From Wikipedia, the free encyclopedia
ബ്രിട്ടീഷ് നിയന്ത്രിത ഇന്ത്യയിലെ ഒരു ഭരണകർത്താവും സൈനികനുമായിരുന്നു ഹെർബെർട്ട് ബെഞ്ചമിൻ എഡ്വേഡ്സ് (ഇംഗ്ലീഷ്: Herbert Benjamin Edwardes). പഞ്ചാബായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമേഖല. 1848-49 കാലഘട്ടത്തിലെ രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ മുൽത്താനിലെ ബ്രിട്ടീഷ് വിജയത്തിനു പിന്നിലെ പ്രധാനവ്യക്തി എന്ന പേരിൽ ഹീറോ ഓഫ് മുൽത്താൻ എന്നും അറിയപ്പെടുന്നു.
മേജർ ജനറൽ സർ ഹെർബെർട്ട് ബെഞ്ചമിൻ എഡ്വേഡ്സ് കെ.സി.ബി. കെ.സി.എസ്.I ഡി.സി.എൽ. | |
---|---|
ജനനം | ഫ്രോഡെസ്ലി, ഷ്രോപ്ഷയർ, ഇംഗ്ലണ്ട് | 12 നവംബർ 1819
മരണം | 23 ഡിസംബർ 1868 49) ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം
ദേശീയത | യു.കെ. |
വിഭാഗം | ബ്രിട്ടീഷ് സൈന്യം |
ജോലിക്കാലം | 1842–1868 |
പദവി | മേജർ ജനറൽ |
യൂനിറ്റ് | ഫസ്റ്റ് ബംഗാൾ യൂറോപ്യൻ റെജിമെന്റ് |
യുദ്ധങ്ങൾ | ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം ഇന്ത്യൻ ലഹള |
പുരസ്കാരങ്ങൾ | നൈറ്റ് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ദ ബാത്ത് നൈറ്റ് കമാൻഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ ഡോക്റ്റർ ഓഫ് സിവിൽ ലോ |
മറ്റു തൊഴിലുകൾ | അംബാലയിലെ കമ്മീഷണർ (1862–1865) |
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം, വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യകളുടെ ചീഫ് കമ്മീഷണറായിരുന്ന ഹെൻറി ലോറൻസിനു കീഴിൽ ഇന്നത്തെ പാകിസ്താനിലെ ബാന്നു മേഖലയിൽ നിയമിക്കപ്പെട്ട എഡ്വേഡ്സ് ആണ് ബാന്നു നഗരം സ്ഥാപിച്ചത്. എഡ്വേഡ്സിന്റെ സ്മരണാർത്ഥം ഈ നഗരം എഡ്വേഡ്സബാദ് എന്ന പേരിലായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്നത്.
അംബാലയിലെ കമ്മീഷണറായും ഇദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. തന്റെ മുൻ മേലുദ്യോഗസ്ഥനായ ഹെൻറി ലോറൻസിന്റെ ജീവചരിത്രവും എഡ്വേഡ്സ് രചിച്ചിട്ടുണ്ട്.
1848 ഏപ്രിലിൽ മുൽത്താനിൽ നടന്ന ഒരു അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ കലാശിച്ചത്. ഏപ്രിൽ 19-ന് മുൽത്താനിലേക്ക് നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ വാൻസ് ആഗ്ന്യു, ഡബ്ല്യു.എ. ആൻഡേഴ്സൺ എന്നീ ബ്രിട്ടീഷുകാർ വിമതസൈനികരാൽ ആക്രമിക്കപ്പെട്ടു. അന്നേ ദിവസം വാൻസ് ആഗ്ന്യു അയച്ച സഹായസന്ദേശം ലഭിച്ച എഡ്വേഡ്സ് ഉടനെ മുൽത്താനിലേക്ക് പുറപ്പെട്ടു. ലാഹോറിലെ ബ്രിട്ടീഷ് റെസിഡന്റ് പോലും നടപടികളെടുക്കാൻ മടിച്ച അവസരത്തിൽ എഡ്വേഡ്സ് സ്വന്തം നിലയിൽ സൈന്യത്തെ സംഘടിപ്പിക്കുകയും യുദ്ധത്തിലേർപ്പെടുകയും ചെയ്തു.
ദേര ഫത്തേ ഖാനിൽ നിന്ന് സിന്ധു കടന്ന് ലയ്യാ ജില്ലയിലെത്തിയ എഡ്വേഡ്സ് അവിടെവച്ച് ഒരു പഷ്തൂൺ സേനയെ സംഘടിപ്പിക്കുകയും തുടർന്ന് മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വാൻ കോട്ലൻഡിനെയും സംഘത്തെയും കൂട്ടി മുൽത്താനു പടിഞ്ഞാറുള്ള ദേറ ഗാസി ഖാൻ നിയന്ത്രണത്തിലാക്കി. തുടർന്ന് തെക്കുവശത്തുകൂടെ മുൽത്താനിൽ എത്തുകയും വിമതരുടെ നേതാവായ ദിവാൻ മൂൽരാജുമായി പോരാട്ടം ആരംഭിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം ബഹാവൽപൂറിലെ നവാബിന്റെയും ജനറൽ വിഷ് നയിച്ച ബ്രിട്ടീഷ് സേനയുടെയും ഷേർ സിങ് അട്ടാരിവാലയുടെ നേതൃത്വത്തിലുള്ള ദർബാർ സൈന്യവും മുൽത്താനിലേക്കെത്തി എഡ്വേഡ്സിനോടൊപ്പം ചേർന്നു.[1] മുൽത്താൻ ബ്രിട്ടീഷ് നിയന്ത്രണത്തിലാകുംവരെ എഡ്വേഡ്സ് യുദ്ധത്തിലേർപ്പെട്ടു.
എഡ്വേഡ്സ് ഒരു കടുത്ത ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു. ബ്രിട്ടീഷുകാരുടെ പ്രൊട്ടെസ്റ്റന്റ് വിശ്വാസം മൂലമാണ് അവർക്ക് ഇത്രവലിയ ഒരു സാമ്രാജ്യത്തിന്റെ അധീശത്വം സിദ്ധിച്ചതെന്നാണ് ഹെർബേർട്ട് എഡ്വേഡ്സ് വിശ്വസിച്ചിരുന്നത്.[2] അദ്ദേഹം എഴുതി:
“ | സാമ്രാജ്യങ്ങളുടെ ദായകൻ ദൈവമാണ്. ക്രിസ്തുമതത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അപ്പോസ്തലികരൂപത്തിൽ കാത്തുസൂക്ഷിക്കുന്നതിന് ഇംഗ്ലണ്ട് നടത്തിയ മഹത്തായ ശ്രമങ്ങൾ മൂലമാണ് ദൈവം ഈ സാമ്രാജ്യം ബ്രിട്ടന് നൽകിയത്.[2] | ” |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.