ഇൻക്യുബേഷൻ പിരീഡ്
From Wikipedia, the free encyclopedia
ഒരു രോഗകാരിയായ ജീവി, ഒരു രാസവസ്തു, അല്ലെങ്കിൽ റേഡിയേഷൻ എന്നിവയുമായി സമ്പർക്കം പുലർത്തുന്ന സമയം മുതൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുളള സമയമാണ് അടയിരിപ്പുകാലം അഥവാ ഇൻക്യുബേഷൻ പിരീഡ്.[1] ഒരു സാധാരണ പകർച്ചവ്യാധിയിൽ, രോഗിയുടെ ശരീരത്തിൽ പ്രവേശിച്ച രോഗാണു പലമടങ്ങായി വർദ്ധിക്കുകയും ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും ചെയ്ത് രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് ആവശ്യമായ ഒരു പരിധിയിലെത്താൻ എടുക്കുന്ന കാലയളവിനെയാണ് ഇൻകുബേഷൻ പിരീഡ് സൂചിപ്പിക്കുന്നത്. ഇൻക്യുബേഷൻ പിരീഡിൽ നടത്തുന്ന മെഡിക്കൽ ടെസ്റ്റുകളിലൂടെ രോഗം നിർണ്ണയിക്കാനുളള സാധ്യത വളരെ കുറവാണ്.[2]
പല രോഗങ്ങളും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ നീണ്ടകാലം നിലനിന്നു എന്നുവരാം. രോഗത്തെ ആശ്രയിച്ച്, ഇൻകുബേഷൻ കാലയളവിൽ വ്യക്തിക്ക് പകർച്ചവ്യാധി ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകാതിരിക്കാം.