രാത്രികാല ആകാശത്തിൽ നക്ഷത്രങ്ങളാൽ രൂപീകൃതമായ, നഗ്നനേത്രങ്ങളാൽ നിരീക്ഷിച്ച് കണ്ടെത്താൻ കഴിയുന്ന പ്രത്യേക രൂപങ്ങളെയാണ് നക്ഷത്രരൂപം അഥവ ആസ്റ്ററിസം എന്നു വിളിയ്ക്കുന്നത്. നക്ഷത്രരാശികൾ പോലെയുള്ള[lower-roman 1] മറ്റൊരു പാറ്റേൺ ആണിത്.[1] നക്ഷത്രരാശികൾക്ക് ഔദ്യോഗിക അതിരുകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ നക്ഷത്രരൂപങ്ങൾക്ക് അങ്ങനെയുള്ള അതിരുകൾ ഇല്ല. എന്നാൽ ഈ നിർവചനം തന്നെ അത്ര കൃത്യമല്ല. വ്യത്യസ്ത സ്രോതസ്സുകളിൽ ഇതിനെ വ്യത്യസ്തമായാണ് നിർവ്വചിച്ചിരിയ്ക്കുന്നത്. ചില കേസുകളിൽ ഇത് മുന്നേ ഉണ്ടായിരുന്ന, എന്നാൽ ഇപ്പോൾ നക്ഷത്രരാശി അല്ലാത്ത ഒരു പാറ്റേണിനെ സൂചിപ്പിയ്ക്കുന്നു.[2] ചില കേസുകളിൽ ഇത് വലിയ ഒരു നക്ഷത്രരാശിയുടെ ഭാഗമായ ഒരു പാറ്റേൺ ആകാം. ചില കേസുകളിൽ പല നക്ഷത്രരാശികളിൽ നക്ഷത്രങ്ങൾ കൂടിച്ചേർന്നത് ആകാം ഒരു ആസ്റ്ററിസം.

Thumb
ജംബുകൻ നക്ഷത്രരാശിയിലെ ബ്റൂച്ചി'സ് ക്ലസ്റ്റർ എന്ന ആസ്റ്ററിസത്തിന്റെ ചിത്രം

പലപ്പോഴും ഒരു ആസ്റ്ററിസത്തിന് കുറച്ചു തിളക്കമുള്ള നക്ഷത്രങ്ങൾ മാത്രം അടങ്ങിയ ലഘുവായ ഒരു ആകൃതിയേ ഉണ്ടാകൂ എന്നതിനാൽ ഇവയെ ആകാശത്ത് കണ്ടു പിടിയ്ക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടാകാറില്ല. അതിനാൽ നക്ഷത്രനിരീക്ഷണത്തിലെ തുടക്കക്കാർക്ക് ഇവയെ കണ്ടെത്താൻ എളുപ്പമാണ്. ഉദാഹരണത്തിന് കലപ്പ, ചാൾസ്' വെയ്ൻ, ബിഗ് ഡിപ്പർ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഏഴു നക്ഷത്രങ്ങൾ അടങ്ങിയ ആസ്റ്ററിസം ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻ അംഗീകരിച്ച ഉർസ മേജർ അഥവാ സപ്തർഷികൾ എന്ന നക്ഷത്രരാശിയുടെ ഒരു ഭാഗം ആണ്. അതുപോലെയുള്ള വേറൊന്നാണ് ത്രിശങ്കു നക്ഷത്രരാശിയിലെ തെക്കൻ കുരിശ് (southern cross) എന്ന ആസ്റ്ററിസം.

ആസ്റ്ററിസങ്ങളുടെയും നക്ഷത്രരാശികളുടെയും ഉത്ഭവം

പല പുരാതന സംസ്കാരങ്ങളിലും ആകാശത്തെ നക്ഷത്രങ്ങളെ സാങ്കൽപ്പിക രേഖകകൾ കൊണ്ട് പരസ്പരം യോജിപ്പിച്ച് സാങ്കൽപ്പിക രൂപങ്ങൾ നിർമ്മിയ്ക്കുന്ന പതിവുകൾ ഉണ്ടായിരുന്നു. രേഖപ്പെടുത്തിയ തെളിവുകൾ പ്രകാരം ബാബിലോണിയക്കാർ ഇപ്രകാരം ചെയ്തിരുന്നു. പാറ്റേണുകൾ കണ്ടെത്തുന്ന ഈ പ്രക്രിയയ്ക്ക് പ്രത്യേകിച്ച് വ്യവസ്ഥകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഓരോ സമൂഹവും ഒരേ കൂട്ടം നക്ഷത്രങ്ങളിൽ വ്യത്യസ്ത പാറ്റേണുകൾ ആണ് ആരോപിച്ചിരുന്നത്. അതിനു പുറമെ ഏതു നക്ഷത്രങ്ങളെയാണ് ഒരേ പാറ്റേണിന്റെ ഭാഗമായി കണ്ടിരുന്നത് എന്നതിലും ഒരുമ ഉണ്ടായിരുന്നില്ല. എന്നാൽ ശബരൻ, വൃശ്ചികം തുടങ്ങിയ സുവ്യക്തങ്ങളായ ചില പാറ്റേണുകൾ മിയ്ക്ക സംസ്കാരങ്ങളും ഒരു പോലെ തന്നെ ഒരേ ഗ്രൂപ്പ് ആയി പരിഗണിച്ചിരുന്നു. ആർക്കു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഈ നക്ഷത്രസമൂഹങ്ങളെ തിരിച്ചറിഞ്ഞു പേരുകൾ കൊടുക്കാം എന്നുള്ളതിനാൽ നക്ഷത്രരാശികൾ, ആസ്റ്ററിസങ്ങൾ തുടങ്ങിയവയുടെ ഉൽപ്പത്തികളിൽ ധാരാളം അവ്യക്തതകൾ ഉണ്ട്. ഉദാഹരണത്തിന് പ്ലിനി, ദി എൽഡർ (23 AD–79 AD) തന്റെ നാച്ചുറാലിസ് ഹിസ്റ്റോറിയ എന്ന പുസ്തകത്തിൽ 72 ആസ്റ്ററിസങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

ഹിപ്പാർകസ് (c. 190 – c. 120 BC) തയ്യാറാക്കിയതെന്നു കരുതുന്ന 48 നക്ഷത്രരാശികളുടെ ഒരു ലിസ്റ്റ് ആണ് യൂറോപ്പിൽ ഏതാണ്ട് 1800 വർഷത്തോളം നക്ഷത്രരാശികളുടെ അടിസ്ഥാന മാനദണ്ഡമായി പരിഗണിച്ചു പോന്നിരുന്നത്. നക്ഷത്രരാശികളുടെ പുറംരൂപത്തിനെ നിർണയിയ്ക്കുന്ന നക്ഷത്രങ്ങൾ മാത്രമാണ് അവയുടെ ഭാഗങ്ങളായി പരിഗണിച്ചിരുന്നെതിനാൽ അവയുടെ ഇടയിൽ ആരും പരിഗണിയ്ക്കാതെ കിടന്നിരുന്ന നക്ഷത്രങ്ങളെ കൂട്ടിയോജിച്ചു ആർക്കും പുതിയ രാശികൾ ഉണ്ടാക്കാമായിരുന്നു.

യൂറോപ്യൻമാർ മറ്റു നാടുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയതിനുശേഷം അവർ അന്നു വരെ പരിഗണിയ്ക്കാത്ത നക്ഷത്രങ്ങളെയും പരിഗണിയ്ക്കേണ്ടി വന്നു. ജൊഹാൻ ബയേർ (1572–1625), നിക്കൊളാസ് ലൂയിസ് ഡി ലകായിലെ (1713–1762) എന്നിവർ ദക്ഷിണാർദ്ധഗോളത്തിലെ നക്ഷത്രങ്ങൾ അടങ്ങിയ കൂടുതൽ നക്ഷത്രരാശികൾ പ്രചാരത്തിൽ കൊണ്ടുവന്നു. ടോളെമി മുതലായ പുരാതന ജ്യോതിഃശാസ്ത്രജ്ഞർക്ക് കാണാൻ സാധ്യമല്ലാതിരുന്ന വളരെ ദക്ഷിണ ദിക്കിലുള്ള 12 നക്ഷത്രരാശികൾ കൂടി ബയേർ നിലവിൽ കൊണ്ടുവന്നു. ലകായിലെ അത്തരം പുതിയ 14 എണ്ണം നിർദ്ദേശിച്ചു. ഇവയിൽ പലതും പിന്നീട് നക്ഷത്രരാശികൾ ആയി അംഗീകരിയ്ക്കപ്പെട്ടു. മറ്റുള്ളവ ആസ്റ്ററിസങ്ങൾ മാത്രമായി നിലകൊണ്ടു.

1930 കളിൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ആകാശത്തെ 88 വ്യത്യസ്ത ഭാഗങ്ങളായി വിഭജിച്ച് ഔദ്യോഗികമായി അവയ്ക്ക് 88 ആധുനിക നക്ഷത്രസമൂഹങ്ങളുടെ പേരുകൾ നൽകി. നക്ഷത്രരാശികളുടെ പുറംരൂപങ്ങൾ മാത്രമല്ല, ഓരോ ഭാഗത്തെയും എല്ലാ നക്ഷത്രങ്ങളും ആ നക്ഷത്രരാശിയുടെ ഭാഗമായി പരിഗണിച്ചു. അതിൽ പരിഗണിയ്ക്കാത്ത പഴയ രൂപങ്ങളും മറ്റും ആസ്റ്ററിസങ്ങൾ ആകുന്നു. എങ്കിലും ഇവയുടെ നിർവചനത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ ഉണ്ട്. ഉദാഹരണത്തിന് കാർത്തിക (ദി പ്ലിയാഡെസ് അഥവാ ഏഴു സഹോദരിമാർ), ഇടവത്തിലെ ഹേഡീസ് (Hyades) ചില സ്രോതസ്സുകളിൽ ഇപ്പോഴും ആസ്റ്ററിസം ആയി പരിഗണിയ്ക്കപ്പെടുന്നു.

തിളക്കമുള്ള ആസ്റ്ററിസങ്ങൾ

നല്ല തിളക്കമുള്ള നക്ഷത്രങ്ങൾ അടങ്ങിയതും ലഘുവായ ആകൃതികളോട് കൂടിയതുമായ ആസ്റ്ററിസങ്ങളാണ് ഈ ഗണത്തിൽ പെടുന്നത്.

  • ഗ്രേറ്റ് ഡയമണ്ട് : ചോതി, ചിത്തിര, ഡെനെബോല, കോർ കാരോളി എന്നീ നാലു നക്ഷത്രങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഡയമണ്ട് ആകൃതിയിലുള്ള ഒരു ആസ്റ്ററിസം ആണിത്.[3] ചോതിയെയും ഡെനെബോലയെയും ബന്ധിപ്പിയ്ക്കുന്ന കിഴക്കു-പടിഞ്ഞാറ് ദിശയിലുള്ള നേർരേഖ വടക്കുഭാഗത്തുള്ള കോർ കാരോളിയുമായി കൂടിച്ചേർന്ന് ഒരു സമഭുജത്രികോണം ഉണ്ടാക്കുന്നു. അതുപോലെ ഇതേ നേർരേഖ തെക്കുഭാഗത്തുള്ള ചിത്തിരയുമായി കൂടിച്ചേർന്നു മറ്റൊരു സമഭുജത്രികോണവും ഉണ്ടാക്കുന്നു. ഈ രണ്ടു ത്രികോണങ്ങളും ചേർന്ന് ഒരു സമാന്തരികം ഉണ്ടാക്കുന്നു. ചോതി, മകം, ചിത്തിര എന്നിവ ചേർന്നുള്ള ത്രികോണത്തിന് വസന്ത ത്രികോണം (spring triangle) എന്നൊരു പേരും ഉണ്ട്.[4] എന്നാൽ ഈ നക്ഷത്രങ്ങൾ എല്ലാം വ്യത്യസ്ത നക്ഷത്രരാശികളിൽ ആണ്.
  • സമ്മർ ട്രയാങ്കിൾ : ഡെനിബ്, ഓൾട്ടയർ, വേഗ എന്നിവ അടങ്ങുന്ന സമ്മർ ട്രയാങ്കിൾ ഉത്തരാർദ്ധഖഗോളത്തിലെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ആസ്റ്ററിസങ്ങളിൽ ഒന്നാണ്. മൂന്നു നക്ഷത്രങ്ങളുടെയും ദൃശ്യകാന്തിമാനം 1 ന് ഉള്ളിലാണ്.[5] ആകാശത്ത് ആകാശഗംഗയുടെ പാടയ്ക്കുള്ളിലാണ് മൂന്നു നക്ഷത്രങ്ങളും.
  • ഭാദ്രപദ സമചതുരം : ആൽഫ പെഗാസി, ബീറ്റ പെഗാസി, ഗാമ പെഗാസി, ആൽഫ ആൻഡ്രോമീഡേ എന്നീ നാല് നക്ഷത്രങ്ങൾ ചേർന്നുണ്ടാകുന്ന ഒരു സമചതുരമാണ് ഇത്. ഭാദ്രപദം നക്ഷത്രരാശിയിലാണ് ഇതിലെ മൂന്നു നക്ഷത്രങ്ങളും ഉള്ളത്.
  • വിന്റർ ഹെക്സഗൺ : ആകാശത്തിലെ കാന്തിമാനം 1 ആയിട്ടുള്ള 7 നക്ഷത്രങ്ങളായ ക്യാപെല്ല, ബ്രഹ്മർഷി, റിഗെൽ, സിറിയസ്, പ്രോസിയോൺ, പോളക്സ്, കാന്തിമാനം 2 ആയിട്ടുള്ള കാസ്റ്റർ എന്നീ നക്ഷത്രങ്ങൾ ചുറ്റും തിരുവാതിര നടുവിലായും വരുന്ന ഒരു ആസ്റ്ററിസം ആണ്.[5] എന്നാൽ ഇതിന്റെ വലിപ്പവും ക്രമരഹിതമായ ആകൃതിയും മൂലം ഇതിനെ പെട്ടെന്ന് ഒരു ഹെക്സഗൺ ആയി മനസ്സിലാക്കി എടുക്കാൻ എളുപ്പമല്ല. ചിലർ ഇതിനെ ഹെവൻലി G എന്നു വിളിയ്ക്കുന്നു.[6]
  • വിന്റർ ട്രയാങ്കിൾ : ഉത്തരാർദ്ധഖഗോളത്തിൽ ശിശിരകാല സായാഹ്നങ്ങളിൽ കാണാവുന്ന ത്രികോണാകൃതിയിലുള്ള ഒരു ആസ്റ്ററിസം ആണ് വിന്റർ ട്രയാങ്കിൾ. പ്രോസിയോൺ, തിരുവാതിര, സിറിയസ് എന്നിവ ചേർന്നാണ് ഈ ത്രികോണം ഉണ്ടാക്കുന്നത്.

നക്ഷത്രരാശികളെ അടിസ്ഥാനപ്പെടുത്തിയുള്ള ആസ്റ്ററിസങ്ങൾ

Thumb
ബിഗ് ഡിപ്പർ ആസ്റ്ററിസം
  • ബിഗ് ഡിപ്പർ ആസ്റ്ററിസം : സപ്തർഷിമണ്ഡലത്തിലെ (വലിയ കരടി) ഏറ്റവും തിളക്കമുള്ള ഏഴു നക്ഷത്രങ്ങൾ ചേർന്നതാണ് ഈ ആസ്റ്ററിസം.[6] കലപ്പ, ചാൾസിന്റെ വെയ്ൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വലിയ കരടിയുടെ പുറംഭാഗവും വാലും ആണ് ഡിപ്പർ ഉണ്ടാക്കുന്നത്.
  • നോർത്തേൺ ക്രോസ്സ് / വടക്കൻ കുരിശ് : ഹംസമണ്ഡലം നക്ഷത്രരാശിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[5]. കുരിശിന്റെ സ്തംഭം ഹംസത്തിന്റെ വാലിലെ ഡെനിബ് തൊട്ട് കൊക്കിലെ ആൽബിറിയോ നക്ഷത്രം വരെ നീണ്ടു കിടക്കുന്നു. കൈകൾ ഒരു ചിറകിലെ ഗിയെനാ നക്ഷത്രം (എപ്സിലോൺ സിഗ്നി) മുതൽ മറ്റേ ചിറകിലെ ഡെൽറ്റ സിഗ്‌നി വരെ നീണ്ടുകിടക്കുന്നു.
  • ഫിഷ് ഹൂക് : വൃശ്ചികം നക്ഷത്രരാശിയ്ക്കുള്ള ഹവായിക്കാരുടെ പേരാണ് ഫിഷ് ഹൂക്. ആകാശത്ത് ഒരു J ആകൃതി സൃഷ്‌ടിയ്ക്കുന്ന ഈ ആസ്റ്ററിസത്തെ അവർ ഒരു ചൂണ്ടക്കൊളുത്തുമായി ഉപമിച്ചിരിയ്ക്കുന്നു.
  • സതേൺ ക്രോസ്സ് / തെക്കൻ കുരിശ് : ഇത് ഒരു ആസ്റ്ററിസമായി ചിലർ പരിഗണിയ്ക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇതൊരു നക്ഷത്രരാശി തന്നെയാണ് ( ത്രിശങ്കു. ആക്രക്സ്, മിമോസ, ഗാക്രക്സ്, ഡെൽറ്റ ക്രൂസിസ് തുടങ്ങിയവയാണ് ഇതിലെ നക്ഷത്രങ്ങൾ. എപ്സിലോൺ ക്രൂസിസ് എന്ന ഈ നക്ഷത്രരാശിയിലെ അഞ്ചാമത്തെ നക്ഷത്രവും ഇതിൽ പെടും എന്ന് ചിലർ വാദിയ്ക്കുന്നുണ്ട്.[7]
  • W : കാശ്യപി രാശിയിലെ നക്ഷത്രങ്ങളെയെല്ലാം കണക്കിലെടുത്താൽ W ആകൃതി കിട്ടുന്നതിനാൽ അവയെ അപ്രകാരം ഒരു ആസ്റ്ററിസം ആയി കണക്കാക്കുന്നുണ്ട്.[8]
  • ചിത്രശലഭം : ജാസി രാശിയിലെ ഹെർക്യൂൾസിന്റെ ഇടതും വലതും കാലുകൾ തമ്മിൽ കൂട്ടിച്ചേർത്താൽ ഒരു ചിത്രശലഭത്തിന്റെ ആകൃതി ലഭിയ്ക്കുന്നു.[9]

ടെലിസ്കോപിക് ആസ്റ്ററിസങ്ങൾ

ഇതുവരെ കണ്ട നഗ്നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാവുന്ന ആസ്റ്ററിസങ്ങൾക്ക് പുറമെ ദൂരദർശിനിയിലൂടെ മാത്രം തിരിച്ചറിയാവുന്ന കുഞ്ഞൻ ആസ്റ്ററിസങ്ങളും ഉണ്ട്. ഇവയിൽ ചിലതാണ് :

ഇതും കൂടി കാണുക

നോട്ടുകൾ

    അവലംബങ്ങൾ

    ഗ്രന്ഥസൂചി

    പുറംകണ്ണികൾ

    Wikiwand in your browser!

    Seamless Wikipedia browsing. On steroids.

    Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

    Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.