From Wikipedia, the free encyclopedia
ആർട്ടിക് വൃത്ത(66 1/2º വ.)ത്തിനുള്ളിൽ വൃക്ഷരേഖ (Tree line)യ്ക്കു വടക്കും സ്ഥിരതുഷാര (Perma frost) മേഖലയ്ക്കു തെക്കുമായി കിടക്കുന്ന കരപ്രദേശമാണ് തുന്ദ്ര. കോപ്പന്റെ (Wladimir Koppan, 1918) ആഗോള കാലാവസ്ഥാ വർഗീകരണ വ്യവസ്ഥയിലെ അഞ്ച് പ്രധാന വിഭാഗങ്ങളിലൊന്നായ E-യുടെ പ്രധാന ഉപവിഭാഗമായി (ET) ആണ് തുന്ദ്രാമാതൃക സ്ഥാനം പിടിച്ചിട്ടുള്ളത്. ഊഷര പ്രദേശം എന്ന് അർഥം കല്പിക്കാവുന്ന ഫിന്നിഷ് ഭാഷയിലെ തുന്തുറി(tunturi), ലാപ്പിഷിലെ തുന്ദുർ (tundur) എന്നീ പദങ്ങളെ ആധാരമാക്കി റഷ്യൻ ഭാഷയിൽ നിന്ന് ഉണ്ടായതാണ് തുന്ദ്ര എന്ന പദം.
ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജൂലായ് മാസത്തിലെ ശരാശരി താപനില 10 °Cനും താഴെയാകുന്നത് സസ്യങ്ങൾ ഉയർന്നു വളരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ ജൂലായിലെ 10 °C സമോഷ്ണരേഖ (isotherm) യെ വൃക്ഷരേഖ എന്നു വിശേഷിപ്പിക്കുന്നു. ഇതിനു വടക്കുള്ള മേഖലകളിൽ ഗ്രീഷ്മകാലം പ്രായേണ ഹ്രസ്വമായിരിക്കും. എട്ടുമാസമെങ്കിലും നീണ്ടുനില്ക്കുന്ന ശൈത്യകാലത്ത് അതികഠിനമായ തണുപ്പും ശൈത്യാരംഭത്തിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നു. ശൈത്യകാല താപനില - 18 °C വരെ താഴാറുണ്ട്. ഗ്രീഷ്മകാലത്ത് ശരാശരി താപനില 10 °C-ൽ താഴെയായതിനാൽ പൊതുവേ തണുപ്പുള്ള അവസ്ഥയായിരിക്കും. ജൂലായ് മാസത്തിലെ ശരാശാരി താപനില 3 °C ആയുള്ള പ്രദേശങ്ങൾ ഈ മേഖലയിലെമ്പാടുമുണ്ട്.എന്നാൽ ജൂലായിലെ താപനില 0 °C ആകുന്നതോടെ തുന്ദ്രാമേഖല സ്ഥിര തുഷാര പ്രദേശമായി പരിണമിക്കും. ജൂലായിലെ 0 °C സമോഷ്ണരേഖയാണ് തുന്ദ്രയുടെ വടക്കേ അതിരു നിർണയിക്കുന്നത്.
ഉത്തരാർധഗോളത്തിലെ തുന്ദ്രമേഖലകളെ പൊതുവേ രണ്ടായി തിരിക്കാം: (i) യൂറോപ്യൻ റഷ്യയുടേയും സൈബീരിയയുടേയും വടക്കരികിലുള്ള താഴ്വാര പ്രദേശം; (ii) വടക്കേ അമേരിക്കയിൽ കാനഡയുടേയും അലാസ്കയുടേയും ഉത്തരപ്രാന്തങ്ങളും തീരത്തോടടുത്തു കിടക്കുന്ന ആർട്ടിക് ദ്വീപുകളും. യൂറേഷ്യയിലെ മേഖലയെയാണ് തുന്ദ്ര എന്നു വിളിക്കുന്നത്. വടക്കേഅമേരിക്കയിൽ മസ്കെഗ് എന്ന പേരിൽ അറിയപ്പെടുന്ന ഈയിനം മേഖലകളുടെ കാലാവസ്ഥ, ജീവജാലം തുടങ്ങിയവ പരാമർശിക്കപ്പെടുമ്പോൾ പൊതുവേ തുന്ദ്ര എന്ന സംജ്ഞയാണ് സ്വീകരിക്കപ്പെടുന്നത്. ദക്ഷിണാർധഗോളത്തിൽ തുന്ദ്രാമാതൃക പ്രദേശങ്ങളില്ല; ദക്ഷിണഅക്ഷാംശം 66 1/2ºക്കു തെക്കുള്ള ഏക വൻകരാഭാഗമായ അന്റാർട്ടിക്ക ഏതാണ്ട് മൊത്തമായിത്തന്നെ സ്ഥിരതുഷാര മേഖലയാണ്.
പർവതങ്ങളുടെ ഉച്ചിയിലേക്കു നീങ്ങുമ്പോൾ ഉയരത്തിന് ആനുപാതികമായി കാലാവസ്ഥാപരമായ വ്യതിയാനം അനുഭവപ്പെടുന്നു. മധ്യരേഖയിൽനിന്ന് ധ്രുവങ്ങളിലേക്കുള്ള വ്യത്യസ്ത കാലാവസ്ഥാ പ്രകാരങ്ങൾക്കു സദൃശമാണ് ഈ മാറ്റം. ഇക്കാരണത്താൽ ആൽപ്സ്, ആൻഡീസ് തുടങ്ങിയ പർവതങ്ങളുടെ ഉന്നത തടങ്ങളിൽ തുന്ദ്രാമാതൃക കാലാവസ്ഥ അനുഭവപ്പെട്ടു കാണുന്നു. ഇത്തരം പ്രദേശങ്ങളെ ആൽപൈൻ തുന്ദ്ര എന്നു വിശേഷിപ്പിക്കുന്നു.
തുന്ദ്രാ പ്രദേശങ്ങളിൽ ശരാശരി താപനില 10 °C-ലേറെയാകാത്തതുമൂലം വേനൽക്കാലം സാമാന്യേന ചൂടു കുറഞ്ഞതായിരിക്കും. എന്നാൽ ഈ കാലത്ത് പകലിന്റെ ദൈർഘ്യം നന്നേ കൂടുതലായും രാത്രിയുടേത് തീരെ കുറവായും അനുഭവപ്പെടുന്നു. മേയ് നാലാം പാദം മുതൽ ആഗസ്റ്റ് വരെ പകൽ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലായ്പോഴും സൂര്യപ്രകാശം ലഭിച്ചുകൊണ്ടിരിക്കും. തുന്ദ്രാമേഖലയിലെ വർഷ (percipitation) കാലം ഗ്രീഷ്മത്തിന്റെ അന്ത്യത്തിലും ശൈത്യകാലാരംഭത്തിലുമാണ്; വാർഷിക ശരാശരി 250 മി.മീ.. അല്പമായ തോതിൽ ലഭിക്കുന്ന മഴയുടെ സ്ഥാനത്ത് ശൈത്യകാലാരംഭത്തോടെ മഞ്ഞു പെയ്യാൻ തുടങ്ങുന്നു. അതിശൈത്യം കാരണം പെയ്തുവീഴുന്ന മഞ്ഞ് അതേപടി അടിയുന്നു. ദ്രവീകരണം നന്നേ കുറവായതിനാൽ മഞ്ഞുവീഴ്ചയുടെ ആവർത്തനം ഹിമപാളികൾക്കു വഴിയൊരുക്കുന്നു. എന്നാൽ തുന്ദ്രാപ്രതലത്തിലെ എല്ലായിടത്തും മഞ്ഞുപാളികൾ അട്ടിയിടുന്നില്ല. ശക്തമായ കാറ്റുമൂലം ഹിമസഞ്ചയങ്ങൾ അടിച്ചുമാറ്റപ്പെട്ട്, അനുകൂല സ്ഥാനങ്ങളിൽ കൂനകളായി നിക്ഷിപ്തമാകുന്നു. ഹിമപാളികൾ തിങ്ങിഞെരുങ്ങി സ്വയം വിണ്ടുകീറുന്നത് ബഹുഭുജാകൃതിയിലുള്ള പരസഹസ്രം ഹിമഖണ്ഡങ്ങൾക്കു രൂപം നൽകുന്നു. ഗ്രീഷ്മകാലാരംഭത്തോടെ ഇവയ്ക്കിടയിലെ വിള്ളലുകൾ സാമാന്യം വീതിയുള്ള ചാലുകളായി മാറും. കനം കുറഞ്ഞ് അടിഞ്ഞിട്ടുള്ള മഞ്ഞുരുകി ഉണ്ടാകുന്ന ജലം നിർഗമന സൗകര്യത്തിന്റെ അഭാവത്തിൽ ആഴം കുറഞ്ഞ വെള്ളക്കെട്ടുകളും ചതുപ്പുകളുമായിത്തീരും. ഇവയെ കേന്ദ്രീകരിച്ചാണ് വേനൽക്കാലത്ത് സസ്യങ്ങൾ കിളിർത്തു വളരുന്നത്. തുന്ദ്രാ സസ്യങ്ങൾ പൊതുവേ അല്പായുസ്സുകളാണ്. വളർച്ച മുരടിക്കുന്നതോടൊപ്പം കുറഞ്ഞ കാലത്തിനുള്ളിൽ അതിശൈത്യം ബാധിക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള പ്രജനനത്തിനു സഹായകമെന്നോണം ഇവയുടെ പുഷ്പങ്ങൾ വലിപ്പം കൂടിയവയും വർണശബളങ്ങളുമായിരിക്കുന്നു.
അല്പമാത്രമായ ചായ്മാനത്തോടെ പൊതുവേ സമതലമായി കരുതാവുന്ന ഭൂപ്രകൃതിയാണ് തുന്ദ്രായിലുളളത്. അപൂർവമായി പ്രതലം പൊട്ടിപ്പിളർന്ന് ഉദ്ഗമിക്കുന്ന നീരുറവകൾ കാണാം. ശൈത്യകാലത്ത് ഇവ തണുത്തുറഞ്ഞ്, താഴികരൂപത്തിലുള്ള ഹിമക്കൂമ്പാരങ്ങൾ കാഴ്ചവയ്ക്കുന്നു. ഇത്തരം ഭൂദൃശ്യങ്ങളെ പിൻഗോ (Pingo) എന്നു വിശേഷിപ്പിക്കുന്നു. ഇവയുടെ സ്ഥാവരത അന്തർഭാഗത്ത് സ്ഥിരതുഷാരം രൂപംകൊള്ളുന്നതിനെ ആശ്രയിച്ചിരിക്കും.
മാതൃശിലകൾക്കു ഭൗതികാപക്ഷയവും വിഖണ്ഡനവും നേരിട്ട്, ശിഥിലീകരണം സംഭവിച്ചുണ്ടായ മണ്ണാണ് തുന്ദ്രാമേഖലയിൽ കാണപ്പെടുന്നത്. ഊത-ചാര നിറങ്ങളുള്ള ഇവയുടെ സവിശേഷത ഏതുവിധത്തിലുള്ള രാസവ്യതിയാനത്തിനും വിധേയമായിട്ടില്ലാ എന്നതാണ്. പാഴ്സസ്യങ്ങളുടെ അവശിഷ്ടങ്ങൾ കൂടിക്കലർന്ന പശിമരാശി മണ്ണാണ് ഇത്. പായൽ, കൽപായൽ (liches), കോരപ്പുല്ല് തുടങ്ങിയ പാഴ് സസ്യങ്ങളാണ് പരക്കെയുള്ളത്. എന്നാൽ നീർച്ചാലുകൾക്കരികിൽ തറപറ്റി വളരുന്ന പൂച്ചെടിയിനങ്ങൾ ഇടതൂർന്നു വളരുന്നു. കമ്പളം വിരിച്ചതുപോലെ ദൃശ്യഭംഗി പ്രദർശിപ്പിക്കുന്ന ഇവ ബ്ലൂം മാറ്റ്സ് (Bloom mats) എന്ന പൊതുപേരിലാണ് അറിയപ്പെടുന്നത്. നന്നേ വിരളമായി എലന്ത വർഗത്തിൽപ്പെടുന്ന കുറ്റിച്ചെടികളും വളർച്ച മുരടിച്ച ബെർച്ച് മരങ്ങളും ഉണ്ടാകാം.
പാഴ്സസ്യങ്ങൾ തിങ്ങിനിറഞ്ഞ ചതുപ്പുകളിൽ വേനൽക്കാലത്ത് ഹിമപാളികളുടെ ദ്രവീകരണം ആഴങ്ങളോളം എത്തുന്നത് കനത്ത ചെളിക്കെട്ടുകൾക്കു രൂപംനൽകുന്നു. ഹിമപ്പരപ്പിനടിയിലൂടെ മടയിട്ടു നീങ്ങുന്ന ഇവ ചരിവുതലങ്ങളിലെത്തുമ്പോൾ പ്രതലത്തിലെ മഞ്ഞുപാളികളെ ഭേദിച്ച് താഴേക്കു പ്രവഹിക്കുന്നു. ഈ പ്രക്രിയയെ മൃദാസർപ്പണം (Solifluction) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവയുടെ ഗതിവേഗം മണിക്കൂറിൽ ഏതാനും മീറ്ററുകൾ മാത്രമാണെങ്കിലും ഒഴുക്കിനീക്കുന്ന ശിലാദ്രവത്തിന്റെ അളവ് ഗണ്യമായ തോതിലായിരിക്കും. മധ്യാഹ്നവേളയിൽ ഇവയുടെ ഗതിവേഗത്തിൽ നേരിയ വർധനവുണ്ടാകുന്നതായി വിദഗ്ദ്ധ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗ്രീഷ്മാരംഭത്തിൽ പാഴ്സസ്യങ്ങളെപ്പോലെ ക്ഷുദ്രജീവികളും വൻതോതിൽ ഉണ്ടാകുന്നു. ഇവയെ ആഹരിക്കുന്നതിന്, ശൈത്യാരംഭത്തിൽ തെക്കൻ അക്ഷാംശങ്ങളിലേക്കു പ്രവസിച്ച വാത്ത, ബണ്ടിങ് (Bunding), ലോങ് സ്പർ (Long spur) തുടങ്ങിയയിനം പക്ഷിജാലങ്ങൾ മടങ്ങിയെത്തുന്നു. അതുപോലെ സസ്യാഹാരികളായ റെയിൻഡിയർ, കസ്തൂരി കാള (must ox) തുടങ്ങിയ മൃഗങ്ങളും പറ്റംപറ്റമായി ചേക്കേറുന്നു. സാധാരണമായി കാണാനാകുന്ന മറ്റൊരു ജീവി മൂഷിക വർഗത്തിൽപെട്ട ലെമിൻ ആണ്. തുന്ദ്രാമേഖലയിലെ സ്ഥിരവാസികളായ ആർട്ടിക് കരടി, കരിബു തുടങ്ങിയ മൃഗങ്ങൾക്ക് ശൈത്യബാധയിൽ നിന്നു രക്ഷ നേടുവാൻ സഹായിക്കുന്ന രോമകഞ്ചുകങ്ങളുണ്ട്. ഇവ പൊതുവേ 'ധവള' വർണമുള്ളവയാണ്. ഈ മൃഗങ്ങളുടെ രോമാവൃതമായ തുകലിന് അന്താരാഷ്ട്ര വിപണിയിൽ മികച്ച വില കിട്ടുന്നു. പക്ഷിവർഗത്തിൽപ്പെട്ട ഹിമ മൂങ്ങ (Snowy owl), ടാർമിഗൻ (Ptarmigan) തുടങ്ങിയവയ്ക്ക് വിശേഷപ്പെട്ട തൂവൽസഞ്ചയം കാണാം. തുന്ദ്രായിലെ ജന്തുജാലങ്ങളുടെ പ്രവർധനത്തോത് നന്നേ ഉയർന്നതായിട്ടും അമിതവും അശാസ്ത്രീയവുമായ വേട്ടയാടലിന്റെ ഫലമായി പലയിനങ്ങളും വംശനാശം നേരിടുന്ന അവസ്ഥയാണുള്ളത്.
കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തം ജനവാസം നന്നേ കുറവാണ്. വ.അമേരിക്കയിലെ തുന്ദ്രാമേഖല എസ്കിമോകളുടെ ആവാസകേന്ദ്രമാണ്. യൂറേഷ്യൻ തുന്ദ്രയിൽ ലാപ്വർഗക്കാരും മംഗോളിയൻ വംശജരും അധിവസിക്കുന്നു. തദ്ദേശീയരുടെ മുഖ്യ ഉപജീവനമാർഗങ്ങൾ വേട്ടയാടലും മത്സ്യബന്ധനവുമാണ്. തുന്ദ്രാ മേഖലയിൽ - വിശിഷ്യ സൈബീരിയ പ്രദേശത്ത് കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, ഇരുമ്പ്, നാകം തുടങ്ങിയവയുടെ അതിസമ്പന്നമായ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഈ പ്രദേശങ്ങളിൽ ഖനനവും അതോടനുബന്ധിച്ച് നേരിയ തോതിലുള്ള വികസനവും ആരംഭിച്ചിട്ടുണ്ട്. പൊതുവേ നോക്കുമ്പോൾ തുന്ദ്രാപ്രദേശങ്ങൾ നന്നേ പിന്നാക്കാവസ്ഥയിലാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തുന്ദ്ര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.