ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള കടൽ From Wikipedia, the free encyclopedia
മദ്ധ്യധരണ്യാഴിയുടെ ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള ഭാഗമാണ് ഈജിയൻ കടൽ. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ മർമറ കടലിനോടും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലിനോടും ബന്ധപ്പെട്ടിരിക്കുന്നു.
പഴയകാലത്ത് ആർക്കിപെലാഗോ (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു. ഈ വാക്ക് ഇംഗ്ലീഷ് ഭാഷയിൽ ദ്വീപസമൂഹം എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെട്ടു പോരുന്നു. ഈജിയൻ എന്ന പേരിന് പണ്ട് മുതൽക്കു തന്നെ പല വിശദീകരണങ്ങളുമുണ്ട്. ഏയ്ഗേയ് എന്ന ഗ്രീക്ക് പട്ടണത്തിന്റെ പേരിൽ നിന്ന് രൂപം കൊണ്ടതാണെന്ന് ഒരു വിശ്വാസമുണ്ട്. ഈ കടലിൽ മുങ്ങിമരിച്ച ഈജിയ എന്നു പേരായ ആമസോണിയൻ രാജ്ഞി, മകൻ മരിച്ചുവെന്നു കരുതി ഈ കടലിൽ ചാടി ആത്മഹത്യചെയ്ത, തിസ്യൂസിന്റെ പിതാവായ ഈജിയസ്[1] എന്നിവരുടെ പേരുകളുമായി ചേർത്തും ഈജിയൻ അറിയപ്പെടുന്നു. ബൾഗേറിയൻ, സെർബിയൻ മാസിഡോണിയൻ ഭാഷകളിൽ വെളുത്ത കടൽ എന്നർത്ഥമുള്ള പേരിലാണ് ഈജിയൻ കടൽ അറിയപ്പെടുന്നത്.
ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം. രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ. ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം. അടിത്തട്ടിന്റെ ഘടനക്ക് അഗ്നിപർവതപ്രക്രിയകൾ മൂലം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പാറകൾ കൂടുതലും ചുണ്ണാമ്പ് കല്ലുകൾ ആണ്. തെക്കൻ ഈജിയനിലെ ഥീരാ, മിലോസ് ദ്വീപുകൾക്ക് സമീപം അടിത്തട്ടിൽ കടും നിറങ്ങളിലുള്ള അവസാദങ്ങൾ കാണപ്പെടുന്നു.
ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ്. ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.
വൻകരയിലെ പർവ്വതനിരകളുടെ കടലിലേയ്ക്കുള്ള തുടർച്ചയാണ് ഇതിൽ പല ദ്വീപുകളും.
ഈജിയൻ കടലിന്റെ തീരപ്രദേശം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് 4000 ബി.സി.യിലാണ്. ഹിമയുഗത്തിൽ (16000 ബി.സി.യിൽ) ഇവിടെ ജലനിരപ്പ് 130 മീ. താഴെയായിരുന്നു. ആവാസം തുടങ്ങിയ കാലത്തും ഇന്നത്തെ പല ദ്വീപുകളും കരയോട് ബന്ധപ്പെട്ട് കിടന്നിരുന്നതായി കരുതപ്പെടുന്നു[2].
ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും[3]. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് പ്ലേറ്റോ പ്രസ്താവിച്ചിട്ടുണ്ട്[4]. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.
കടലിൽ താണുപോയി എന്നു കരുതപ്പെടുന്ന അറ്റ്ലാന്റിസ് എന്ന നിഗൂഢദ്വീപിനെ കുറിച്ചുള്ള സൂചനകൾ ഥീരാ ദ്വീപിന് പരിസരങ്ങളിൽ നിന്ന് ലഭിച്ചത് 1970-കളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു[5].
ഈ മേഖലയിൽ ഗ്രീസ്, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. 1970 മുതൽ ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളേയും ബാധിച്ചു തുടങ്ങി. 1987-ലും 1996-ലും ഈ പ്രശ്നങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെയായി. പ്രധാനമായും സമുദ്രാതിർത്തി, വ്യോമാതിർത്തി, ഈ മേഖലയിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ പറക്കൽ, പ്രത്യേക സാമ്പത്തിക മേഖല മുതലായ വിഷയങ്ങളിലാണ് തർക്കങ്ങൾ[6][7] .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.