ഗണപതി
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ / From Wikipedia, the free encyclopedia
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി, മഹാഗണപതി അഥവാ വിഘ്നേശ്വരൻ (സംസ്കൃതം: गणपति; IAST gaṇapati; കേൾക്കൂⓘ). അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു. പ്രപഞ്ച സൃഷ്ടാവായ ഗണേശനെ മഹാഗണപതി എന്നറിയപ്പെടുന്നു. ഗണേശന്റെ പൂർണ്ണ രൂപമാണ് മഹാഗണപതി. പൊതുവേ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നത് മഹാഗണപതിയാണ്. ഗണേശ പുരാണത്തിൽ പരമാത്മാവ് അഥവാ ദൈവമായ മഹാഗണപതിയുടെ മാഹാത്മ്യ കഥകൾ കാണാം. ഹിന്ദു വിശ്വാസപ്രകാരം ഏതൊരു നല്ല കാര്യം തുടങ്ങുനതിനു മുൻപ് ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്. അതിനാൽ ആദ്യപൂജിതൻ, മംഗളമൂർത്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ കാണാം. കുട്ടിയെ എഴുത്തിനിരുത്തുമ്പോ ആദ്യം നാവിലും കൈകളിലും നിറയുന്ന ആദ്യ അക്ഷരം ഗണപതി സ്തുതിയാണ്. 'ഓം ഹരിശ്രീ ഗണപതായേ നമഃ'. മഹാരാഷ്ട്ര തുടങ്ങിയ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലാണ് ഗണേശ ആരാധന കൂടുതലായി കാണപ്പെടുന്നത്. ഹൈന്ദവരായ വ്യാപാരികളുടെയും ബിസിനസ് സമൂഹത്തിന്റെയും ഇടയിൽ ഗണേശ ആരാധന സാധാരണമാണ്. ബിസിനസ് സംരംഭങ്ങളുടെ ഉയർച്ചയ്ക്കും ഐശ്വര്യത്തിനുമായി വിശേഷ ദിവസങ്ങളിൽ അവർ ഗണേശ പൂജ നടത്തുന്നു. പരമശിവന്റേയും പാർവതിദേവിയുടേയും മകനായി ഗണപതി അവതരിച്ചു എന്ന് പുരാണത്തിൽ കാണാം. ബുദ്ധിയുടെയും സിദ്ധിയുടേയും സ്മൃതിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. 32 ഭാവങ്ങളിൽ മഹാഗണപതി സങ്കൽപ്പിക്കപ്പെടുന്നു. സിദ്ധിവിനായകൻ, ലക്ഷ്മി ഗണപതി, ക്ഷിപ്ര പ്രസാദ ഗണപതി തുടങ്ങിയവ അവയിൽ ചിലതാണ്.
ഗണപതി (Gaṇeśa) | |
---|---|
ദേവനാഗരി | गणेश |
Sanskrit Transliteration | gaṇeśa |
Affiliation | ഗണങ്ങളുടെ പതി |
ഗ്രഹം | ശുക്രൻ, കേതു |
മന്ത്രം | ഓം വിഘ്നേശ്വരായ നമഃ, ഓം ഗം ഗണപതയേ നമഃ |
ജീവിത പങ്കാളി | ബുദ്ധി സമൃതി സിദ്ധി |
Mount | മൂഷികൻ |
മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.
ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ പ്രധാന ദൈവമായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു. ശൈവ ശക്തേയ വിശ്വാസങ്ങളിലും ഗണപതിക്ക് പ്രാധാന്യമുണ്ട്. തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം. [1] ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.[2]