കുകളുമായും, വിദേശരാജ്യങ്ങളുമായിപ്പോലും ബന്ധം പുലർത്തുവാനാവുന്ന റയിൽവ്യൂഹവും പ്രവർത്തിക്കുന്നുണ്ട്. 22,060 കി. മി. തീവണ്ടിപ്പാതകൾ ഈ റിപ്പബ്ലിക്കിലുണ്ട്. കാർകോവ്, കീവ്, കോവൽ, ദ്നൈപ്രോ, പെട്രോഫ്സ്ക്, ബാക്മാഷ് തുടങ്ങിയവയാണു പ്രധാന റയിൽ കേന്ദ്രങ്ങൾ. [7]
ജലഗതാഗതത്തിലും ഉക്രെയിൻ മുന്നിലാണ്; മൊത്തം കപ്പൽ ചരക്കുകളുടെ 20% - ത്തോളം കരിങ്കടൽ - അസോവ് കടൽത്തീരങ്ങളിലുള്ള ഓഡിസ്, ഇലിഷേവിസ്ക്, നിക്കൊളേയേവ്, ഖെർസൻ, കെർഷ്, ഷ്ദാനഫ് എന്നീ തുറമുഖങ്ങളിലൂടെയാണ് നീങ്ങുന്നത്. യുക്രെനിന്റെ വകയായ കപ്പലുകൾ തിമിംഗിലവേട്ടയ്ക്കായി ഓഡിസയിൽ നിന്ന് ആർട്ടിക്കിലേക്കു പോയിവരുന്നു. നീപ്പർ, യൂസ്നിബൂഗ്, ഡാന്യൂബ് എന്നിനദികൾ കപ്പൽ ഗതാഗതത്തിനു സൗകര്യമുള്ളവയാണ്. യുക്രെനിലെ കനാലുകളെ ബൈലോറഷ്യയിലെ കനാലുകൾ വഴി പോളൻഡിലെ വിസ്തുലയുമായും അങ്ങനെ ബാൾട്ടിക് കടലുമായും യോജിപ്പിച്ചിരിക്കുന്നു. നദീമാർഗ്ഗത്തിന്റെ ആഴം വർദ്ധിപ്പിച്ച് നിപ്പർ ഉടനീളം സഞ്ചാരയോഗ്യമാക്കി തീർക്കുവാനുള്ള പദ്ധതി പ്രാവർത്തികമായി വരുന്നു. കീവ്, ദ്നൈപ്രോ പെട്രോഫ്സ്ക്, സാപോറഷ്യ, ഖെർസൻ എന്നിവയാണ് നീപ്പർ തീരത്തെ പ്രധാന തുറമുഖങ്ങൾ.[7]
പെട്രോളിയം വിനിമയത്തിനുള്ള പൈപ്പു ലൈനുകളും ഉക്രെയിനിലെ ചരക്കുഗതാഗതത്തിൽ വലുതായ പങ്കുവഹിക്കുന്നു. ഇവിടെ 9,920 കി. മീ. പൈപ്പുകളാണുള്ളത്. എണ്ണഖനികളെയും സംസ്കരണ വിപണനകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നവയാണിവ.
ഉക്രെയിനിലെ മിക്ക പ്രാദേശിക കേന്ദ്രങ്ങൾക്കും കീവ്നഗരവുമായി വ്യോമബന്ധമുണ്ട്; പ്രസ്തുത നഗരവും യു. എസ്. എസ്. ആറിലെ പ്രമുഖ നഗരങ്ങളുമായി ദൈനംദിന വ്യോമസമ്പർക്കം സ്ഥാപിച്ചിട്ടുണ്ട്. പ്രാഗ്, ബുഡാപെസ്റ്റ്, ബെൽഗ്രേഡ്, സോഫിയ, ബുക്കാറെസ്റ്റ്, വിയന്ന തുടങ്ങിയ വിദേശതലസ്ഥാനങ്ങളിലേക്ക് സോവിയറ്റ് യൂണിയനിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ഉക്രെയിനിലൂടെയാണ് കടന്നു പോവുന്നത്. കീവ്, കാർകോവ്, ഓഡീസ എന്നീ നഗരങ്ങളിൽ ഒന്നാംകിട വിമാനത്താവളങ്ങളുണ്ട്.[7]
ഉക്രെയിനിലെ നഗരങ്ങളിൽ നിന്നും മേൽപ്പറഞ്ഞ വിനിമയമാധ്യമങ്ങളെ ആശ്രയിച്ച് സോവിയറ്റു യൂണിയനിലെമ്പാടുമുള്ള വിപണന കേന്ദ്രങ്ങളിലേക്ക് ചരക്കുകൾ എത്തിക്കുന്നു; കമ്മിവസ്തുക്കളായ പെട്രോളിയം, തുകൽസാധനങ്ങൾ, വിവിധ ഉപകരണങ്ങൾ തുടങ്ങിയവയും പ്രസിദ്ധീകരണങ്ങളും ഉക്രെയിലേക്കു കൊണ്ടു വരികയും ചെയ്യുന്നു. കാപ്പി, തേയില, കൊക്കോ, ചണം, പഴവർഗങ്ങൾ എന്നിവയും ഇറക്കുമതികളിൽപ്പെടുന്നു[7]
ഉക്രെയിനിലെ ജനങ്ങളുടെ വ്യവഹാരത്തിൽ ഇരിക്കുന്നതും റഷ്യയിലെ കീവിൽ പ്രചരിക്കുന്ന സംസാരഭാഷയുടെ ഒരു അപഭ്രംശരൂപവും ആണ് യുക്രേനിയൻ ഭാഷ. തനി റഷ്യൻ ഭാഷയുമായി ഇതിനേതെങ്കിലും സാദൃശ്യം ഉണ്ടെന്നു പറയുന്നതു ശരിയല്ല. 13 - ം നൂറ്റാണ്ടിൽ കീവ്നു നേരിട്ട പതനത്തിനുശേഷം ഉക്രെയിൻ രാജ്യത്തിന്റെ ഏറിയഭാഗവും ലിത്വേനിയയിൽ ലയിച്ചതോടുകൂടി ക്രമേണ രൂപംകൊണ്ട പദപ്രവാഹത്തെ ബൈലോറഷ്യൻ (White Russian) എന്നു പറഞ്ഞുവരാറുണ്ടായിരുന്നു; ഇതുതന്നെ 16 - ം നൂറ്റാണ്ടിൽ പോളിഷ് ആധിപത്യത്തോടു കൂടി അസ്തമിത പ്രായമായി. 17 - ം നൂറ്റാണ്ടിൽ ക്രൈസ്തവസഭകൾ ഉപയോഗിച്ചിരുന്ന സ്ലാവിക്രൂപങ്ങൾ അതുവരെ അവിടെ നിലനിന്ന സങ്കരഭാഷയിൽ കലരാൻ തുടങ്ങി. ഈ മിശ്രഭാഷയിൽ നിന്നാണ് 18 - ം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു യുക്രേനിയൻ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് ആധുനിക ബൈലോറഷ്യനെപ്പോലെ, ധാരാളം പോളിഷ് പദങ്ങളും ശൈലികളും ഇടകലർന്ന് ഒരു യുക്രേനിയൻ സാഹിത്യം രൂപംകൊള്ളാനുള്ള വഴി തുറന്നു. ഈ പുതിയ ഭാഷാരൂപം ശബ്ദശാസ്ത്രാപരമായും നൈരുക്തികമായും ഉച്ചാരണത്തിലും റഷ്യയിൽ നിന്നു തികച്ചും ഭിന്നവും സ്വതന്ത്രവുമാണ്.[7]
ക്രിസ്തുമത സമ്പർക്കത്തോടു കൂടി ചർച് - സ്ലാവോണിക് എന്ന് പിന്നിടു ഭാഷാശാസ്ത്രജ്ഞന്മാർ നാമകർണം ചെയ്ത ഒരു വങ്മയരൂപം ബൈസാന്തിയത്തിൽ നിന്ന് കീവിൽ എത്തിച്ചേർന്നു (988). അതിൽ രചിക്കപ്പെട്ട ചില അദ്ധ്യാത്മിക സൃഷ്ടികൾ യുക്രേനിയൻ സാഹിത്യത്തിന്റെ ആദ്യകാലസന്തതികൾ എന്ന നിലയിൽ ഗണിക്കപ്പെട്ടുവരുന്നു. മതോത്ഥാനവും മതനവീകരണവും യൂറോപ്പിൽ പ്രബലമായ കാലത്ത് അതിന്റെ അലയടികൾ യുക്രേനിയനിലും അനുഭവപ്പെട്ടു. വിവിധ പ്രത്യയശാസ്ത്ര വിവാദങ്ങളോടുകൂടിയും അല്ലാതെയും പല ബൈബിൾ തർജുമകൾ ഈ നാട്ടിൽ ആവിർഭവിച്ചത് ഇക്കാലത്താണ്.[8]
പതിനേഴാം നൂറ്റാണ്ടിനുശേഷം പല കാരണങ്ങളാലും ക്ലാസിക്കൽ സാഹിത്യസൃഷ്ടി ഈ ഭാഷയിൽ വികാസം പ്രാപിക്കുകയുണ്ടായില്ല. 1805 - ൽ ഖാർക്കോവ് സർവകലാശാല സ്ഥപിതമായതോടുകൂടി ഈ സ്ഥിതിക്ക് മാറ്റം വന്നു. ചരിത്രകൃതികളും റൊമാന്റിക് കാവ്യങ്ങളുമാണ് ഇക്കാലത്തെ പ്രമുഖ സാഹിത്യ സൃഷ്ടികൾ. ബൈബിളും ഷേക്സ്പിയർകൃതികളും യുക്രേനിയനിലേക്ക് വിവർത്തനം ചെയ്ത പാന്റലൈയ്മോൻ കുലീഷ് (1819 - 97) കവിയും നോവലിസ്റ്റും ഉപന്യാസകൃത്തുമായിരുന്നു. മാർക്കോ വൊവ്ചെക്ക് (1834 - 1907) ഗദ്യശാഖയെയും കാർപെകോ കാറി (1845 - 1907) നാടക പ്രസ്ഥാനത്തെയും വികസിപ്പിച്ചെടുത്തവരിൽ പ്രമുഖരാണ്.[9]
ഐവാൻ ഫ്രാൻകോ (1856 - 1916) ആണ് ആധുനിക യുക്രേനിയൻ സാഹിത്യത്തിന്റെ പിതാവെന്ന നിലയിൽ ആദരിക്കപ്പെടുന്നത്. ലെസാ ഉക്രെയിൻകാ (1871 - 1913) പേരെടുത്ത ഒരു കവയിത്രിയും നാടകകർത്രിയും ആയിരുന്നു. ഇമ്പ്രഷണിസ്റ്റ് സാഹിത്യ രൂപങ്ങളെ പ്രചരിപ്പിച്ചവരിൽ മൈഖേലൊ കോട്സ്യൂബൈൻസ്കിയും (1864 - 1903) പാസൈൽ സ്റ്റെഫാനൈക്കും (1871 - 1936) ഭാവഗീത പ്രസ്ഥാനത്തിൽ ഒ. ഓലെസ്സും (1878 - 1944) മുൻപന്തിയിൽ നിൽക്കുന്നു.[9]
ഒന്നാം ലോകയുദ്ധവും റഷ്യൻ വിപ്ലവവും, അതോടുകൂടി ഉക്രെയിൻ കൈക്കൊണ്ട സോവിയറ്റ് വിരുദ്ധ പ്രവർത്തനങ്ങളും (1918 - 1922) അവിടത്തെ സാഹിത്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകി. ഇക്കാലത്തെ ഏറ്റവും പ്രശസ്തനായ കവി മാക്സൈം റൈൻസ്കി (1895 - ) ആണ്. നവീന ക്ലാസിസിറ്റ് പ്രസ്ഥാനത്തിനു രൂപം നൽകിയ മൈക്കോലാ സെരോവ് (1890 - ) 1933 - നാട്ടിൽനിന്ന് ബഹിഷ്കൃതനായി. സോവിയറ്റ് ആധിപത്യം സ്ഥപിതമായ ശേഷം (1923) യുക്രേനിയൻ സാഹിത്യം കുറേക്കാലത്തേക്കു മുരടിച്ചു കിടക്കുകയാണുണ്ടായത്. 1929 - 30 കാലത്ത് പല യുക്രേനിയൻ സാഹിത്യകാരന്മാരും സംഹരിക്കപ്പെട്ടതായും അവരുടെ സൃഷ്ടികൾ വൻതോതിൽ നശിപ്പിക്കപെട്ടതായും ചില ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നു.[9]
ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം യുക്രേനിയൻ സാഹിത്യകാരന്മാരെ നയിച്ചുകൊണ്ടിരുന്ന ദേശാഭിമാന ബോധത്തിന്റെ സ്ഥാനം 1930 - നു ശേഷം പുതിയ സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ പിടിച്ചെടുക്കുകയുണ്ടായി. യുക്രെനിന്റെ പശ്ചിമ പ്രദേശങ്ങളിലുള്ള സാഹിത്യകാരന്മാർ ഇക്കാലത്ത് ശക്തമായ ചില സ്വകീയ ശൈലീപ്രസ്ഥാനങ്ങൾക്ക് രൂപം നൽകി. ചരിത്രാഖ്യായികാകാരനായ കാറ്റേറൈനാ ഹ്രൈനെവൈച്ച് (1875 - 1947), കവികളായ ഓലെഹ് ഓൾഷൈച്ച് (1907 - 44), യൂറിയ്ലൈപാ (1900 - 44), യൂറിയ്ക്ലെൻ (1891 - 1947), സാഹിത്യ വിമർശകനായ ദിമിത്രോവ് ഡൊൺസോവ് തുടങ്ങിയവർ ഉയിർത്തെഴുന്നേറ്റ ഉക്രേനിയൻ സാഹിത്യത്തിന്റെ നായകന്മാരെന്ന നിലയിൽ കരുതപ്പെട്ടുവരുന്നു.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.